കാലിഫോർണിയ: കാലിഫോർണിയയിലെ മോൺറ്ററി പാർക്കിൽ പത്തുപേരുടെ മരണത്തിനും, നിരവധി പേർക്ക് പരിക്കേൽക്കുന്നതിനും ഇടയായ വെടിവയ്പിന് ഉത്തരവാദിയെന്നു സംശയിക്കുന്ന ആൾ സ്വന്തം വാനിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതായി കാലിഫോർണിയ പൊലീസ് ഞായറാഴ്ച വൈകിട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇയാൾ ഏഷ്യൻ വംശജനാണെന്നും പൊലീസ് പറഞ്ഞു.

ടൊറൻസിയിൽ വച്ചായിരുന്നു പൊലീസ് വാഹനങ്ങൾ ഇയാൾ സഞ്ചരിച്ചിരുന്ന വെള്ള വാനിനെ വളഞ്ഞത്. പാസഞ്ചർ വശത്തുള്ള ജനൽ തകർത്ത് അകത്ത് കയറി നോക്കിയപ്പോൾ ഡ്രൈവർ സീറ്റിൽ സ്റ്റിയറിംഗിൽ തലവെച്ച് മരിച്ചു കിടക്കുന്ന പ്രതിയെ ആണ് കണ്ടത്.

ഇയാളെ കണ്ടെത്തുന്നതിനുള്ള ചിത്രങ്ങൾ ഞായറാഴ്ച പൊലീസ് പരസ്യപ്പെടുത്തിയിരുന്നു. പൊലീസ് വാനിനെ വളഞ്ഞപ്പോൾ വെടിയൊച്ച കേട്ടതായി അധികൃതർ അറിയിച്ചു. സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയതാവാമെന്നാണ് നിഗമനം.

മോണ്ടററി പാർക്കിലെ ഡാൻഡ് ക്ലാസിൽ ശനിയാഴ്ച നടത്തിയ വെടിവയ്പിൽ 10 പേർ കൊല്ലപ്പെടുകയും, 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ചൈനീസ് വംശജർ താമസിക്കുന്ന ഈ പ്രദേശത്തുള്ളവർ ലൂനാർ ന്യൂഇയർ ഫെസ്റ്റിവൽ ആഘോഷത്തിനിടെയാണ് വെടിവയ്പ് നടന്നത്. വെടിവയ്ക്കാൻ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ലെങ്കിലും വംശീയത തള്ളിക്കളയാനാവില്ലെന്നും, സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.