ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സംസ്ഥാന സെനറ്റിലെ മലയാളീ സെനറ്റര്‍ ആയ കെവിന്‍ തോമസിന്റെ നേതൃത്വത്തില്‍ അമേരിക്കയില്‍ മലയാളീ പൈതൃകം നിലനിര്‍ത്താനായി രൂപീകരിക്കപ്പെട്ട ന്യൂയോര്‍ക്ക് മലയാളീ ഹെറിറ്റേജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ തിരുവോണ നാളായ സെപ്റ്റംബര്‍ 15 ഞായറാഴ്ച വമ്പിച്ച ഓണാഘോഷവും വള്ളംകളി മത്സരവും ലോങ്ങ് ഐലന്‍ഡ് കേന്ദ്രീകരിച്ച് നടത്തുവാന്‍ തയ്യാറെടുക്കുന്നു. ലോങ്ങ് ഐലന്‍ഡ് ഫ്രീപോര്‍ട്ടിലെ അതി മനോഹരവും വിശാലവുമായ കൗമെഡോ പാര്‍ക്കിനോട് (Cow Meadow Park, 701 South Main Street, Freeport, NY 11520) ചേര്‍ന്നുള്ള തടാകത്തില്‍ കേരള തനിമയെ വിളിച്ചോതുന്ന വള്ളംകളി ജലോത്സവം നടത്തുന്നതിനോടൊപ്പം പാര്‍ക്കിലെ പച്ചപരവതാനിയായ പുല്‍ത്തകിടിയില്‍ ഓണാഘോഷവും നടത്തുന്നതിനാണ് ആലോചിക്കുന്നത്.

ഇതിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ സെനറ്റര്‍ കെവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്നതായി സെനറ്ററിന്റെ കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍മാരായ അജിത് കൊച്ചൂസും ബിജു ചാക്കോയും സംയുക്തമായി പ്രസ്താവിച്ചു. വള്ളംകളി മത്സരങ്ങളുടെ ക്രമീകരണങ്ങള്‍ക്കും നടത്തിപ്പിനുമായി ന്യൂയോര്‍ക്ക് മലയാളീ ബോട്ട് ക്ലബ്ബ് സ്ഥാപക ചെയര്‍മാനും കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (KCANA) പ്രസിഡന്റുമായ ഫിലിപ്പ് മഠത്തിലിനെ ചീഫ് കോര്‍ഡിനേറ്ററായി ചുമതലപ്പെടുത്തി. ന്യൂയോര്‍ക്കിലും ചുറ്റുവട്ടത്തുമുള്ള എല്ലാ മലയാളികളെയും ആകര്‍ഷിക്കത്തക്കവിധം ഓണാഘോഷം നടത്തുവാനുള്ള ക്രമീകരണങ്ങളാണ് നടത്തുന്നത്.

"മദ്ധ്യകേരളത്തില്‍, പ്രത്യേകിച്ച് കുട്ടനാടന്‍ പ്രദേശങ്ങളില്‍ വിവിധ ഇടങ്ങളിലാണ് ഓണത്തിനോടനുബന്ധിച്ച് ജലോത്സവം നടത്താറുള്ളത്. ആറന്മുള ഉത്രട്ടാതി വള്ളം കളി, ആലപ്പുഴ പുന്നമടക്കായല്‍ നെഹ്റു ട്രോഫി വള്ളം കളി, ചമ്പക്കുളം മൂലം വള്ളം കളി, നീരേറ്റുപുറം വള്ളം കളി തുടങ്ങി ചെറുതും വലുതുമായ പ്രശസ്തമായ ഇരുപതോളം ജലോത്സവങ്ങള്‍ ചിങ്ങമാസത്തിലെ വിളവെടുപ്പ് കാലഘട്ടത്തില്‍ പതിറ്റാണ്ടുകളായി നടന്നു വരുന്നതാണ്. മദ്ധ്യ കേരളത്തിലെയും കുട്ടനാട് പ്രദേശങ്ങളിലെയും ധാരാളം വള്ളം കളി പ്രേമികള്‍ അമേരിക്കയിലേക്കും കാനഡയിലേക്കും കുടിയേറിയതുമൂലം നോര്‍ത്ത് അമേരിക്കയില്‍ മലയാളികള്‍ കൂടുതലായി പാര്‍ക്കുന്ന പല സ്ഥലങ്ങളിലും ഇപ്പോള്‍ ബോട്ട് ക്ലബ്ബുകള്‍ രൂപപ്പെട്ടിട്ടുണ്ട്. പ്രസ്തുത ബോട്ട് ക്ലബ്ബ്കളെ എല്ലാം ഏകോപിപ്പിച്ച് കേരളാ തനിമയുള്ള ഒരു ജല മാമാങ്കം നടത്തണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനായി പ്രാഥമിക നടപടി ക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.' വള്ളം കളി ചീഫ് കോര്‍ഡിനേറ്റര്‍ ഫിലിപ്പ് മഠത്തില്‍ പറഞ്ഞു,

ഇന്ത്യന്‍ വംശജരുടെ പ്രത്യേകിച്ച് മലയാളികളുടെ സാന്നിധ്യം ന്യൂയോര്‍ക്കിലും അമേരിക്കയിലെ മറ്റു പല പ്രദേശങ്ങളിലും ധാരാളമായി വര്‍ദ്ധിച്ചു വരുന്നു. ആരോഗ്യസംരക്ഷണ മേഖലകളിലും ഐ.ടി. മേഖലകളിലും മറ്റ് പല ഉന്നത സ്ഥാനങ്ങളിലും മലയാളികള്‍ തങ്ങളുടെ കഴിവും സാമര്‍ഥ്യവും സാന്നിധ്യവും സേവന തല്പരതയും തെളിയിച്ച് വരുന്ന കാലഘട്ടമാണിത്. പക്ഷേ പ്രാദേശിക രാഷ്ട്രീയത്തിലും സാമൂഹിക മേഖലയിലും നമ്മുടെ പങ്കാളിത്തം താരതമ്യേന കുറവാണ്. മലയാളീ കമ്മ്യൂണിറ്റിയിലെ ഒട്ടു മിക്ക ആളുകളും രാഷ്ട്രീയ നേതാക്കളുടെ തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍ റെജിസ്‌ട്രേഷന്‍ നടത്തുന്നതിനോ തെരഞ്ഞെടുപ്പ് സമയം ബൂത്തുകളില്‍ പോയി തങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തുന്നതിനോ ഇപ്പോഴും മടി കാണിക്കുന്നു.

അതിനാല്‍ രാഷ്ട്രീയ നേതൃത്വത്തില്‍ ഉള്ളവര്‍ക്ക് മലയാളികളുടെ ജനസാന്ദ്രത മനസ്സിലാക്കുവാന്‍ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. ഈ രാജ്യത്തെ നമ്മുടെ പല അവകാശങ്ങളും എന്തൊക്കെയെന്ന് നാം മനസ്സിലാക്കാതെയും അത് നേടിയെടുക്കുവാന്‍ ശബ്ദമുയര്‍ത്താതെയും അതെല്ലാം നഷ്ടപ്പെടുത്തുന്ന പ്രവണതയാണ് കണ്ടു വരുന്നത്. ഏതെങ്കിലും സ്ഥാപനങ്ങളില്‍ രാത്രിയും പകലും മണിക്കൂറുകളോളം ജോലി ചെയ്തും ഒന്നിലധികം സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്തും മലയാളികള്‍ ധാരാളം പണംസമ്പാദിച്ച് സര്‍ക്കാരിലേക്ക് ടാക്‌സ് കൃത്യമായി അടച്ചുപോകുന്നതല്ലാതെ നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ നാം തീരെ ശ്രദ്ധിക്കാറില്ല. ഈ പ്രവണത മാറ്റേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. അതേസമയം നാം കഷ്ടപ്പെട്ട് ഉണ്ടാക്കി കൊടുക്കുന്ന ടാക്‌സില്‍ നിന്നുള്ള പ്രയോജനങ്ങളും നമുക്ക് അര്‍ഹതപ്പെട്ട അവകാശങ്ങളും മറ്റ് പല സമൂഹവും ധാരാളമായി അനുഭവിച്ചു പേകുന്നു. മലയാളികളില്‍ പലരും ഇതൊന്നും മനസ്സിലാക്കാതെയും ഇതിലൊന്നും ശ്രദ്ധ കൊടുക്കാതെയും അന്തര്‍മുഖരായി മണിക്കൂറുകള്‍ ജോലിയെടുത്ത് സ്വന്തം കുടുംബങ്ങളില്‍ ഒതുങ്ങി കഴിയുന്നു. ഇതില്‍ നിന്നുള്ള ഒരു മാറ്റം അനിവാര്യമാണ്.

'കുടിയേറ്റ മലയാളികള്‍ പ്രാദേശിക രാഷ്ട്രീയത്തിലേക്ക് വരാത്തത് മൂലം നമ്മുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുവാന്‍ ആരും ഇല്ലാത്ത അവസ്ഥയാണ് കണ്ടു വരുന്നത്. ഈ കാര്യങ്ങള്‍ ഞാന്‍ എല്ലാ സാമൂഹിക മീറ്റിംഗുകളിലും സൂചിപ്പിക്കാറുണ്ട്. നമ്മുടെ ചെറുപ്പക്കാര്‍ പ്രാദേശിക രാഷ്ട്രീയത്തില്‍ കൂടുതലായി പങ്കാളികളാകണം. മലയാളികളുടെ ശക്തിയും നാം ഈ നാടിനുവേണ്ടി ചെയ്യുന്ന സേവനങ്ങളും അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ട് വരുന്നതിന് ഞാന്‍ ന്യൂയോര്‍ക്ക് സെനറ്റില്‍ കഴിഞ്ഞ മൂന്നു നാല് വര്‍ഷങ്ങളില്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2019-ല്‍ മെയ് മാസം മലയാളീ ഹെറിറ്റേജ് മാസമായി പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം ചരിത്രത്തിലാദ്യമായി ഞാന്‍ ന്യൂയോര്‍ക്ക് സെനറ്റില്‍ അവതരിപ്പിച്ചു. അമേരിക്കയിലെ തന്നെ ചരിത്രത്തില്‍ ആദ്യമായി 2019-ല്‍ ന്യൂയോര്‍ക്ക് സെനറ്റില്‍ മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പായിരുന്ന അഭിവന്ദ്യ ഐസക് മാര്‍ ഫിലെക്‌സിനോസ് തിരുമേനിയെക്കൊണ്ട് മലയാളത്തില്‍ പ്രാര്‍ത്ഥിക്കുവാനും പ്രസംഗിക്കുവാനും സാധിച്ചതിന് മലയാളീ സമൂഹത്തിലെ കുറേ പ്രതിനിധികള്‍ സാക്ഷ്യം വഹിച്ചതാണ്. പിന്നീട് 2023-മെയ് മാസത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മോര്‍ തീത്തൂസ് എല്‍ദോ തിരുമേനിയും 2024-മെയ് മാസത്തില്‍ മാര്‍ത്തോമ്മാ ഭദ്രാസന ബിഷപ്പ് അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ പൗലോസ് തിരുമേനിയും ന്യൂയോര്‍ക്ക് സെനറ്റില്‍ മലയാളത്തില്‍ പ്രാര്‍ത്ഥിച്ചതിനും ധാരാളം മലയാളികള്‍ സാക്ഷ്യം വഹിച്ചതാണ്. അങ്ങനെ മലയാളികളുടെ സാന്നിധ്യം അമേരിക്കന്‍ പ്രാദേശിക നേതാക്കളുടെ ഇടയില്‍ പ്രദര്‍ശിപ്പിക്കുവാന്‍ സാധിച്ചത് എന്നെ നിങ്ങള്‍ സെനറ്ററായി തെരഞ്ഞെടുത്തതിനാലാണ്. നമ്മുടെ ഈ പൈതൃകം നിലനിര്‍ത്തുന്നതിനാണ് ഈ വര്‍ഷം ലോങ്ങ് ഐലന്‍ഡ് ഭാഗത്ത് പ്രാദേശിക സമൂഹത്തെ നമ്മുടെ ഓണാഘോഷവും വള്ളംകളിയും കേരളാ പൈതൃക കലകളും കാണിക്കുവാനുള്ള അവസരമായി 2024 സെപ്റ്റംബര്‍ 15-ലെ തിരുവോണ നാളില്‍ തന്നെ ആഘോഷം നടത്താമെന്ന് തീരുമാനിച്ചത്. എല്ലവരുടെയും സഹായ സഹകരണങ്ങള്‍ ഇതിനുണ്ടാകണം എന്നും ഇത് വന്‍ വിജയമാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.' ചുരുക്കം നേതാക്കളുമായുള്ള ആദ്യ ആലോചനാ യോഗത്തിന് ശേഷം സെനറ്റര്‍ കെവിന്‍ തോമസ് മാധ്യമങ്ങളോടായി പറഞ്ഞു.

മലയാളീ ഹെറിറ്റേജിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഓണദിനത്തില്‍ സെപ്റ്റംബര്‍ 15 ഞായര്‍ ഫ്രീപോര്‍ട്ടിലെ കൗ മെഡോ പാര്‍ക്കില്‍ വച്ച് വള്ളം കളി, വടം വലി, പുലികളി, ചെണ്ടമേളം, അത്തപ്പൂവിടല്‍ തുടങ്ങിയ വിവിധ ഇനങ്ങളില്‍ മത്സരം നടത്തുന്നതിനും സംയുക്തമായി ഓണസദ്യ നടത്തുന്നതിനുമാണ് പദ്ധതിയിടുന്നത്. ഇതിനായി ന്യൂയോര്‍ക്കിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ മലയാളീ സംഘടനകളുടെ പ്രസിഡന്റ്മാരുടെയും മറ്റു നേതാക്കളുടെയും യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് വിവിധ കമ്മറ്റികള്‍ രൂപീകരിക്കുവാനുള്ള ക്രമീകരണങ്ങള്‍ ഉടന്‍ ചെയ്യുന്നതാണ് എന്ന് സെനറ്ററിന്റെ ഉപദേശക സമിതി അംഗം അജിത് കൊച്ചൂസ് പ്രസ്താവിച്ചു. ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: (1) Ajith Abraham (Kochoos) - 516-225-2814 (2) Biju Chacko - 516-996-4611 (3) Philip Madathil - 917-459-7819 (4) Mathewkutty Easow - 516-455-8596 (5) Kunju Maliyil - 516-503-8082.