വാഷിങ്ടൻ ഡി സി : ഗുജറാത്ത് മോർബിൽ പാലം തകർന്നു വീണു 141 പേർ മരിച്ച സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി യുഎസ് പ്രസിഡന്റ് ജൊ ബൈഡൻ. ഇന്നു ഞങ്ങളുടെ ഹൃദയം നിങ്ങളോടൊപ്പമാണ് . ഞാനും പ്രഥമ വനിത ജിൽ ബൈഡനും അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. നവംബർ 1ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യയും അമേരിക്കയും വിഭജിക്കാനാവാത്ത വിധം വലിയ സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. ഇരുരാജ്യങ്ങളുടെ പൗരന്മാരും പരസ്പരം ബാധ്യതയുള്ളവരാണ്. പ്രയാസഘട്ടത്തിൽ പരസ്പരം ആശ്വസിപ്പിക്കുന്നതിനും സഹായിക്കുന്നതിനും തയാറാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

ബ്രിട്ടീഷ് ഭരണകാലത്തു പണിതുയർത്തിയ മച്ചുച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലത്തിന്റെ അറ്റകുറ്റ പണികൾ പൂർത്തീകരിച്ച് ഒരാഴ്ച മുൻപാണു പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. ഒക്ടോബർ 31നു രാജ്യത്തെ നടുക്കി തൂക്കു പാലം തകർന്നു വീഴുകയായിരുന്നു.

141 പേർക്കാണ് ഈ ദുരന്തത്തിൽ ജീവൻ നഷ്ടമായത്. 170 ൽ പരം ജനങ്ങളെ രക്ഷപ്പെടുത്തുകയും ചെയ്തു.ലോക രാഷ്ട്ര തലവന്മാർ, റഷ്യൻ പ്രസിഡന്റ്, ചൈന പ്രസിഡന്റ് എന്നിവർ ഇന്ത്യൻ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും അനുശോചന സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.