വാഷിങ്ടൺ ഡി.സി: യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ ഭർത്താവിനു നേരേ നടന്ന അതിക്രൂരമായ ആക്രമണത്തെ അപലപിച്ച് റിപ്പബ്ലിക്കൻ നേതാക്കൾ.

മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, സെനറ്റ് മൈനോരിറ്റി ലീഡർ മിച്ച് മെക്കോണൽ എന്നിവർ സംഭവത്തെ അപലപിക്കുകയും, എത്രയും വേഗം പോൾ പെലോസി സൗഖ്യം പ്രാപിക്കട്ടെ എന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നതായി ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഈ സംഭവത്തിൽ ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈ രാജ്യത്ത് ഒരുവിധ അക്രമവും വച്ചുപൊറുപ്പിക്കില്ലെന്നു ന്യൂനപക്ഷ വിപ്പ് സ്റ്റീവ് സ്‌കെലയ്സ് (റിപ്പബ്ലിക്കൻ) ട്വിറ്ററിൽ കുറിച്ചു. ന്യൂയോർക്കിൽ നിന്നുള്ള പ്രതിനിധി എൽസി സ്റ്റഫനിക്കും സംഭവത്തിൽ അപലപിച്ചു.

ഇടക്കാല തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നടന്ന ഈ അക്രമത്തിന് ഡമോക്രാറ്റിക് പാർട്ടി നേതാക്കൾ റിപ്പബ്ലിക്കൻ പാർട്ടിക്കുനേരേ വിരൽചൂണ്ടുന്നു. രാജ്യത്ത് അക്രമം അഴിച്ചുവിടുന്നതിന്റെ തുടർച്ചയാണ് ഇതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ വീടിനുപോലും ബൈഡൻ ഭരണത്തിൽ സുരക്ഷിതത്വം ലഭിക്കുന്നില്ലെന്ന് റിപ്പബ്ലിക്കൻ പാർട്ടി കുറ്റപ്പെടുത്തുന്നു.

82 വയസുള്ള പോൾ പെലോസിയുടെ തലയിലേറ്റ ചുറ്റികകൊണ്ടുള്ള അടി മാരകമാണ്. ആശുപത്രയിൽ അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നു. ഭാഗ്യംകൊണ്ടാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്. 45 വയസുള്ള പ്രതിയുമായി നടന്ന മൽപ്പിടുത്തത്തിൽ ശരീര ഭാഗങ്ങളിലും കാര്യമായി മുറിവേറ്റിരുന്നു.