റിയോ : പുരുഷന്മാരുടെ 100 മീറ്റർ ഒളിംബിക്‌സ് ഫൈനലിൽ ജമൈക്കൻ താരം ഉസൈൻ ബോൾട്ട് തന്റെ ഇതിഹാസ പദവി നിലനിറുത്തി. 9.81 സെക്കന്റ് സമയത്തിലാണ് ബോൾട്ട് ഒന്നാമനായി ഫിനിഷ് ചെയ്തത്. പുരുഷന്മാരുടെ 100 മീറ്റർ ഫൈനലിൽ തന്റെ തുടർച്ചയായ മൂന്നാം ഒളിമ്പിക് സ്വർണമാണ് ബോൾട്ട് റിയോയിൽ കരസ്ഥമാക്കിയത്. ഒളിമ്പിക്‌സിൽ ബോൾട്ടിന്റെ ഏഴാം സ്വർണവുമാണിത്.

സീസണിലെ മികച്ച സമയം കുറിച്ചാണ് ബോൾട്ട് തുടർച്ചയായ മൂന്നാംതവണ ഒളിമ്പിക്‌സിൽ 100 മീറ്ററിൽ സ്വർണം നേടുന്ന ആദ്യ താരമായത്. ഈ നേട്ടം ലഭിക്കുന്ന ആദ്യ അത്‌ലറ്റാണ് ബോൾട്ട്. ജമൈക്കൻ ഹീറോക്ക് വെല്ലുവിളി ഉയർത്തിയ അമേരിക്കൻ താരം ജസ്റ്റിൻ ഗാറ്റ്‌ലിൻ 9.89 സെക്കൻഡിൽ ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനത്തെത്തി. ഞായറാഴ്ച ബോൾട്ടിനെ കൂക്കി വിളിച്ച ജസ്റ്റിൻ ഗാറ്റ്‌ലിൻ മത്സരം കഴിഞ്ഞയുടനെ ട്രാക്ക് വിട്ടു മറഞ്ഞു. കാനഡയുടെ ആന്ദ്രെ ദേ ഗ്രാസെ 9.91 സമയത്തിൽ ഓടി വെങ്കലം നേടി. റിയോയിൽ 200 മീറ്ററിലും ജമൈക്കയുടെ 4ഃ100 മീറ്റർ റിലേ ടീമിനായും ഇനി ബോൾട്ടിറങ്ങും.

2008 ബെയ്ജിങ് ഒളിമ്പിക്‌സിൽ 9.68 സെക്കന്റിലും 2012 ലണ്ടൻ ഒളിമ്പിക്‌സിൽ 9.63 സെക്കന്റ് സമയത്തിലും ഫിനിഷ് ചെയ്ത് ബോൾട്ട് ഇത്തവണ തന്റെ സമയം മെച്ചപ്പെടുത്തുമോ എന്ന് ലോകം ആകാംഷയോടെ കാത്തിരിക്കുകയായിരുന്നുവെങ്കിലും അതുണ്ടായില്ല.തന്റെ നേട്ടം ജമൈക്കൻ ജനതക്കു സമ്മാനിക്കുന്നുവെന്ന് ബോൾട്ട് ട്വിറ്ററിൽ പ്രതികരിച്ചു.

ലണ്ടൻ ഒളിമ്പിക്‌സിൽ ബോൾട്ട് തീർത്ത 9.63 സെക്കൻഡ് സമയമെന്ന ഒളിമ്പിക് റെക്കോർഡ് തകർക്കാൻ സാധിച്ചില്ലെങ്കിലും വീരാചിതമായി സീസണിലെ മികച്ച സമയത്തോടെയാണ് ബോൾട്ട് 100 മീറ്റർ അവസാനിപ്പിച്ചത്, ഒളിമ്പിക് സ്പ്രിന്റിൽ 'ട്രിപ്പിൾ ട്രിപ്പിൾ' സ്വർണം ലക്ഷ്യമിടുന്ന ബോൾട്ടിന് ഇനി മത്സരിക്കാനുള്ളത് 200 മീറ്ററിലും 4ത400 മീറ്റർ റിലേയിലുമാണ്.