ന്യൂയോർക്ക്: അമേരിക്കയിൽ നിന്നും വേൾഡ് കപ്പ് റിപ്പോർട്ട് ചെയ്യുന്നതിന് ഖത്തറിൽ എത്തിയ പ്രമുഖ സോക്കർ മാധ്യമ പ്രവർത്തകൻ ഗ്രാന്റ് ഖഹൽ (48) ഹൃദ്രോഗത്തെ തുടർന്ന് ഡിസംബർ 9 വെള്ളിയാഴ്ച ഖത്തറിൽ അന്തരിച്ചു.

കളി റിപ്പോർട്ട് ചെയ്യുന്നതിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് സഹോദരൻ എറിക് പറഞ്ഞു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെയൽസ്-യു.എസ്.എ. മത്സരത്തിനിടെ എൽ.ജി.ബി.ററി.ക്യൂവിനെ പിന്തുണച്ചു റെയ്ൻബൊ ഷർട്ട് ധരിച്ചെത്തിയ ഗ്രാന്റിനെ ഡിറ്റെയ്ൻ ചെയ്തിരുന്നതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. ഖത്തറിൽ സ്വവർഗ ബന്ധങ്ങൾ നിയമ വിരുദ്ധമാണ്.

അർജന്റീനയും, നെതർലാന്റും തമ്മിൽ നടന്ന വേൾഡ് കപ്പ് ക്വാർട്ടർ ഫൈനൽ ഗ്രാന്റ് ലൈവായി റിപ്പോർട്ട് ചെയ്തിരുന്നു. കളിയെ കുറിച്ചു ട്വീറ്റ് ചെയ്തതിന് അഞ്ച് മണിക്കൂറിന് ശേഷമാണ് മരണം സംഭവിച്ചത്. ഗ്രാന്റിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ചു സഹോദരൻ എറിക് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിൽ തന്റെ സഹോദരന്റെ മരണം കൊലപാതകമാണെന്ന് എഴുതിയിരുന്നു.

സ്‌പോർട് ഇല്ലസ്‌ട്രേറ്റിൽ കഴിഞ്ഞ 20 വർഷമായി സ്പോർട്സ് ലേഖകനായിരുന്നു ഗ്രാന്റിന്റെ ആകസ്മിക മരണം യു.എസ്. സോക്കർ കുടുംബത്തിന് തീരാനഷ്ടമാണെന്ന് ഗ്രാന്റ് ഫാൻസ് അസ്സോസിയേഷൻ അഭിപ്രായപ്പെട്ടു. ഗ്രാന്റിന്റെ മരണകാരണം ഔദ്യോഗീകമായി സ്ഥീരീകരിച്ചിട്ടില്ല.