മനാമ: ബഹ്‌റിനിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ജോലി സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്താൻ തീരുമാനം. ആരോഗ്യ മന്ത്രാലയമാണ് നിരോധനം സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.

നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശനമായ അച്ചടക്ക നടപടി ക്രമങ്ങൾ സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു. രോഗികളെ ശുശ്രൂഷിക്കുന്ന സമയത്തോ, അല്ലാതെയുള്ള ഡ്യൂട്ടി സമയത്തോ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും, അതു പോലെ തന്നെ സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളിലൂടെയുള്ള സന്ദേശം അയക്കൽ എന്നിവയ്ക്കും നിരോധനം ഏർപ്പെടുത്തിയതായി സർക്കുലറിൽ പറയുന്നു.

നിയമ ലംഘനങ്ങൾക്കെതിരെ സിവിൽ സർവീസ് ബ്യൂറോ ഡിസിഷൻ 22 പ്രകാരം കർശനമായ ശിക്ഷാനടപടികൾ പ്രയോഗിക്കുമെന്നും ഫെബ്രുവരി ആറിന് പുറപ്പെടുവിച്ച നിർദ്ദേശത്തിൽ സൂചിപ്പിക്കുന്നു.ഇത്തരം പ്രവൃത്തികൾ ആരോഗ്യ മേഖലയിലെ സേവനങ്ങളുടെ നിലവാരം നഷ്ടപ്പെടുത്തുമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു.