ന്യൂയോർക്ക്: ലളിതമായ ജീവിത ശൈലിയും സ്ഫടിക തുല്യവും കളങ്കരഹിതവുമായ ജീവിതം കൊണ്ട് ഒരു തലമുറയെ, പ്രത്യേകിച്ച് യുവജനതയെ സ്വാധീനിക്കാൻ കഴിഞ്ഞ യോഗിവര്യനായിരുന്നു ഭാഗ്യസ്മരനാർഹനായ മാത്യൂസ് മാർ ബർണബാസ് മെത്രാപൊലീത്തായെന്ന് വെരി. റവ ചെറിയാൻ നീലാങ്കൽ കോർ എപ്പിസ്‌കോപ്പ തന്റെ പ്രസംഗത്തിൽ സാക്ഷ്യപ്പെടുത്തി.

അമേരിക്കൻ ഭദ്രാസന മെത്രാപൊലീത്തായും നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപൊലീത്തായുമായിരുന്ന മാത്യൂസ് മാർ ബർണബാസ് മ്രെതാപ്പൊലീത്തായുടെ പത്താമത് ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് ന്യൂയോർക്ക് ചെറി ലെയിൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ബഹുമാനപ്പെട്ട നീലാങ്കൽ കോർ എപ്പിസ്‌കോപ്പ. അഭിവന്ദ്യ മെത്രാപൊലീത്തായുടെ ജീവിത നൈർമല്യവും നിസ്വാർത്ഥ സേവനവും തിരുമേനിയെ വ്യത്യസ്ഥനാക്കിയെന്ന് ബഹു. കോർ എപ്പിസ്‌കോപ്പ പ്രസ്താവിച്ചു.

മാർ ബർണബാസ് മെത്രാപ്പൊലീത്തായുടെ ഓർമ്മപെരുന്നാൾ ഡിസംബർ 9, 10 തീയതികളിൽ ചെറി ലെയിൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ ആഘോഷിച്ചു. 9-ാം തീയതി വെള്ളിയാഴ്ച വൈകീട്ട് ഫാ. സുജിത് തോമസിന്റെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥനയും തുടർന്ന് ബഹു. അച്ചന്റെ പ്രഭാഷണവും ഉണ്ടായിരുന്നു.

മാർ ബർണബാസ് തിരുമേനിയോടൊപ്പം താമസിക്കുന്നതിനും അദ്ദേഹത്തിന്റെ ശിക്ഷണം സ്വീകരിക്കുന്നതിനും സാധിച്ചത് തന്റെ ആത്മീയ വളർച്ചയ്ക്കും സഭാ പ്രവർത്തനത്തിനും മുതൽകൂട്ടായി എന്ന് അച്ചൻ പറഞ്ഞു. തന്നെപ്പോലുള്ള അനേകം യുവജനങ്ങൾക്ക് ആത്മീയതയിലേക്ക് അടുക്കുന്നതിനും പൗരോഹിത്യ ജീവിതം തിരഞ്ഞെടുക്കുന്നതിനും പ്രചോദനമായത് ബർണബാസ് തിരുമേനിയുടെ ജീവിതം ആയിരുന്നു എന്ന് സുജിത്ത് അച്ചൻ സാക്ഷ്യപ്പെടുത്തി. ഫിലഡൽഫിയ സെന്റ് തോമസ് പള്ളിയുടെ അസിസ്റ്റന്റ് വികാരിയാണ് ഫാ. സുജിത് തോമസ്.

ഡിസംബർ 10 ശനിയാഴ്ച രാവിലെ യോങ്കേഴ്സ് സെന്റ് തോമസ് ഇടവക വികാരി വെരി റവ ചെറിയാൻ നീലാങ്കൽ കോറോപ്പിസ്‌കോപ്പായുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും കാലം ചെയ്ത ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെയും മാർ ബർണബാസ് മെത്രാപ്പൊലീത്തയുടെയും ഓർമ്മ പ്രാർത്ഥനയും നടത്തി.

വിശുദ്ധ കർബാനാന്തരം അനുസ്മരണ പൊതുസമ്മേളനത്തിൽ ഇടവക വികാരി ഫാ. ഗ്രിഗറി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. മാർ ബർണബാസ് തിരുമേനിയുടെ മാതൃകാ ജീവിതത്തിൽ നിന്നും ഉൾക്കൊണ്ട പ്രചോദനമാണ് താൻ ഉൾപ്പെട്ട അനേകം ചെറുപ്പക്കാരെ വൈദിക വൃത്തിയിലേക്ക് നയിച്ചതെന്ന് തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ആമുഖമായി അച്ചൻ പറഞ്ഞു.

വെരി റവ നീലാങ്കൽ കോർ എപ്പിസ്‌കോപ്പ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാറ്റൻ ഐലന്റ് സെന്റ് ജോർജ് പള്ളി വികാരിയും ബർണബാസ് തിരുമേനിയുടെ വൈദിക വിദ്യാർത്ഥിയും തിരുമേനിയുമായി അനേക വർഷത്തെ അടുപ്പവും ഉണ്ടായിരുന്ന വെരി. റവ. പൗലോസ് ആദായി കോർ എപ്പിസ്‌കോപ്പ തന്റെ അനുഭവങ്ങൾ പങ്കുവെച്ച് സംസാരിച്ചു. തനിക്ക് ലഭിച്ച പിതൃസ്വത്ത് മുഴുവൻ നിർധനരായ ഭൂരഹിതർക്ക് പങ്കുവച്ചു കൊടുത്ത മഹാമനസ്‌കനായിരുന്നു പുണ്യശ്ലോകനായ തിരുമേനി എന്ന് അച്ചൻ പറഞ്ഞു.

അമേരിക്കൻ ഭദ്രാസനത്തിന്റെ മുൻ കൗൺസിൽ അംഗവും നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ മുൻ അൽമായ ബോർഡ് ഓഫ് ട്രസ്റ്റീയുമായ വർഗീസ് പോത്താനിക്കാട് അനുസ്മരണ സന്ദേശം അറിയിച്ച് സംസാരിച്ചു. തിരുമേനിയുടെ ഓർമ്മ കൊണ്ടാടുന്നതിന് അദ്ദേഹത്തിന്റെ അപദാനങ്ങൾ പ്രകീർത്തിക്കുന്നതിനും അപ്പുറം തന്റെ അനുഗ്രഹീത ഓർമ്മ നിലനിർത്തുന്നതിനുള്ള കർമ്മപരിപാടികൾ ആസുത്രണം ചെയ്യേണ്ടതാണെന്ന് അദ്ദേഹം ഉത്‌ബോധിപ്പിച്ചു.

മലങ്കര സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഷാജി വർഗീസ്, ബിനു കോപ്പാറ, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന കൺസിൽ അംഗം ജോബി ജോൺ മുൻ സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ കോര കെ കോര, കോരസൺ വർഗീസ് എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി സംസാരിച്ചു.

മാർ ബർണബാസിന്റെ സ്മരണാർത്ഥം തിരുമേനിയുടെ ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് എല്ലാ വർഷവും സെന്റ് ഗോറിയോസ് പള്ളിയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന 'ബർണബാസ് ന്യൂസ് ലെറ്റർ' ഫാ. നീലാങ്കൽ കോർ എപ്പീസ്‌കോപ്പ യോഗത്തിൽ പ്രകാശനം ചെയ്തു. ഇടവക സെക്രട്ടറി കെൻസ് ആദായി നന്ദി പ്രകടനം നടത്തി.

വിവിധ ദേവാലയങ്ങളിൽ നിന്നായി അനേകം വൈദികരും വിശ്വാസികളും പങ്കെടുത്ത് പെരുന്നാൾ തികച്ചും അനുഗ്രഹീതമാക്കി തീർത്തു. നേർച്ച വിളമ്പോടും പെരുന്നാൾ സദ്യയോടും കൂടെ ആഘോഷ പരിപാടികൾ പര്യവസാനിച്ചു.