എൽപാസൊ(ടെക്സസ്): സതേൺ ബോർഡറിലൂടെയുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രവാഹം നിയന്ത്രണാതീതമായതിനെ തുടർന്ന് ടെക്സസ് ബോർഡറിലുള്ള എൽപാസൊ സിറ്റി മേയർ ഓസ്‌ക്കർ ലീഡർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഡിസംബർ 17 ശനിയാഴ്ച പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ അനധികൃതമായി കുടിയേറിയവരെ പുറത്താക്കുന്നതുവരെ(ഡിസംബർ 21) പ്രാബല്യത്തിലുണ്ടാകുമെന്ന് മേയർ പറഞ്ഞു.

എൽപാസോയിലെ കമ്മ്യൂണിറ്റിക്ക് താങ്ങാവുന്നതിലധികമാണ് കുടിയേറ്റക്കാരുടെ സംഖ്യയെന്നും മേയർ പറഞ്ഞു. വിന്റർ ശക്തിപ്പെടുകയും, താപനില താഴുകയും ചെയ്തതോടെ ഡൗൺടൗൺ സ്ട്രീറ്റുകളിൽ അവയുടെ കുടിയേറ്റക്കാരെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ സിറ്റിയുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ട്. ഏകദേശം 6000ത്തിലധികം കുടിയേറ്റക്കാരാണ് ഓരോ ദിവസവും വിവിധ രഹസ്യ മാർഗങ്ങളിലൂടെ സിറ്റിയുടെ അതിർത്തി പ്രദേശങ്ങളിൽ എത്തുന്നതെന്നും മേയർ പറഞ്ഞു.

അതേസമയം എൽപാസോയിൽ നിന്നും അനധികൃത കുടിയേറ്റക്കാരെ ഡാളസ് ഡൗൺടൗണിലേക്ക് ട്രാൻസ്പോർട്ട് ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങളും അനുവദിച്ചിട്ടുണ്ടെന്നും മേയർ കൂട്ടിചേർത്തു. അതിർത്തി കടന്നെത്തുന്ന അഭയാർത്ഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിൽ നിന്നും ബൈഡൻ ഭരണകൂടം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ടെക്സസ് ഗവർണ്ണർ ബൈഡൻ ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുകയും, ടെക്സസ് അതിർത്തിയിൽ എത്തുന്നവരെ വാഷിങ്ടൺ, ന്യൂയോർക്ക് തുടങ്ങിയ സ്ഥലങ്ങളിലേക്ക് അയയ്ക്കുകയും ചെയ്യുന്നുണ്ട്.