ബ്രോൺസ് (ന്യുയോർക്ക്) : ഞായറാഴ്ച ബ്രോൺസ് ക്വിന്മ്പി അവന്യുവിലുള്ള വീടിന് തീപിടിച്ചതിനെ തുടർന്ന് മൂന്നു കുട്ടികളും 22 കാരനും കൊല്ലപ്പെട്ടതായി ഒക്ടോബർ 31ന് നടത്തിയ വാർത്താ സമ്മേളനത്തിൽ അധികൃതർ അറിയിച്ചു. യമനിൽ നിന്ന് കുടിയേറിയവരാണ് ഈ കുടുംബാംഗങ്ങൾ. ബ്രോൻസ് ക്വിന്മ്പിയിൽ ഉള്ള വീട്ടിൽ നിന്ന് ഞായറാഴ്ച രാവിലെയാണ് പുകയുയരുന്ന വിവരം നാട്ടുകാർ പൊലീസിനെ അറിയിച്ചത്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചതിനു ശേഷം നടത്തിയ പരിശോധനയിലാണ് രണ്ടുപേരുടെ മൃതദേഹങ്ങളും ഗുരുതരമായി പൊള്ളലേറ്റ മറ്റുള്ളവരെയും കണ്ടെത്തിയത്.

10 വയസ്സുള്ള ഖാലിദ് ഖലീദും, 12 വയസ്സുള്ള മുഹമ്മദ് ഖാലിദും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. ഇവരുടെ സഹോദരൻ 22 വയസ്സുള്ള മുഹമ്മദ് സാലയും അഹമ്മദിന്റെ മകൾ 10 മാസം ഉള്ള ബറ സാലയും ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി. കുട്ടിയുടെ മാതാവിനെയും (21) , നാൽപ്പത്തിയൊന്ന് വയസുള്ള മറ്റൊരാളെയും അഗ്നിശമനസേനാംഗങ്ങൾ രക്ഷപ്പെടുത്തി. മറ്റൊരു 21 വയസ്സുകാരനും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന് തീ ആളി പിടിച്ചതോടെ പുറത്തുകടക്കാൻ കഴിയാത്ത കുട്ടികൾ ജനലിനരികിൽ വന്നു നിലവിളിച്ചുവെങ്കിലും സമീപവാസികൾക്ക് അവിടേക്ക് അടുക്കുവാൻ കഴിഞ്ഞില്ല. ഇവർ താമസിച്ചിരുന്ന ഇരുനില കെട്ടിടം പൂർണമായും അഗ്നിയിൽ തകർന്നുപോയി.

തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. ജനുവരി മാസം ബ്രോൺസിലെ അപ്പാർട്ട്മെന്റിനു തീപിടിച്ചു 17 പേരാണ് കൊല്ലപ്പെട്ടത്.