ന്യൂയോർക്ക്: ബഫലോയിലെ സൂപ്പർമാർക്കറ്റിൽ പത്ത് ആഫ്രോ അമേരിക്കൻ വംശജരെ വെടിവച്ചുകൊന്ന കേസിൽ വെള്ളക്കാരനായ പ്രതിക്കു പരോളില്ലാതെ ജീവപര്യന്തം ശിക്ഷ വിധിച്ചു.19 വയസുകാരനായ പെയ്ടൺ ജെൻഡ്രൊനാണ് ബുധനാഴ്ച കോടതി വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം ശിക്ഷ വിധിച്ചത്.2022 മേയിൽ ബഫലോയിലുള്ള ടോപ്‌സ് ഫ്രണ്ട്ലി സൂപ്പർമാർക്കറ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൻസിൽവേനിയ സംസ്ഥാന അതിർത്തിയോടു ചേർന്നുള്ള കോൺക്ലിനിൽ താമസിക്കുന്ന ജെൻഡ്രൊൻ അവിടെ നിന്നു 320 കിലോമീറ്റർ ദൂരം വാഹനമോടിച്ചെത്തിയായിരുന്നു ബഫലോയിൽ വെടിവയ്‌പ്പ് നടത്തിയത്.

വെടിയുണ്ടയേൽക്കാതിരിക്കാനുള്ള കവചവുമണിഞ്ഞ് പട്ടാള വേഷത്തിലെത്തിയ ജെൻഡ്രൊൻ ഹെൽമറ്റിൽ ഘടിപ്പിച്ച ക്യാമറ വഴി ആക്രമണം സമൂഹമാധ്യമത്തിൽ ലൈവ് സ്ട്രീം ചെയ്യുന്നുമുണ്ടായിരുന്നു.രണ്ടു മിനിറ്റ് ആയപ്പോഴേയ്ക്കും പ്ലാറ്റ്‌ഫോമായ 'ട്വിച്ച്' ഇടപെട്ടു സ്ട്രീമിങ് നിർത്തി.ജെൻഡ്രൊന്റെ വെടിയേറ്റ 13 പേരിൽ രണ്ടു പേരൊഴിച്ച് ബാക്കിയെല്ലാം ആഫ്രോ അമേരിക്കൻ വംശജരായിരുന്നു