ന്യൂയോർക്ക് : വിശുദ്ധ തോമാശ്ലീഹാ യേശുക്രിസ്തുവിന്റെ ദൗത്യവുമായി ഭാരതത്തിൽ വന്നതോർത്ത് സ്‌തോത്രം ചെയ്യുന്നതിനും, സഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനും എല്ലാ വർഷവും ഡിസംബർ 21 ന് സഭാ ദിനമായി വേർതിരിച്ചിരിക്കുന്നു.

സഭാ ദിനമായി വേർതിരിച്ചിരിക്കുന്ന ഡിസം: 21നു മാർത്തോമാ സഭയിലെ എല്ലാ ഇടവകകളിലും പ്രാർത്ഥനാ ദിനമായി വേർതിരിച്ചു മധ്യസ്ഥ പ്രാർത്ഥനയോ പ്രാർത്ഥന ശൃംഖലയോ ക്രമീകരിക്കണമെന്ന് മാർത്തോമാ സഭാ മെത്രാപ്പൊലീത്ത ഉദ്‌ബോധിപ്പിച്ചു.

മാർത്തോമാ സഭയുടെ സ്വത്ത് സഭാംഗങ്ങളുടെ അചഞ്ചലമായ വിശ്വാസവും കണ്ണുനീരോട് കൂടിയ പ്രാർത്ഥനയുമാണ്. സഭയുടെ ഏതുകാര്യത്തിനും നവീകരണത്തിനും ആത്മീയ ഉണർവിനും ദൈവ ജനത്തിന്റെ വിശ്വാസത്തോടു കൂടിയ പ്രാർത്ഥന അനിവാര്യമാണെന്ന് മെത്രാപൊലീത്ത പറഞ്ഞു. സഭക്കു നാല് എപ്പിസ്‌കോപ്പമാരെ കൂടി തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ സഭാംഗങ്ങൾ അതീവ ഗൗരവത്തോടും, ഭയഭക്തിയോടും, പ്രാർത്ഥനയോടും എപ്പിസ്‌കോപ്പൽ തിരഞ്ഞെടുപ്പ് പൂർത്തീകരിക്കുന്നതിന് സഭാംഗങ്ങൾ പ്രത്യേകം പ്രാർത്ഥിക്കണം എന്നും തിരുമേനി അഭ്യർത്ഥിച്ചു.

ഡിസം: 21ന് വൈകിട്ട് എല്ലാ ഭവനങ്ങളിലും കുടുംബ പ്രാർത്ഥന മധ്യേ സഭയെയും സഭയുടെ എല്ലാ പ്രവർത്തനങ്ങളെയും പ്രവർത്തകരെയും ഓർത്ത് പ്രാർത്ഥിക്കണം. സഭാ ദിനത്തിൽ ആരാധന മദ്ധ്യേ ലഭിക്കുന്ന സ്‌തോത്ര കാഴ്ച സഭയുടെ സെന്റ് തോമസ് എപ്പിസ്‌കോപ്പൽ ഫണ്ടിലേക്ക് വേർതിരിച്ചിരിക്കുകയാണെന്നും ആയത് താമസംവിനാ സഭാ ഓഫീസിലേക്ക് അയച്ചു കൊടുക്കേണ്ടതുമാണെന്ന് തിരുമേനി ആവശ്യപ്പെട്ടു.