ല്ലാവരും അംഗീകരിക്കുന്ന യാഥാർത്ഥ്യമാണ് മരണം. അതിനെ അഭിമുഖീകരിക്കുക യെന്നല്ലാതെ ഒഴിഞ്ഞു മാറുകയെന്നത് മനുഷ്യരാൽ അസാധ്യം.ധനവാനും ദരിദ്രനും, പണ്ഡിതനും പാമരനും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പരിലസിക്കുന്ന നാമെല്ലാവരും ഇന്നല്ലെങ്കിൽ നാളെ ശ്മശാന ഭൂമിയിൽ ആറടി മണ്ണിൽ താത്കാലിക നിദ്രയിൽ ലയിക്കേണ്ടവരാണ്.

തൃശൂർ റൗണ്ടിൽ നിന്നും രണ്ടു മൈൽ ,ജൂബിലി മിഷൻ ആശുപത്രിയും , മാർ അപ്രേം പള്ളിയും പിന്നിട്ടു കിഴക്കോട്ടു പോകുമ്പോൾ ചെന്നെത്തുന്നത് പ്രകൃതി രമണീയമായ നെല്ലിക്കുന്ന്പ്ര ദേശതാണു. ഇവിടെയായിരുന്നു മൂന്ന് പതീറ്റാണ്ടു മുൻപ് അമേരിക്കയിലേക്ക് കടന്നു വരുന്നതിനുമുമ്പ് ഞാൻ ജനിച്ചു വളർന്ന വീട്.ഈ വീടിനു പുറകിൽ ചുടല എന്നൊരു ശ്മശാനഭൂമി ഉണ്ടായിരുന്നു. സമീപപ്രദേശങ്ങളിൽ മരിച്ച അനാഥരെയും . ചില പ്രത്യേക മതവിഭാഗങ്ങളിലെ മരിച്ചവരെയും അടക്കം ചെയ്തിരുന്ന സ്ഥലമാണ് ചുടല. വീടിനു പുറകിൽ നീണ്ടുകിടക്കുന്ന പറമ്പിനു അതിർത്തി തിരിച്ചിരിക്കുന്ന മുള്ളു വേലിക്കു ചുറ്റും വളർന്നു പന്തലിച്ചു നിൽക്കുന്ന മുളങ്കാടിനു സമീപം നിന്ന് ചുടലയിൽ നടക്കുന്ന ഓരോ സംസ്‌കാരച്ചടങ്ങുകളും കാണുക എന്നത് ചെറുപ്പം മുതൽ എന്നിൽ അങ്കുരിച്ച താല്പര്യമായിരുന്നു അമേരിക്കയിൽ എത്തിയിട്ടും എന്നെ ശ്മശാന ഭൂമിയിലേക്കു ആകർഷിക്കാൻ പ്രേരിപ്പിക്കുന്നത് ഇതായിരിക്കാം എന്നാണ് എന്റെ വിശ്വാസം.

ഡാളസിൽ ഞാൻ താമസിക്കുന്ന സ്ഥലത്തിനു സമീപത്തും കണ്ണെത്താദൂരത്തു വ്യാപിച്ചു കിടക്കുന്ന നിരവധി ശ്മശാനങ്ങളുണ്ട്. മരണത്തോടുള്ള ബന്ധത്തിലോ , അവസരം ലഭിക്കുമ്പോളോ അവിടം സന്ദർശിച്ചു അൽപസമയം ശാന്തമായി ചിലവഴിക്കുന്നത് എന്നെ സംബന്ധിച്ച് മനസ്സിലെ പിരിമുറുക്കങ്ങളെ അലിയിച്ചില്ലാതാകുന്നതും അല്പമല്ലാത്ത ആശ്വാസം പകരുന്നതുമായ സന്ദര്ഭങ്ങളാണ് .അവിടെ യാതൊരു അല്ലലുമില്ലാത്ത നീണ്ട നിദ്രയിൽ വിശ്രമിക്കുന്നവരോട് ചിലപ്പോഴെങ്കിലും അസൂയയും തോന്നാതിരുന്നിട്ടില്ല.പലപ്പോഴും എന്റെ ശ്മശാന സന്ദർശമെന്ന ആശയം സുഹൃത്തുക്കളുമായി പങ്കിട്ടപ്പോൾ പലർക്കും അത് ഉൾകൊള്ളാൻ കഴിയുന്നില്ലെന്നു മാത്രമല്ല അതവർക്ക് ഭയാനകവും അരോചകവും ആയിട്ടാണ് തോന്നിയിട്ടിട്ടുള്ളത്

ശവകുടീരങ്ങളിലെ സ്മാരക ഫലകങ്ങളിൽ കൊത്തിവെച്ചിട്ടുള്ള ലിഖിതങ്ങൾ വായിക്കുക എന്നുള്ളത് ശ്മശാന സന്ദർശനത്തിന്റെ മറ്റൊരു ലക്ഷ്യം കൂടിയാണ് .ഒരു മനുഷ്യന്റെ കഴിഞ്ഞകാല ജീവിതത്തെ കുറിച്ചും ഭാവി പ്രത്യാശയേയും കുറിച്ചുള്ള സൂചനകൾ ലിഖിതങ്ങളിൽ നിന്നും വ്യക്തമാണ് . മാർബിൾ ഫലകങ്ങളിൽ കൊത്തി വെച്ചിട്ടുള്ള നിരവധി വാക്യങ്ങളും വാചകങ്ങളും യഥാർത്ഥത്തിൽ ഓരോ പ്രസംഗങ്ങൾ ആയിട്ടാണ് എനിക്ക് അനുഭവപെട്ടിട്ടുള്ളത്.

എന്റെ ഒരു സ്‌നേഹിതന്റെ സാക്ഷ്യമായി അദ്ദേഹത്തിന്റെ ശവകുടീരത്തിൽ കൊത്തിവച്ചിട്ടുള്ളത് 1 തെസ്സലൊനീക്യർ 4 16 ആണ്.(കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗത്തിൽനിന്ന് ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പേ ഉയിർത്തെഴുന്നേല്ക്കയും ചെയ്യും). അദ്ദേഹത്തിന്റെ ശുശ്രൂഷയിലും ജീവിതത്തിലും സർവ്വത്ര വ്യാപിച്ചു അവയെ മുഴുവനായി സ്വാധീനിച്ചു കൊണ്ടിരുന്ന ആ ഭാഗ്യകരമായ പ്രത്യാശയെ കുറിച്ചത്രേ അതിൽ പറയുന്നത്.

ഈയിടെ വളരെ പഴക്കം ചെന്ന ഒരു സ്മശാനം സന്ദർശിച്ചപ്പോൾ 'എന്നന്നേക്കും ഒരുമിച്ച്' എന്ന ഒരേ വാചകം ഭാര്യ ഭർത്താക്കന്മാരുടെ ശവകുടീരങ്ങളിൽ എഴുതിവച്ചിരിക്കുന്നത് കാണുവാനിടയായി .അവിടെ ആരാണ് അടക്കപ്പെട്ടിട്ടുള്ളതെന്ന് എനിക്ക് അറിഞ്ഞുകൂടാ. എന്നാൽ ഈ വാക്കുകൾ ഒന്നുകിൽ 'അതിമഹത്തായ ഒരു നിത്യഭാഗ്യം', അല്ലെങ്കിൽ 'അതിഭയങ്കരമായ ഒരു അന്ത്യം' ഇവ രണ്ടിൽ ഏതെങ്കിലും ഒന്നിനെയാണല്ലോ സൂചിപ്പിക്കുന്നത് എന്നുള്ള ചിന്ത എന്നെ ശക്തിയായി ഹേമിച്ചു .

എന്നാൽ യേശുക്രിസ്തുവിനെ തങ്ങളുടെ രക്ഷിതാവായി യഥാർത്ഥത്തിൽ അവർ അറിഞ്ഞിരുന്നുവെങ്കിൽ ഭാര്യയും ഭർത്താവും കർത്താവിനോട് കൂടെ എന്നെന്നേക്കും ഒരുമിച്ചാണെന്നുള്ളത് എത്രയോ ആശ്വാസകരമായ ഒരു ചിന്തയാണ് .എന്നാൽ അവർ രക്ഷിക്കപ്പെട്ടിരുന്നില്ലെങ്കിൽ അവർ എന്നെന്നേക്കും ഒരുമിച്ച് എന്നുള്ളത് അപ്പോഴും ശരി തന്നെയായിരിക്കും. അത് ദൈവത്തിൽ നിന്നും അന്യപ്പെട്ടു ഭയങ്കരമായ യാതന സ്ഥലത്തായിരിക്കും എന്നത് ഏറ്റവും അസഹ്യമായ ഒരു ചിന്തയായിരിക്കും..

1 തെസ്സലോനിക്യർ 4- 17ൽ കർത്താവായ യേശുക്രിസ്തുവിനെ വരവിങ്കിൽ അവനെ അറിയുന്നവരായ നാം ക്രിസ്തുവിലുള്ള നമ്മുടെ പ്രിയപ്പെട്ടവരോട് ഒരുമിച്ച് എടുക്കപ്പെടുമെന്നും അങ്ങനെ നാം എപ്പോഴും കർത്താവിനോട് കൂടെ ഇരിക്കും എന്നു നാം വായിക്കുന്നു.അവനോടുകൂടെ എന്നേക്കും ഒരുമിച്ചു എന്നുള്ള ചിന്ത ഓരോ വിശ്വാസിയുടെയും ഹൃദയത്തിൽ സമ്രദ്ധിയായ ആശ്വാസവും അത്യന്തം സന്തോഷകരമായ പ്രതീക്ഷയും ഉളവാക്കുന്നതത്രെ.

വല്ലാത്ത കുളിര്മയാണ് ഇതെല്ലാം കാണുകയും വായിക്കുകയും ചെയുമ്പോൾ മനസ്സിന് ലഭിക്കുന്നതും , സന്ദർശന ഉദ്ദേശ്യം സഫലമാകുന്നതും.ആകയാൽ യോഹന്നാനോട് ചേർന്ന് നമുക്കും പറയാം 'ആമേൻ കർത്താവായ യേശുവേ വരേണമേ'.സ്വർഗ്ഗത്തിലേക്ക് യാത്ര ചെയ്യുന്നവർ തനിയെ പോകുന്നതുകൊണ്ട് തൃപ്തിപ്പെടന്നവരാകരുതെന്ന വലിയ സന്ദേശം കൂടി ഇവിടെ നിന്നും ലഭിക്കുന്നു