ന്യൂജേഴ്സി: നിലാവിന്റേയും, നക്ഷത്രങ്ങളുടേയും, ചിമ്മിനിവെട്ടത്തിന്റേയും ഇത്തിരിവെളിച്ചത്തിൽ ലോകരക്ഷകന്റെ ജനനം വിളിച്ചറിയിച്ച് കരോൾ സംഘങ്ങൾ ലോകമെമ്പാടും ക്രിസ്മസ് രാവുകളെ സമ്പന്നമാക്കുമ്പോൾ, ശാന്തിയുടേയും സമാധാനത്തിന്റേയും, സ്നേഹദൂതുമായി സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയവും വാർഡ് തോറുമുള്ള ക്രിസ്മസ് കരോൾ ഈ വർഷവും ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു.

സമാധാനത്തിന്റെയും, പ്രത്യാശയുടേയും നക്ഷത്രങ്ങളുദിച്ച ക്രിസ്മസ് കാലത്തിന്റെ ഓർമയുണർത്തി, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഉത്ഘോഷിച്ച ക്രിസ്മസ് രാത്രിയുടെ മനോഹാരിത വിളിച്ചോതുന്ന ഗാനങ്ങൾ കരോൾ സംഘം ഇംഗ്ലീഷിലും, മലയാളത്തിലും ആലപിച്ചു. നേറ്റിവിറ്റിയും, ക്രിസ്മസ് പാപ്പയും കരോളിംഗിനെ കൂടുതൽ ആകർഷകമാക്കി.

ഉണ്ണിയേശുവിന്റെ തിരുപ്പിറവി നൽകുന്ന സന്ദേശവുമായി പ്രാർത്ഥനാ ചൈതന്യത്തോടെ നടത്തിയ കരോളിന് ഓരോ വീടുകളിലും കുടുംബ പ്രാർത്ഥനയോടെ ആരംഭിച്ചു, ക്രിസ്മസ് സന്ദേശം നൽകി ക്രിസ്മസ് ഗാനാലാപനത്തോടെയാണ് സമാപിച്ചത്. വികാരി അച്ചനും കരോളിംഗിൽ സജീവമായി പങ്കെടുത്തു.

ആഹ്‌ളാദവും ഭക്തിയും വിശ്വാസവും ഇഴചേർന്ന് മനുഷ്യഹൃദയങ്ങൾ വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങിയ ദൈവപുത്രനെ പിറക്കാൻ ഇടമൊരുക്കുന്ന സുന്ദരവും അപൂർവമായ അനുഭൂതിയുടെ വേളയാണ് ഓരോ ക്രിസ്മസ് എന്നും, വേദനിക്കുന്ന മനസുകൾക്ക് ആശ്വാസത്തിന്റെ സന്ദേശം നൽകി മാലാഖമാർ ഭൂമിയിൽ അവതരിക്കുന്ന ഈ നാളുകൾ ശാന്തിയുടേയും, സമാധാനത്തിന്റേയും സന്ദേശം നാമോരോരുത്തരിലും നിറയ്ക്കുവാൻ ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷത്തിലൂടെ സാധിക്കണമെന്ന് വികാരി റവ.ഫാ. ആന്റണി പുല്ലുകാട്ട് ആശംസാ സന്ദേശത്തിൽ പറഞ്ഞു.

ദേവാലയത്തിലെ ഭക്തസംഘടനകൾ ഒത്തുചേർന്ന് വാർഡ്തോറും ഇടവകയിലെ എല്ലാ ഭവനങ്ങളിലും സന്ദർശനം നടത്തി. വാർഡുകൾ തോറും നടത്തിയ ക്രിസ്മസ് കരോളിന് അതത് വാർഡ് പ്രതിനിധികൾ നേതൃത്വം നൽകി.

ക്രിസ്മസ് പാപ്പായുടെ അകമ്പടിയോടെ ഉണ്ണിയേശുവിനെ കൈയിലേന്തി നടത്തിയ ഭവന സന്ദർശനം കുട്ടികൾക്കും മുതിർന്നവർക്കും സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും നിമിഷങ്ങളായിരുന്നു.
കരോൾ സർവീസിന്റെ ഭാഗമായി ഉണ്ണി ഈശോയെ വരവേൽക്കാൻ എല്ലാം വീടുകളിലും ക്രിസ്മസ് ട്രീയും, മനോഹരമായ ദീപാലങ്കാരങ്ങളും നടത്തിയിരുന്നു.

ഒമ്പത് വാർഡുകളിലായി നടത്തിയ കരോളിംഗിൽ ഇടവകയിലെ 250 -ൽപ്പരം ഭവനങ്ങൾ സന്ദർശിച്ചു.

തെരേസ ജോർജ് (സെന്റ്.അൽഫോൻസാ വാർഡ്), ജിജീഷ് തോട്ടത്തിൽ (സെന്റ്. ആന്റണി വാർഡ്), റോണി മാത്യു ( സെന്റ്. ജോർജ് വാർഡ് ), സാം മാത്യു (സെന്റ്. ജോസഫ് വാർഡ്), ദീപു വർഗീസ് (സെന്റ്. ജൂഡ് വാർഡ്), ബോബി വർഗീസ് (സെന്റ്. മേരിസ് വാർഡ്), ടോം ആന്റണി (സെന്റ്. പോൾ വാർഡ് ), റോബിൻ ജോർജ് (സെന്റ്. തെരേസ ഓഫ് കൽക്കത്ത വാർഡ് ), ജെയിംസ് പുതുമന (സെന്റ്. തോമസ് വാർഡ്) എന്നിവരാണ് വാർഡ് പ്രതിനിധികൾ.

സെബാസ്റ്റ്യൻ ആന്റണി (ട്രസ്റ്റി) 732-690-3934), ടോണി മാങ്ങൻ (ട്രസ്റ്റി) 347-721-8076, റോബിൻ ജോർജ് (ട്രസ്റ്റി) 848-391-6535, ബോബി വർഗീസ് (ട്രസ്റ്റി) 201-927-2254.