ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ ജമൈക്കയെ 4-100 മീ. റിലെ സ്വർണത്തിലെത്തിച്ചതിനു പിന്നാലെ ജമൈക്കൻ സൂപ്പർതാരം ഉസൈൻ ബോൾട്ടിന്റെ വകയായി ആരാധകർക്ക് ഒരു സന്തോഷ വാർത്ത. 2017 ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പ് വരെ താൻ ട്രാക്കിലുണ്ടാകുമെന്ന് ബോൾട്ട് ഗ്ലാസ്‌ഗോയിൽ പറഞ്ഞു. നേരത്തെ 2016 ഒളിംപിക്‌സിനു ശേഷം താൻ വിരമിക്കുമെന്നായിരുന്നു ബോൾട്ട് പ്രഖ്യാപിച്ചിരുന്നത്. 'റിയോയിൽ വിട പറയാമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാൽ ലോക ചാംപ്യൻഷിപ്പിൽ കൂടി മൽസരിക്കണമെന്ന് എല്ലാവരും പറയുന്നു'-ഇരുപത്തിയേഴുകാരനായ ബോൾട്ട് പറഞ്ഞു.

കോമൺവെൽത്ത് ഗെയിംസിന് ശേഷം 200 മീറ്റർ സ്പ്രിന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ തീരുമാനമെന്ന് 100, 200 മീറ്ററുകളിലെ സൂപ്പർതാരം പറഞ്ഞു. ഗ്ലാസ്‌ഗോയിൽ മീറ്റർ റിലേയിൽ സ്വർണം നേടിയ ശേഷം ബി.ബി.സി. റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് 27കാരനായ ലോകചാമ്പ്യൻ തന്റെ ലക്ഷ്യം പ്രഖ്യാപിച്ചത്. 'എനിക്ക് തോന്നുന്നു 100 മീറ്ററിൽ ഞാൻ ആവുന്നത്ര ഓടിയെന്ന്. എനിക്കറിയാം ആരാധകർ ഞാൻ 100ലും 200ലും ഇനിയും വേഗം ഓടിക്കാണാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ എനിക്കുവേണ്ടി എന്തെങ്കിലും പ്രത്യേകമായി ചെയ്യണമെന്ന ആഗ്രഹമുണ്ട്. അതിനായി 200 മീറ്ററിലാവും എന്റെ പ്രധാന ശ്രദ്ധ' ബോൾട്ട് പറഞ്ഞു.

പുരുഷവിഭാഗം 100, 200 മീറ്ററുകളിലെ ലോക റെക്കോർഡ് ഇപ്പോൾ ബോൾട്ടിന്റെ പേരിലാണ്. ആറു തവണ ഒളിംപിക് ജേതാവായ ബോൾട്ട് ഇത്തവണ ആദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ മൽസരിക്കാനെത്തിയത്. ഗ്ലാസ്‌ഗോയിലെ ഹാംപ്ടൺ പാർക്കിൽ നടന്ന 4-100 മീറ്റർ റിലെയിൽ കോമൺവെൽത്ത് ഗെയിംസ് റെക്കോർഡോടെയാണ് ബോൾട്ടും കൂട്ടുകാരും സ്വർണമണിഞ്ഞത്.