റിവർസൈഡ്(കാലിഫോർണിയ): വാഹന പരിശോധനയ്ക്കായി തടഞ്ഞു നിർത്തിയ കാറിലെ ഡ്രൈവർ അപ്രതീക്ഷിതമായി നടത്തിയ വെടിവെപ്പിൽ റിവർസൈഡ് 'കൗണ്ടി ഷെറിഫ്' ഡെപ്യൂട്ടി ഐഗയാ കോർഡറൊ(32) കൊലപ്പെട്ടു. സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെന്ന് സംശയിക്കുന്ന വില്യം ഷെമെക്കെ(44) പൊലീസുമായുണ്ടായ ഷൂട്ടൗട്ടിൽ കൊല്ലപ്പെട്ടു.

ഡിസംബർ 29 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45ന് ജുറുഫ ഖാലിയിൽ വച്ചായിരുന്നു സംഭവം. വെടിയേറ്റ ഡപ്യൂട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2014 ൽ ആണ് ഐശയ സർവീസിൽ പ്രവേശിച്ചത്. 2018 ഡെപ്യൂട്ടി ഷെറിഫായി ഉദ്യോഗ കയറ്റം ലഭിച്ചതിനുശേഷം 2020ലാണ് ജുറൂഫാ സ്റ്റേഷനിലേക്ക് മാറിയത്.

ഡപ്യൂട്ടിയെ വെടിവെച്ച ശേഷം രക്ഷപ്പെട്ട വില്യം ഷെയെ നീണ്ട കാർ ചെയ്സിനുശേഷം 1-15ൽ വച്ചാണ് തടഞ്ഞു നിർത്താനായത്. ഇതിനിടെ പരസ്പരം വെടിയുതിർത്തിരുന്നു. നാൽപതോളം വാഹനമാണ് പ്രതിയെ പിടികൂടാനായി പുറകിൽ ഉണ്ടായിരുന്നത്. നിരവധി കേസ്സുകളിൽ പ്രതിയാണ് വില്യം ഷെ. തട്ടിക്കൊണ്ടു പോകൽ, കുത്തി പരിക്കേൽപ്പിക്കൽ, കവർച്ച തുടങ്ങിയ കേസ്സുകളിൽ 2000 മുതൽ ഇയാൾക്കെതിരെ കേസ്സുകൾ നിലവിലുണ്ട്.

വെടിയേറ്റു മരിച്ച സഹപ്രവർത്തകന്റെ മൃതദ്ദേഹം ആശുപത്രിയിൽ നിന്നും നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥകരുടെ സാന്നിധ്യത്തിൽ പ്രൊസഷനായാണ് പെരിസ്സിലുള്ള കൊറോണർ ഓഫീസിൽ എത്തിച്ചത്. മറ്റുള്ളവരെ സഹായിക്കുന്നതിൽ എന്നും മുൻപന്തിയിലുണ്ടായിരുന്ന ഐശയായെ ലിറ്റിൽ ബ്രദർ എന്നാണ് അറിയപ്പെട്ടിരുന്നത്.