മിസ്സിസിപ്പി : പതിനാറുകാരിയെ പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ മിസ്സിസിപ്പി പാർച്ച്മാൻ സ്റ്റേറ്റ് പ്രിസണിൽ നടപ്പാക്കി. പത്തു വർഷത്തിനുള്ളിൽ സംസ്ഥാനത്തു നടപ്പാക്കുന്ന 2ാ മത്തെ വധശിക്ഷയാണിത്.തോമസ് എഡ്വിൻ ലോഡൻ (58). 2000ൽ ആണു കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2001 മുതൽ വധശിക്ഷക്കു വിധിക്കപ്പെട്ടു ജയിലിൽ കഴിയുകയായിരുന്നു തോമസ് .

സംഭവത്തെ കുറിച്ചു പൊലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ.. 2000 ജൂൺ 22 ന് കടയിൽ നിന്നു ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന 16 കാരിയായ ലീസാ മേരി ഗ്രോയുടെ വണ്ടിയുടെ ടയർ വഴിയിൽ വച്ചു പഞ്ചറായി. അതേ സമയം ആ വഴിവന്ന തോമസ് എഡ്വിൻ ടയർ മാറ്റുന്നതിന് സഹായിക്കാമെന്ന് പറഞ്ഞു പെൺകുട്ടിയെ തന്റെ സ്വന്തം വാനിലേക്ക് മാറ്റി. വാനിൽ കയറിയ കുട്ടിയെ ഇയാൾ പീഡിപ്പിച്ചു കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു.

കൊലപാതകത്തിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി വധശിക്ഷ വിധിച്ചു. സുപ്രീം കോടതിയും ഇയളുടെ അപേക്ഷ തള്ളിയതോടെയാണു കഴിഞ്ഞദിവസം വധശിക്ഷ നടപ്പാക്കുകയായിരുന്നു. വൈകിട്ട് ആറു മണിക്കു വിഷമിശ്രിതം സിരകളിലേക്ക് പ്രവേശിപ്പിച്ചു. 6.12 ന് മരണം സ്ഥിരീകരിച്ചു.

വൈകിട്ട് 4 മണിക്ക് അന്ത്യ അത്താഴത്തിൽ ഇയാൾ ആവശ്യപ്പെട്ടത് രണ്ടു ഫ്രൈഡ് പോർക്ക് ചോപ്സ്, ഫ്രൈഡ് ഒക്ര, സ്വീറ്റ് പൊട്ടറ്റൊ, പിൽസുമ്പറി ഗ്രാന്റ്സ് ബിസ്‌കറ്റ്, പീച്ച് കോബ്ളർ, ഫ്രഞ്ചു വനില ഐസ്‌ക്രീം എന്നിവയായിരുന്നു. വയറു നിറച്ചാണ് ഇയാൾ മരണശിക്ഷ ഏറ്റുവാങ്ങിയതെന്നു കമ്മിഷണർ നാഥൽ കെയ്ൻ പറഞ്ഞു.