വാഷിങ്ടൻ ഡിസി: ഇടക്കാല തെരഞ്ഞെടുപ്പിൽ എങ്ങനെ നേട്ടമുണ്ടാക്കാമെന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ തന്ത്രങ്ങളുടെ ഭാഗമായി കുതിച്ചുയരുന്ന ഗ്യാസ് വിലയിൽ പൊറുതിമുട്ടി കഴിയുന്ന ജനങ്ങൾക്ക് ആശ്വാസം പകരാൻ നീക്കം. ഫെഡറൽ പെട്രോളിയം റിസർവിൽ നിന്നും ഡിസംബറിൽ 15 മില്യൺ ബാരൽ നൽകുമെന്ന് ബൈഡൻ അഡ്‌മിനിസ്ട്രേഷൻ ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

മാർച്ച് മാസം ഫെഡറൽ റിസർവിൽ നിന്നും 180 മില്യൺ ബാരൽ ഓയിലാണ് മാർക്കറ്റിലെത്തിച്ചത്. ഇതേസമയം, ഫെഡറൽ റിസർവിൽ ഉണ്ടായിരുന്ന 400 മില്യൻ ബാരൽ ഓയിലാണ്. പുറത്തുനിന്നും കൂടുതൽ ബാരൽ ഓയിൽ ഇറക്കുമതി ചെയ്യുന്നതിനും ബൈഡൻ ഭരണകൂടം നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

നവംബർ എട്ടിനു നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പു ഡമോക്രാറ്റിക് പാർട്ടിക്ക് ജീവൻ മരണ പോരാട്ടമാണ്. സെനറ്റിൽ ഭൂരിപക്ഷം ഇല്ലാത്ത പാർട്ടിക്ക് കൂടുതൽ നിയമനിർമ്മാണം നടത്തുന്നതിന് കൂടുതൽ സെനറ്റ് സീറ്റുകൾ പിടിച്ചെടുത്തേ മതിയാകൂ. ബൈഡന്റെ പ്രശസ്തി ദിനംതോറും കുറഞ്ഞുവരുന്നതു പാർട്ടിക്ക് തലവേദനയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളുന്നതിനും ഗർഭഛിദ്രത്തിനു അമേരിക്കയിൽ ഉടനീളം നിയമ പ്രാബല്യം നൽകുന്നതിനും ബൈഡൻ ഭരണം തീരുമാനമെടുത്തിട്ടുള്ളത് ഗുണം ചെയ്യുമെന്നാണ് ഭരണപക്ഷം പ്രതീക്ഷിക്കുന്നത്. പക്ഷേ, തെരഞ്ഞെടുപ്പു സർവേ ഫലങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിക്കു അനുകൂലമാണെന്നതാണ് ഡമോക്രാറ്റിക് പാർട്ടിക്ക് പേടിസ്വപ്നമായിരിക്കുന്നത്.