റിയോ: റിയോയിൽ ട്രാക്കിളക്കാൻ വേഗരാജാവ് ഇറങ്ങി. റിയോ ഒളിമ്പിക് ട്രാക്കിലെ 100 മീറ്റർ പ്രാഥമിക റൗണ്ടിൽ ജമൈക്കൻ താരം അനായാസജയം നേടി.

100 മീറ്റർ ഹീറ്റ്‌സിൽ 10.07 സെക്കൻഡിൽ ഒന്നാമതായാണ് ബോൾട്ട് സെമി ഫൈനലിലേക്കു പ്രവേശിച്ചത്. ഒളിമ്പിക്‌സിലെ 100 മീറ്ററിൽ ട്രിപ്പിൾ സ്വർണം ലക്ഷ്യമിട്ടാണ് ബോൾട്ടിന്റെ വരവ്. കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സിലും ഈ ഇനത്തിലും 200 മീറ്ററിലും റിലേയിലും ബോൾട്ടിന്റെ വേഗതയെ വെല്ലാൻ ആർക്കും സാധിച്ചിട്ടില്ല. ഇത്തവണ കൂടി മെഡൽനേട്ടം നിലനിർത്തി അപൂർവനേട്ടം സ്വന്തമാക്കാനാണു ബോൾട്ടിന്റെ ശ്രമം.

റിയോയിൽ സീസണിലെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ച്ചവച്ച അമേരിക്കൻ താരം ജസ്റ്റിൻ ഗാറ്റ്‌ലിനാണ് ബോൾട്ടിന്റെ പ്രധാന എതിരാളി. 9.80 സെക്കന്റ് ആണ് ഗാറ്റ്‌ലിന്റെ ഈ സീസണിലെ പ്രകടനം. 34 വയസ്സാണ് ഗാറ്റ്‌ലിന്റെ പ്രായം. ഈ പ്രായത്തിൽ ഒരാളും ഇതുവരെ 100 മീറ്ററിൽ സ്വർണം നേടിയില്ല. 1992ൽ 32-ാം വയസ്സിൽ ബാഴ്‌സലോണ ഒളിമ്പിക്‌സിൽ സ്വർണകുതിപ്പ് നടത്തിയ ബ്രിട്ടന്റെ ലിൻഫോർഡ് ക്രിസ്റ്റിയുടെ പേരിലാണ് പ്രായ റെക്കോർഡ്.

ജമൈക്കൻ താരം യോഹാൻ ബ്ലേക്കും ബോൾട്ടിന് വെല്ലുവിളിയായുണ്ട്. 9.69 സെക്കന്റിൽ 100 മീറ്റർ ഫിനിഷ് ചെയ്തിട്ടുള്ള ആളാണ് ബ്ലേക്ക്. തിങ്കളാഴ്‌ച്ച പുലർച്ചെയാണ് 100 മീറ്റർ സെമി ഫൈനൽ. തിങ്കളാഴ്ച രാവിലെ നടക്കുന്ന ഫൈനലിൽ റിയോയിലെ വേഗരാജാവിനെ അറിയാം.