ഷിക്കാഗോ: മഞ്ഞനിക്കരയിൽ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ എൺപത്തിയേഴാമത് ഓർമ്മപ്പെരുന്നാൾ ഷിക്കാഗോയിലെ സെന്റ് പീറ്റേഴ്സ്, സെന്റ് ജോർജ്, സെന്റ് മേരീസ് ക്നാനായ എന്നീ യാക്കോബായ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ ഫെബ്രുവരി 16,17 (ശനി, ഞായർ) തീയതികളിൽ ഓക്പാർക്ക് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ചു നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു.

പെരുന്നാളിന്റെ മുന്നോടിയായി ഫെബ്രുവരി പത്താംതീയതി ഞായറാഴ്ച ഓക്പാർക്ക് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ കൊടി കയറും. പെരുന്നാളിന്റെ വിശദ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്. ഷെവലിയാർ ജയ്മോൻ കെ. സ്‌കറിയ അറിയിച്ചതാണിത്.