ലവ് ഫീൽഡ് (ഡാളസ്): സൗത്ത് വെസ്റ്റ് എയർലൈൻസ് ജീവനക്കാർ ശബള വർധനവും, ജോലിസ്ഥിരതവും ആവശ്യപ്പെട്ട് രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി ഡാളസ് ലവ് ഫീൽഡ് വിമാനത്താവളത്തിൽ പിക്കറ്റിങ് നടത്തി.

രാവിലെ തുടങ്ങിയ പിക്കറ്റിംഗിനെ തുടർന്ന് നിരവധി ഫ്‌ളൈറ്റുകൾ കാൻസൽ ചെയ്യുകയോ, നീട്ടിവെക്കുകയോ ചെയ്തത് വിമാനയാത്രക്കാരെ വലച്ചു. പ്ലാക്കാർഡുകൾ ഉയർത്തി ഏകദേശം 500 ഓഫ് ഡ്യൂട്ടി ഫ്‌ളൈറ്റ് അറ്റന്റർമാരും, ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയൻ അംഗങ്ങളുമാണ് പിക്കറ്റിംഗിൽ പങ്കെടുത്തത്.

ഡാളസ് ആസ്ഥാനവുമായി പ്രവർത്തിക്കുന്ന സൗത്ത് വെസ്റ്റ് എയർലൈൻസിൽ 18000 ഫ്‌ളൈറ്റ് അറ്റന്റർമാരെയാണ് യൂണിയൻ പ്രതിനിധാനം ചെയ്യുന്നത്. ജീവനക്കാരുടെ അഭാവംമൂലം 24 മണിക്കൂർ ജോലിയെടുക്കേണ്ടിവരുന്നുവെന്നും, വീടുകളിൽ കൃത്യ സമയങ്ങളിൽ എത്തിച്ചേരാൻ കഴിയുന്നില്ലെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു.

കോവിഡിനുശേഷം നൂറുകണക്കിന് ഫ്‌ളൈറ്റുകൾ സർവീസ് ആരംഭിച്ചതിനെ തുടർന്ന് ജീവനക്കാരുടെ ലഭ്യത കുറഞ്ഞുവെന്നും ജോലിഭാരം വർധിച്ചുവെന്നുതും അധികൃതർ പരിഗണിക്കുന്നില്ലെന്നും യൂണിയൻ നേതാക്കൾ പരാതിപ്പെട്ടു. ഫെഡറൽ മീഡിയേറ്റർമാരുടെ ഇടപെടൽ സമരം ഒത്തുതീർപ്പാക്കുന്നതിനാവശ്യമാണെന്നും യൂണിയൻ വക്താക്കൾ പറഞ്ഞു.