ലോസാൻ: ഇതിഹാസ താരം ഉസൈൻ ബോൾട്ടിന് ഒളിമ്പിക്‌സ് വേദിയിൽ ഇനി 'ട്രിപ്പിൾ ട്രിപ്പിൾ' ഇല്ല. റിലേ ടീമിലെ സഹതാരം മരുന്നടിച്ചതിനെ തുടർന്ന് ഒരു സ്വർണ മെഡൽ ബോൾട്ടിനു നഷ്ടമായി.

അന്താരാഷ്ട്ര ഒളിമ്പിക്‌സ് സമിതി നടത്തിയ ഉത്തേജകമരുന്നു പരിശോധനയിൽ പരാജയപ്പെട്ടതു 2008 ബീജിങ് ഒളിമ്പിക്‌സിൽ 4x100 മീറ്റർ റിലേ ടീം അംഗമായിരുന്ന നെസ്റ്റ കാർട്ടറാണ്. ഇതെത്തുടർന്ന് ജമൈക്കൻ ടീമിന്റെ സ്വർണമെഡൽ നഷ്ടമാകുകയായിരുന്നു.

തുടർച്ചയായ മൂന്ന് ഒളിമ്പിക്‌സുകളിൽ മൂന്നു സ്വർണം വീതം നേടിയ താരമെന്ന അപൂർവ റെക്കോർഡാണ് ഉസൈൻ ബോൾട്ടിനുണ്ടായിരുന്നത്. എന്നാൽ, സഹതാരം ഉത്തേജകമരുന്നു പരിശോധനയിൽ പരാജയപ്പെട്ടതോടെ ഒമ്പതിൽ ഒരു സ്വർണം നഷ്ടമാകുകയായിരുന്നു.

100 മീറ്റർ, 200 മീറ്റർ എന്നിവയ്ക്കു പുറമെ റിലേ മത്സരത്തിൽ കൂടി ഒന്നാമതെത്തിയാണു തുടർച്ചയായ മൂന്ന് ഒളിമ്പിക്‌സുകളിൽ ബോൾട്ട് ട്രിപ്പിൾ സ്വർണം കരസ്ഥമാക്കിയത്. 2008ൽ ബീജിങ്ങിലും 2012ൽ ലണ്ടനിലും 2016ൽ റിയോ ഡി ജനീറോയിലും ബോൾട്ട് ട്രിപ്പിൾ നേടി. നെസ്റ്റ കാർട്ടർ പിടിയിലായതോടെ ബീജിങ്ങിൽ റിലേ മത്സരത്തിനു ലഭിച്ച സ്വർണം നഷ്ടമാകുമ്പോൾ അപൂർവ റെക്കോർഡാണ് ഈ ജമൈക്കൻ താരത്തിനു നഷ്ടമാകുന്നത്.