ഹൂസ്റ്റൺ : നവംബർ അഞ്ചാം തീയതി സ്റ്റാഫോർഡിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം, ഫോറത്തിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും സംഘടനയുടെ ശാഖകൾ തുടങ്ങുവാൻ തീരുമാനിച്ചു.

ആസന്നമായിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് റിപ്പബ്ലിക്കൻ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സ്ഥാനാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് മീറ്റ് & ഗ്രീറ്റ്, സ്റ്റിഡി ക്ലാസുകൾ, ഇലക്ഷൻ കൺവൻഷൻ തുടങ്ങിയവ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

2020 ജനുവരി 26-നാണ് ഇൻഡോ അമേരിക്കൻ റിപ്പബ്ലിക്കൻ ഫോറം അന്നത്തെ പോർട്ട്ലാൻഡ് ജി.ഒ.പി കൗണ്ടി ചെയർ ലിൻഡാ ഹവ്വൽ ഉദ്ഘാടനം ചെയ്തത്.

മാനുഷീക മൂല്യങ്ങളായ ദൈവ വിശ്വാസം, ഉറച്ച കുടുംബ ജീവിത അടിത്തറ, ധാർമ്മിക മൂല്യങ്ങൾ എന്നിവ ഉയർത്തിക്കൊണ്ടുവരുന്നതിൽ റിപ്പബ്ലിക്കൻ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്ന് യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സ്വർഗ്ഗ വിവാഹം, ഗർഭഛിദ്രം, നിയമ വിരുദ്ധ കുടിയേറ്റം, മയക്കുമരുന്നുകളുടെ ഉപയോഗം തുടങ്ങിയ അധാർമ്മിക പ്രവണതകൾ പാർട്ടി ശക്തമായി എതിർക്കുന്നു. ഇന്ന് രാജ്യം വല്ലാത്ത ഒരു അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പണപ്പെരുപ്പവും, വർധിച്ചിച്ച ജീവിത ചെലവുകളും സാധാരണക്കാരുടെ ജീവിതം ദുഷ്‌കരമാക്കി. റിപ്പബ്ലിക്കൻ പാർട്ടി ഭരിച്ചപ്പോൾ തൊഴിലില്ലായ്മ നിരക്ക് മറ്റേത് വർഷത്തേക്കാളും കുറവായിരുന്നു. സുശക്തമായ ഒരു സമ്പദ് വ്യവസ്ഥയാണ് റിപ്പബ്ലിക്കൻ പാർട്ടി വിഭാവനം ചെയ്യുന്നത്.

ഇന്ന് അനധികൃത കുടിയേറ്റം വളരെ വർധിച്ചിരിക്കുന്നു. ഉറച്ച ആദ്ധ്യാത്മിക മൂല്യങ്ങൾ, ഉറപ്പുള്ള കുടുംബങ്ങൾ, ചെറുപ്പക്കാർ നേരിടുന്ന നിരാശ തുടങ്ങിയ കാര്യങ്ങൾ ഇന്ന് അമേരിക്ക നേരിടുന്ന പ്രശ്നങ്ങളാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ആദർശങ്ങൾക്ക് മാത്രമേ സനാതന മൂല്യങ്ങൾ സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ.

വരുംദിനങ്ങളിൽ പാർട്ടി സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് സ്റ്റഡി ക്ലാസുകൾ, സെമിനാറുകൾ, ഓൺലൈൻ ന്യൂസ് തുടങ്ങിയ ആരംഭിക്കാൻ യോഗം നിർദേശിച്ചു.

ഫോറം പ്രസിഡന്റ് ഡോ. മാത്യു വൈരമൺ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ചാക്കോ മുട്ടുങ്കൽ സ്വാഗതം ആശംസിച്ചു. ജോൺ കുന്തറ, ബോബി ജോസഫ്, ടോമി ചിറയിൽ, മാത്യു പന്നാപ്പാറ, മനോജ് ജോൺ, സജി വർഗീസ്, ഷിജോ ജോയ് എന്നിവർ യോഗത്തിൽ സംസാരിച്ചു.