വാഷിങ്ടൺ: ഫോക്സ് ന്യൂസ് സർവേയിൽ ട്രംപും ഡിസാന്റിസും മുന്നിൽ നിൽക്കുന്നു റിപ്പബ്ലിക്കൻ അഭിപ്രായ സർവേയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനാണു മുൻതൂക്കം. മുഖ്യ എതിരാളിയാവാൻ സാധ്യത കൽപ്പിക്കുന്ന ഫ്ളോറിഡ ഗവർണർ റോൺ ഡിസാന്റിസിനേക്കാൾ 15 ശതമാനം അധികം പിന്തുണയാണ് ട്രംപിന് ലഭിച്ചത്.

നവംബറിൽ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ട്രംപിന് 43 ശതമാനം റിപ്പബ്ലിക്കൻ വോട്ടർമാരുടെ പിന്തുണയാണ് ലഭിച്ചതെന്ന് ഫോക്സ് പറയുന്നു. തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിസാന്റിസാണ് രണ്ടാം സ്ഥാനത്ത്, 28 ശതമാനം പിന്തുണ. അടുത്തിടെ പുറത്തു വന്ന സർവേകളെല്ലാം ഡിസാന്റിസിന് ട്രംപിനു മേൽ ലീഡ് പ്രവചിച്ചിരുന്നു. മുൻ പ്രസിഡന്റിന് ആശ്വാസം പകരുന്ന സർവേയാണ് ഈ വാരം പുറത്തിറങ്ങിയിരിക്കുന്നത്.

മൽസരിക്കാൻ സാധ്യതയുള്ള 15 റിപ്പബ്ലിക്കൻ നേതാക്കളുടെ പേരുകളാണ് ഫോക്സ് മുന്നോട്ടു വെച്ചത്. ഈ മാസം ആദ്യ പ്രചാരണം ആരംഭിച്ച യുഎന്നിലെ മുൻ യുഎസ് അംബാസഡർ നിക്കി ഹേലിക്ക് 7 ശതമാനം വോട്ടർമാരുടെ മാത്രം പിന്തുണയാണ് ലഭിച്ചത്. മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനും 7 ശതമാനം പിന്തുണ കിട്ടി. മൽസരിക്കുന്നുണ്ടോയെന്ന് പെൻസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ടെക്സാസ് ഗവർണർ ഗ്രെഗ് അബട്ടിന് രണ്ട് ശതമാനം മാത്രം പിന്തുണയാണ് കിട്ടിയത്.