കോഴിക്കോട്: ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മമാരെ വിദേശത്തേക്കു കയറ്റുന്ന മുഖ്യ ഇടനിലക്കാർ തിരുവനന്തപുരം സ്വദേശി സുരേഷും ഭാര്യ റോജയും. ഇരുവരും ചേർന്ന് നിരവധി സ്ത്രീകളെ ഗൾഫിൽ എത്തിച്ചതായും ഇന്ത്യക്കാരും വിദേശികളുമടങ്ങുന്ന നിരവധി സ്ത്രീകൾ ഇപ്പോഴും തടവിൽ കഴിയുന്നുണ്ടെന്നും നാട്ടിലെത്തിയ കുന്ദമംഗലം സ്വദേശിനി ഉസൈബയുടെ വെളിപ്പെടുത്തൽ.

അടിമച്ചന്തയെന്ന പോലെ ഏജന്റുമാരുടെ ഓഫീസുകുളിൽ സ്ത്രീകളെ അണി നിരത്തും. ഇഷ്ടപ്പെട്ടാൽ അറബികൾ ഏജന്റുമാർക്ക് പണം നൽകി വാങ്ങും. ആരും കൊണ്ടു പോയില്ലെങ്കിൽ ഏജന്റുമാരുടെ തടവും ദുരിതവുമാണെന്നും ഉസൈബ മറുനാടൻ മലയാളിക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന ഭർത്താവും മൂന്ന് പെൺകുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ നിത്യ ചെലവിനായാണ് ഉസൈബ ഏജന്റുമാർ മുഖേന ദുബായിലേക്കു പോയത്.

എന്നാൽ ഗൾഫിൽ നിന്ന അഞ്ച് ആഴ്ചകൾ ജീവിതത്തിലെ ഭീതി നിറഞ്ഞ ദിനങ്ങളായിരുന്നെന്ന് ഉസൈബ പങ്കുവെയ്ക്കുന്നു. ഏജന്റുമാരുടെ അടിയും തൊഴിയും പട്ടിണിയുമായിരുന്നു ഈ ദിനങ്ങളിൽ. പരാതിപ്പെടാൻ ആരുമുണ്ടായിരുന്നില്ല, ഇപ്പോൾ മരിക്കുമെന്ന് തോന്നിപ്പോയ നിമിഷങ്ങൾ, ഭർത്താവിനേയും മക്കളെയും ഇനി കാണുമെന്ന് കരുതിയില്ല പ്രവാസി മലയാളികളുടെ ഇടപെടലിനെ തുടർന്ന് ഒടുവിൽ ഉസൈബ രക്ഷപ്പെടുകയായിരുന്നു.

തന്റെ ദുരിതാനുഭവങ്ങൾ ഉസൈബ മറുനാടൻ മലയാളിയോട് വെളിപ്പെടുത്തിയതിങ്ങനെ:

ഡിസംബർ ഒന്നിനാണ് ഡൽഹിയിൽ നിന്നും ദുബായിലേക്കു പോയത്. ഭർത്താവിന്റെ കൂട്ടുകാരനാണ് നിലമ്പൂർ എടക്കരയിലെ ഏജന്റിനെ പരിചയപ്പെടുത്തുന്നത്. വീട്ടു ജോലിയാണെന്നും നല്ല ശമ്പളം ഉണ്ടെന്നും പറഞ്ഞപ്പോഴാണ് പോകാൻ തീരുമാനിച്ചത്. ഞങ്ങൾക്ക് സ്വന്തമായി ഭൂമിയോ വീടോ ഇല്ല. മകൾക്ക് വിവാഹ പ്രായമായി. വാടക വീട്ടിലാണ് ഇപ്പോൾ താമസം. മറ്റൊരു വഴിയും ഇല്ലാതായപ്പോഴാണ് ഗൾഫിൽ പോകാൻ തീരുമാനിച്ചത്. വിസയും ടിക്കറ്റുമെല്ലാം ഫ്രീയാണെന്നും ഏജന്റുമാർ പറഞ്ഞിരുന്നു. ഡൽഹിയിൽ നിന്ന് ദുബായിൽ വിമാനം ഇറങ്ങിയപ്പോൾ അവിടെ സുരേഷ് എന്ന മലയാളിയായ ഏജന്റ് കൊണ്ടു പോകാനായി എത്തിയിരുന്നു.

ദുബായിലെ ഏജന്റിന്റെ ഓഫീസിലേക്കാണ് കൊണ്ടു പോയത്. ഇവിടെ ഒമ്പത് ദിവസം കഴിയേണ്ടി വന്നു. കൂടെ വിവിധ ഭാഷക്കാരായ 15 സ്ത്രീകൾ വേറെയുമാണ്ടായിരുന്നു. ഈ ദിവസങ്ങളിൽ രാവിലെ ഓഫീസിൽ എല്ലാ സ്ത്രീകളെയും കാഴ്ചക്കായി ഏജന്റുമാർ വരിയായി നിർത്തും. ഈ സമയം എത്തുന്ന അറബികൾ ഇഷ്ടപ്പെടുന്നവരെ പണമടച്ച് ജോലിക്കായി കൊണ്ടുപോകും. അറബി കുറച്ചെങ്കിലും സംസാരിക്കാൻ അറിഞ്ഞിരിക്കണം. പിന്നെ പാചകവും നിർബന്ധമായി അറിഞ്ഞിരിക്കണം. കുട്ടികളെ നോക്കുന്ന ജോലിയാണെങ്കിൽ ഇംഗ്ലീഷ് അറിഞ്ഞിരിക്കണം. അറബികൾ ചോദിക്കുന്നതിനൊന്നും എനിക്ക് മറുപടി പറയാൻ അറിയില്ലായിരുന്നു. പുതിയ ആളാണെന്നും ആദ്യമായാണ് ജോലിക്കു വരുന്നതെന്നും ഏജന്റ് അറബിയോട് പറഞ്ഞാൽ എന്നെ അവർ തെരഞ്ഞെടുക്കില്ല.

പിന്നീട് ഇവിടെ ഒമ്പത് ദിവസം നിന്ന ശേഷം ഏജന്റുമാർ എന്നെ ഒമാനിലേക്കു കൊണ്ടുപോയി. ഒമാനിലെ ഏജന്റ് ഒരു അറബിയായിരുന്നു. അടുത്ത ദിവസം തന്നെ എനിക്ക് ജോലി ശരിയായതായി അറിയിച്ചു. ഒരു അറബിയുടെ വീട്ടിൽ 12 ദിവസം ജോലിക്കു നിന്നു. തൈറോയിഡിന്റെ പ്രശ്നമുണ്ടായിരുന്നു എനിക്ക്. ഇതിനുള്ള ഗുളിക വേണമെന്ന് അറബിയുടെ ഭാര്യയോടു പറഞ്ഞു. ഇവർ ഗുളിക വാങ്ങാൻ പോയെങ്കിലും. ടെസ്റ്റുകൾക്ക് വലിയ ചെലവാണെന്നും ഇവിടെ ജോലിക്കു നിൽക്കേണ്ടെന്നും പറഞ്ഞു. അറബി ഏജന്റ് ഓഫീസിലേക്കു തന്നെ തിരിച്ചു കൊണ്ടുപോയി. നാട്ടിലേക്കോ മറ്റു ജോലിയിലേക്കു ഇവിടെ നിന്ന് വിട്ടിരുന്നില്ല. 12 ദിവസം ഒമാനിലെ ഓഫീസിൽ കഴിഞ്ഞു. ഭക്ഷണവും വെള്ളവും കിട്ടിയാൽ ആർത്തിയോടെ കഴിക്കും.

പട്ടിണിയും ദുരിതവുമായിരുന്നു ഈ ജീവിതം. ദുബായിലേക്കു വന്നാൽ പൂട്ടിയിടുമെന്നും അറബികൾക്ക് കൊടുക്കുമെന്നുമെല്ലാം പറഞ്ഞ് ഇതിനിടെ ദുബായ് ഏജന്റ് സുരേഷ് ഭീഷണിപ്പെടുത്തി. ഒമാനിൽ എന്നെ പോലെ വേറെയും സ്ത്രീകൾ തടവിൽ പൂട്ടിയിട്ടിട്ടുണ്ടായിരുന്നു. ഒടുവിൽ ഒമാനിൽ നിന്നും ദുബായിലേക്ക് എന്നെ വിമാനത്തിൽ കയറ്റി വിട്ടു. അവിടെ ഏജന്റ് വന്ന് എന്നെ വാഹനത്തിൽ കയറ്റി 24 മണിക്കൂർ നേരം പല സ്ഥലങ്ങളിലും കൊണ്ടുപോയി ബുദ്ധിമുട്ടിച്ചു. ശേഷം ദുബായിലെ ഏജന്റ് ഓഫീസിൽ കൊണ്ടു വന്നു. ഇവിടെ വെച്ച് സുരേഷിന്റെ ഭാര്യ വിദേശിയായ റോജ എന്ന സ്ത്രീ എന്നെ മർദിച്ചു.

മറ്റു തടവുകാരെയും ഇവർ മർദിക്കുന്നുണ്ട്. ഒരു ദിവസം രാത്രിയിൽ ഇവിടത്തെ ജീവനക്കാരിയായ ഒരു സ്ത്രീ ഏജന്റിനോടു പറഞ്ഞു എന്നെ വിടണമെന്നും പ്രശ്നമായിട്ടുണ്ടെന്നും. അടുത്ത ദിവസം രാവിലെ എന്നെ മറ്റൊരു പയ്യന്റെ കൂടെ ഷാർജ വിമാനത്താവളത്തിലേക്കു വിട്ടു. ഇവിടെ വച്ചാണ് പാസപോർട്ട് നൽകിയത്. പിന്നീട് പ്രവാസികളായ മലയാളികൾ നിരവധി പേർ അവിടെയെത്തി. ഇവിടെ നിന്നും ഭർത്താവിനെ അവർ ഫോണിൽ വിളിച്ചു. നാട്ടിലേക്കു പോകുന്ന തലശേരി സ്വദേശിയായ ഒരാളോടൊപ്പം ഇവർ എന്നെ നാട്ടിലേക്കു യാത്രയാക്കി.

മരണം മുന്നിൽ കണ്ട നിമിഷങ്ങളാണ് കഴിഞ്ഞു പോയത്. ഭർത്താവിനെയും മക്കളെയും തിരിച്ചു കിട്ടുമെന്ന് കരുതിയിരുന്നില്ല. എന്റെ മോചനത്തിനായി ഇടപെട്ട എല്ലാവർക്കും നന്ദിയും പ്രാർത്ഥനയുമുണ്ട്. മഹല്ലും നല്ലവരായി ആളുകളും സഹായിക്കാമെന്നു പറഞ്ഞിട്ടുണ്ട്. ഇനി ഒരാൾക്കും ഈ ഗതി വരരുതെന്നും ആലോചിച്ച ശേഷം ഏജന്റുമാർക്കെതിരെ പരാതിയുമായി മുന്നോട്ടു പോകുമെന്നും ഉസൈബ പറഞ്ഞു.