ബോസ്റ്റൺ: ഇലോൺ മസ്‌ക് ട്വിറ്റർ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സ്ഥാനത്തു നിന്നും ഒഴിയാൻ താത്പര്യം പ്രകടിപ്പിക്കുന്നതിനിടയിൽ സിഇഒ സ്ഥാനം ഏൽക്കുന്നതിന് തയാറായി ഇന്ത്യൻ അമേരിക്കൻ വി. എ. ശിവ അയ്യാദുരൈ. പതിനാലാം വയസ്സിൽ ഇമെയ്ൽ കണ്ടുപിടിച്ച അയ്യാദുരൈ (59) മുംബൈയിലാണ് ജനിച്ചത്.

മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും വിവധ വിഷയങ്ങളിൽ ബിരുദം കരസ്ഥമാക്കിയ ശിവ ബയോളജിക്കൽ എൻജിനീയറിങ്ങിൽ പിഎച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ട്. ഇലോൺ മസ്‌ക്കിന് അയച്ച സന്ദേശത്തിൽ സിഇഒ സ്ഥാനത്തേക്കുള്ള തന്റെ അപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

മാസച്യുസെറ്റ്സിൽ നിന്നും 2018 ൽ യുഎസ് സെനറ്റിലേക്ക് സ്വതന്ത്രനായി മത്സരിച്ച അയ്യാദെൈുര 3.9% വോട്ടുകൾ നേടിയിരുന്നു. 2020ൽ റിപ്പബ്ലിക്കൻ പ്രൈമറിയിൽ മത്സരിച്ചുവെങ്കിലും കെവിൻ ഒ. കോന്നറോടു പരാജയപ്പെടുകയായിരുന്നു. മസ്‌ക് പരിചയ സമ്പന്നനായ സിഇഒയെ തിരയുമ്പോൾ ശിവ അയ്യാദുരൈക്ക് നറുക്ക്വീഴുമോ എന്ന് കാത്തിരുന്നു കണാം.