സൗത്ത് ഡക്കോട്ട: 58 വയസുള്ള സ്റ്റീവ് ഹോക്കിൻസും, 52 വയസുള്ള ഭാര്യ വെൻങ്ങി ഹോ്ക്കിൻസും കാൻസർ രോഗത്തെ തുടർന്ന് ഒരേ ദിവസം മരണത്തിന് കീഴടങ്ങിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. ഒരേ ആശുപത്രിയിലാണ് ഇരുവരുടെയും അന്ത്യം സംഭവിച്ചത്. യാങ്ക്ടൺ കൗണ്ടി എമർജൻസി മെഡിക്കൽ സർവീസ് അഡ്‌മിനിസ്ട്രേറ്ററായിരുന്നു സ്റ്റീവ്. ഭാര്യ വെൻഡി ജോലി ഒന്നും ചെയ്തിരുന്നില്ല.

അഞ്ചു വർഷമായി സ്റ്റീവ് കാൻസർ രോഗത്തോട് പടപൊരുതി ജീവിക്കുന്നുവെങ്കിലും, ഭാര്യക്ക് ഈയിടെയാണ് കാൻസർ രോഗം കണ്ടുപിടിച്ചത്.

ഇരുവരും ഒരേ ദിവസം 10 മണിക്കൂർ വ്യത്യാസത്തിലാണ് മരണത്തിന് കീഴടങ്ങിയിരുന്നതെന്ന് ഡിസംബർ 28ന് ആരംഭിച്ച ഗോ ഫണ്ട് മീയിൽ പറയുന്നു. സംസ്‌കാര ചടങ്ങുകൾക്കായി പണം കണ്ടെത്തുന്നതിനാണ് ഫണ്ട് ശേഖരണം ആരംഭിച്ചിരിക്കുന്നത്. ഇരുപതിനോടടുത്ത് പ്രായമുള്ള മൂന്നു മക്കളാണ് ഇരുവർക്കും ഉള്ളത്. ക്രിസ്മസിന് രണ്ടു ദിവസം മുമ്പ് മാതാപിതാക്കളെ നഷ്ടപ്പെട്ടതിൽ മക്കൾ അതീവ ദുഃഖിതരാണ്. തങ്ങളെ കുറിച്ചു വലിയ കരുതലുള്ള മാതാപിതാക്കളായിരുന്നുവെന്ന് ദുഃഖത്തോടെ മക്കൾ പറഞ്ഞു.

ആത്മാർത്ഥ സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമായിരുന്ന സ്റ്റീവും വെൻഡിയുമെന്ന് സ്റ്റീവിന്റെ സഹോദരി കാത്തി ഫേസ്‌ബുക്കിൽ കുറിച്ചു.