തിരുവനന്തപുരം: നിത്യേനയെന്നോണം നമ്മൾ ഉപയോഗിക്കുന്ന പല വസ്തുക്കളിലും ശാസ്ത്രത്തിന്റെ അദൃശ്യ സാന്നിധ്യമുണ്ട്. ചെറുതെന്ന് നമ്മൾ കരുതുന്ന പലകാര്യങ്ങൾക്ക് പിന്നിലും വളരെ വലിയ കാരണമുണ്ടായേക്കാം. അത്തരത്തിലൊരു കൗതുകമാണ് പേനയുടെ അടപ്പിലെ ദ്വാരം. ചൂളമടിക്കാനൊക്കെ ഇത് നമ്മൾ ഉപയോഗപ്പെടുത്താറുണ്ടെങ്കിലും ഈ ദ്വാരത്തിന്റെ യഥാർത്ഥ ഗുണം അറിയുന്നവർ വളരെ ചുരുക്കമായിരിക്കും.ഒരു മനുഷ്യന്റെ ജീവന്റെ വിലയുണ്ട് ഈ ദ്വാരത്തിന് എന്നുപറഞ്ഞാൽ വിശ്വസിക്കുമോ.. ഇല്ലെങ്കിൽ സംഭവം സത്യമാണ്.അ കഥ ഇങ്ങനെ..

2016ൽ ദ ഇൻഡിപെന്റന്റിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം അമേരിക്കയിൽ മാത്രം നൂറോളം മനുഷ്യർക്കാണ് തൊണ്ടയിൽ പേനയുടെ അടപ്പ് കുടുങ്ങി ദാരുണാന്ത്യം സംഭവിക്കുന്നത്.ഇവിടെയാണ് ഒരു ജീവൻ രക്ഷാ ഉപാധിയായി അടപ്പിലെ തുള മാറുന്നത്.പേനയുടെ അടപ്പ് വായിലിടുകയും കടിക്കുകയും ചെയ്യുന്നത് ലോകത്തെവിടെയുമുള്ള മനുഷ്യരുടെ ശീലമാണ്. ഈ ദുശ്ശീലം ചിലപ്പോഴെല്ലാം ദുരന്തകാരണമാവാറുണ്ട്. അറിയാതെ അടപ്പ് വിഴുങ്ങി പോകുന്ന സാഹചര്യമുണ്ടായാൽ മരണത്തിന് പോലും കാരണമാകാറുണ്ട്.പേനയുടെ അടപ്പിൽ ആവശ്യത്തിന് ദ്വാരമുണ്ടെങ്കിൽ അടപ്പ് വിഴുങ്ങുന്ന സാഹചര്യമുണ്ടായാൽ പോലും ശ്വാസം തടസപ്പെടില്ല. ഇക്കാര്യം തിരിച്ചറിഞ്ഞ് ബിക് എന്ന കമ്പനിയാണ് ആദ്യമായി അടപ്പിൽ ദ്വാരം പരീക്ഷിച്ചത്. സംഭവം വിജയമാണെന്ന് തിരിച്ചറിഞ്ഞതോടെ ഐഎസ്ഒ 11540 സുരക്ഷാ മാനദണ്ഡത്തിൽ പോലും ഇക്കാര്യം നിഷ്‌ക്കർഷിക്കുന്ന സ്ഥിതി വന്നു. വിഴുങ്ങാൻ സാധ്യതയുള്ളതിനേക്കാൾ വലിയ അടപ്പാണെങ്കിൽ മാത്രമാണ് ഒഴിവുകഴിവുള്ളത്.

വിമാനങ്ങളിലെ ജനലുകളിലുള്ള ചെറിയ തുളകൾക്കും ഇതുപോലെ ഒരു ദൗത്യം നിർവഹിക്കാനുണ്ട്. വിമാനത്തിനകത്തേയും പുറത്തേയും സമ്മർദം ക്രമീകരിക്കാൻ ഈ തുളകളും സഹായിക്കുന്നുണ്ട്. പേനയുടെ അടപ്പിലെ തുള പോലെ നമ്മൾ ദിവസേന ഉപയോഗിക്കുന്ന പല വസ്തുക്കളിലും ശാസ്ത്രത്തിന്റെ ഇടപെടൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നതാണ് വസ്തുത. ഇത്തരം മാറ്റങ്ങൾ ചിലപ്പോഴെല്ലാം ജീവൻ വരെ രക്ഷിക്കുന്ന കാരണമായി മാറാറുമുണ്ട്.