വാഷിങ്ടൻ ഡി സി: നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയും ഗ്യാസിന്റെ വില വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ സോഷ്യൽ സെക്യൂരിറ്റിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ലക്ഷകണക്കിനാളുകൾക്ക് അൽപമെങ്കിലും ആശ്വാസം ലഭിക്കുന്നതിന് ഫെഡറൽ ഗവൺമെന്റ് നിലവിൽ നൽകി കൊണ്ടിരിക്കുന്ന സോഷ്യൽ സെക്യൂരിറ്റി തുകയുടെ 8.7 ശതമാനം വർധിപ്പിച്ചു. അടുത്ത വർഷം മുതൽ വർധിപ്പിച്ച തുക വിതരണം നടത്തുമെന്ന് സോഷ്യൽ സെക്യൂരിറ്റി അഡ്‌മിനിസ്ട്രേഷൻ വ്യക്തമാക്കി. 40 വർഷത്തിനുള്ളിൽ ആദ്യമായാണ് ഇത്രയും ശതമാനം വർധനവ് പ്രഖ്യാപിച്ചത്.

മെഡിക്കെയർ പാർട്ട് ബി പ്രീമിയത്തിൽ 3 ശതമാനം കുറവു വരുത്തുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രണ്ടു ആനുകൂല്യങ്ങളും ഒരേ സമയം ലഭിക്കുന്നതിനാൽ സാധാരണക്കാർക്ക് ഇതു വലിയ ആശ്വാസം നൽകും. സോഷ്യൽ സെക്യൂരിറ്റി അഡ്‌മിനിസ്ട്രേഷൻ ആക്റ്റിങ് കമ്മീഷണർ കിലൊലൊ കിജാക്സിയാണ് ഇതു സംബന്ധിച്ചു ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ വർഷവും സോഷ്യൽ സെക്യൂരിറ്റിയിൽ വർധനവ് നൽകിയിരുന്നുവെങ്കിലും മെഡിക്കെയർ പാർട്ട് ബി പ്രീമിയത്തിൽ വർധനവ് ഉണ്ടായതിനാൽ ഇതിന്റെ പ്രയോജനം ലഭിച്ചില്ല. ഇടക്കാല തിരഞ്ഞെടുപ്പിനു ഏതാനും ദിവസങ്ങൾ കൂടി ബാക്കിയുള്ളപ്പോൾ ഈ പ്രഖ്യാപനം ബൈഡൻ ഗവൺമെന്റിന് അനുകൂലമാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും