കാരൾട്ടൺ (ഡാസ്): മദ്യപിച്ചു വാഹനം ഓടിച്ച ഡ്രൈവറെ അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ മറ്റൊരു കാർ വന്നിടിച്ചതിനെ തുടർന്നു മരിച്ചു. ഒക്ടോബർ 18 ചൊവ്വാഴ്ച അർധരാത്രിയിൽ പ്രസിഡന്റ് ജോർജ് ബുഷ് ടേൺപൈക്കിലായിരുന്നു അപകടം.

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനത്തിൽ ഇടിച്ച കാറിലെ ഡ്രൈവർ ഫിലിപ്പ് പാർക്കർ (85) സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റീവ് നോതം ആശുപത്രിയിൽ ആണു മരിച്ചത്. കാരൾട്ടൻ പൊലീസ് ഡിപ്പാർട്ട്മെന്റിൽ ആദ്യമായാണ് ഡ്യൂട്ടിയിലിരിക്കെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ അപകടത്തിൽ മരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയിൽ ഡാലസിൽ ഉണ്ടായ മറ്റൊരു വാഹനാപകടത്തിൽ മരിച്ച ഓഫിസർ ജേക്കബ് അർലാനോയുടെ സംസ്‌ക്കാരം നടത്തി.

2020 മാർച്ചിലാണ് നോതം കാരൾട്ടൺ പൊലീസിൽ അംഗമാകുന്നത്. ഇതിനു മുമ്പു വിസ്‌കോൺസനിലും മറീൻ കോർപിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യയും 3 ഉം, 6 ഉം വയസ്സുള്ള രണ്ടു ആൺമക്കളും ഒരു വയസ്സുള്ള പെൺകുഞ്ഞും ഉൾപ്പെടുന്നതാണു നോതമിന്റെ കുടുംബം. അപകടത്തെ കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചു.