ന്യൂയോർക്ക് : കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ വിസമ്മതിച്ച ജീവനക്കാരെ പിരിച്ചുവിട്ട നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച കേസ് ന്യൂയോർക്ക് സുപ്രീംകോടതി ജീവനക്കാർക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചു. ഒക്ടോബർ 24 തിങ്കളാഴ്ചയായിരുന്നു ഈ സുപ്രധാന വിധി.

വാക്‌സിൻ സ്വീകരിക്കാത്തതിന് സിറ്റിയിൽ നിന്നും പിരിച്ചുവിടപ്പെട്ട എല്ലാ ജീവനക്കാരേയും തിരിച്ചെടുക്കുന്നതിനും, അവരുടെ ശമ്പളം മുൻകാല പ്രാബല്യത്തോടെ നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

2021 ഒക്ടോബറിൽ സിറ്റി ജീവനക്കാർ നിർബന്ധമായും കോവിഡ് വാക്‌സിൻ സ്വീകരിക്കണമെന്ന് സിറ്റി ഹെൽത്ത് കമ്മീഷ്ണർ ഡേവിഡ് ചോക്ക്ഷി സർകുലർ ഇറക്കിയിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ ജീവക്കാർക്കും ഈ ഉത്തരവ് ബാധമാക്കി മേയർ എറിക് അഡാസ് എക്‌സിക്യൂട്ടീവ് ഉത്തരവിറക്കിയിരുന്നു.

ന്യൂയോർക്ക് സുപ്രീം കോടതി ഈ ഉത്തരവിനെ നിശിതമായി വിമർശിച്ചു. ഹെൽത്ത് കമ്മീഷ്ണറുടെ ഉത്തരവ് ന്യൂയോർക്ക് സ്റ്റേറ്റ് ഭരണഘടനാ ലംഘനമാണെന്ന് സുപ്രീം കോടതി ചൂണ്ടികാട്ടി. ജീവനക്കാരെ ജോലിയിൽ പ്രവേശിപ്പക്കാതിരിക്കുന്നതിനുള്ള അധികാരം ഹൈകമ്മീഷ്ണർക്കില്ലെന്നും കോടതി പറഞ്ഞു.

സിറ്റി ഉത്തരവിനെതിരെ നിയമവകുപ്പിന് അപ്പീൽ നൽകിയിട്ടുണ്ട്. പൊതുജനാരോഗ്യത്തെ ബാധിക്കാതിരിക്കുന്നതിനാണ് കോവിഡ് വാക്‌സിൻ നിർബന്ധമാക്കിയതെന്നാണ് സിറ്റി വാദിക്കുന്നത്.