ന്യൂയോർക്ക് : വിന്റർ സീസൺ അതിരൂക്ഷമായതോടെ അമേരിക്കയിൽ കോവിഡ് കേസ്സുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സ്‌ക്കൂളുകളിൽ മാസ്‌ക് നിർബന്ധമാക്കുന്നു.

വിന്റർ ബ്രേക്കിനു മുമ്പു തന്നെ ന്യൂജേഴ്സി, പെൻസിൽവാനിയ വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വർദ്ധിച്ചു വന്നതോടെ മാസ്‌ക് നിർബന്ധമാക്കി അധികൃതർ ഉത്തരവിറക്കിയിരുന്നു. മാസച്യുസെറ്റ്സും, മിഷിഗണു, ഷിക്കാഗോയും ഇതോ മാതൃക പിന്തുടരുന്നു. ഷിക്കാഗോയിലെ വിദ്യാർത്ഥികൾ റാപ്പിഡ് കോവിഡ് ടെസ്റ്റുകൾ നടത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.

സ്‌ക്കൂളിൽ പ്രവേശിക്കുന്നതിന് മുമ്പുതന്നെ ടെസ്റ്റ് നടത്തിയിരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ബോസ്റ്റൺ ചെൽസിയ പബ്ലിക്ക് സ്‌ക്കൂളുകളും സഫ്ലോക്ക് കൗണ്ടി ഹൈറിസ്‌ക്ക് കോവിഡ് സാഹചര്യം പ്രഖ്യാപിച്ചതിനാൽ മാസ്‌ക് വേണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ജനുവരി 9 മുതലാണ് മാസ്‌ക്ക് നിർബന്ധമാക്കുന്നതെന്ന് സൂപ്രണ്ട് ഡോ. അൽമിജി എബിറ്റ് പറഞ്ഞു. മിഷിഗൺ സ്‌ക്കൂളുകൾ ജനുവരി 9 മുതൽ രണ്ടാഴ്ചത്തേക്കാണ് മാസ്‌ക്ക് നിർബന്ധമാക്കിയിരിക്കുന്നത്.

സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തുവിട്ട ഡാറ്റായനുസരിച്ചു യു.എസ്സിൽ കോവിഡ് കേസ്സുകൾ വർദ്ധിക്കുന്നുണ്ടെങ്കിലും, ആർ.എസ്.വി. ഇൻഫ്ലൂവൻസ കേസ്സുകൾ കുറഞ്ഞു വരുന്നതായാണ് ചൂണ്ടികാണിച്ചിരിക്കുന്നത്. നവംബർ മുപ്പതു മുതൽ ഡിസംബർ 4 വരെ കോവിഡ് കേസ്സുകൾ 309253 ൽ നിന്നും 470699 കേസ്സുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് സി.ഡി.സി. വ്യക്തമാക്കി.