ഡാളസ് : രാവിലെ ഡ്യൂട്ടിക്ക് പുറപ്പെട്ട ഡാളസ് പൊലീസ് ഓഫീസർക്ക് മദ്യപിച്ചു വാഹനം ഓടിച്ച ഡ്രൈവറുടെ വാഹനമിടിച്ചു ദാരുണാന്ത്യം. ഒക്ടോബർ 11 രാത്രി 11.45നാണ് ഡാളസ് ഹൈവേയിലാണ് അപകടം ഉണ്ടായത്. ഓഫീസർ ജേക്കബ് അർലാനൊ സഞ്ചരിച്ചിരുന്ന എസ്.യു.വി.(SUV) യിൽ മ്ദ്യപിച്ചു തെറ്റായ ദിശയിൽ വാഹനം ഓടിച്ച് വരികയായിരുന്ന കാർ ഇടിച്ചു. നിയന്ത്രണം വിട്ട പൊലീസ് ഓഫീസറുടെ കാർ റോഡിൽ നിന്നും തെന്നി മാറി മറ്റൊരു പാതയിൽ വരികയായിരുന്ന ട്രെയ്ലർ ട്രാക്റ്ററിൽ ഇടിച്ചു. എസ്.യു.വി. നിരവധി തവണ കരണം മറിഞ്ഞു ഹൈവേ ഷോൾഡറിൽ ഇടിച്ചു നിൽക്കുകയായിരുന്നു.

ലോക്കൽ പൊലീസ് സംഭവസ്ഥലത്തെത്തി പൊലീസ് ഓഫീസറെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഗുരുതരമായി പരിക്കേറ്റ ഓഫീസർ ഒക്ടോബർ 12 ബുധനാഴ്ച മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

മദ്യപിച്ച ഡ്രൈവർക്കും ഗുതുര പരിക്കുണ്ട്. അയാളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രാക്ടർ ടെയ്ലറിലെ ഡ്രൈവർക്ക് അപകടമൊന്നും സംഭവിച്ചില്ല. മദ്യപിച്ചു വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറയുന്നു.

2019 ലാണ് ജേക്കബ് ഡാളസ് പൊലീസ് ഡിപ്പാർട്ട്മെന്റ് അംഗമാകുന്നത്. പ്രായമായ മാതാപിതാക്കളും ഗേൾ ഫ്രണ്ടും, ഒരു കുട്ടിയും അടങ്ങുന്നതാണ് കുടുംബം. ഏക സഹോദരൻ ഡാളസ് പൊലീസ് ഓഫീസറാണ്.

ഓഫീസറുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്നും, കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും ഡാളസ് പൊലീസ് ചീഫ് എഡ്ഡിഗാർ സിയ ട്വിറ്ററിൽ കുറിച്ചു.