ദുബായ് വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവർക്കു യൂസേഴ്‌സ് ഫീ ഏർപ്പെടുത്താൻ തീരുമാനം. ഇതിലൂടെ യാത്രക്കാർ ഇനി മുതൽ യൂസേഴ്‌സ് ഫീ ഇനത്തിൽ 35 ദിർഹം നൽകേണ്ടി വരും. ഫീസ് ഈടാക്കാനുള്ള ഉത്തരവിന് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകി കഴിഞ്ഞു.

ജൂൺ 30 നു ശേഷമാണ് ഈ ചാർജ്ജ് ഈടാക്കുക. യു.എ.ഇയിൽ നിന്നും പുറത്തും ദുബായിലെ എല്ലാ എയർപോർട്ടുകളിലും എത്തിച്ചേരുന്ന യാത്രികരിൽ നിന്നും തുക ഈടാക്കുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. ഈ തുക ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ അടക്കണം. വിമാനത്താവളങ്ങളിലെ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള സർവ്വീസ് ചാർജ്ജ് എന്ന നിലയിലാണ് യൂസേഴ്‌സ് ഫീ ഈടാക്കുന്നത്.

എയർപോർട്ടുകൾ മുഖേനയുള്ള ട്രാൻസിറ്റ് യാത്രക്കാർ ഈ ഫീസ് നൽകേണ്ടതാണ്. എന്നാൽ രണ്ടു വയസിൽ താഴെയുള്ള കുട്ടികൾ, വിമാന ജീവനക്കാർ, ദുബായിൽ ഇറങ്ങിയ അതേ വിമാനത്തിൽ തന്നെ പുറപ്പെടുന്ന ട്രാൻസിറ്റ് യാത്രക്കാർ എന്നിവർ യൂസേഴ്‌സ് ഫീ നൽകേണ്ടതില്ല. പിരിച്ചെടുക്കുന്ന തുക ദുബായ് എയർപോർട്ട് ദുബായ് സർക്കാറിന്റെ ഖജനാവിലേക്കാണ് കൈമാറുക.

2030 ഓടെ 10 കോടി യാത്രക്കാർക്കു വിമാനത്താവളം ഉപയോഗപ്പെടുത്താൻ കഴിയുന്ന വികസന പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ ഈ വികസന പ്രവർത്തനങ്ങൾക്കാവും യൂസേഴ്‌സ് ഫീ തുക വിനിയോഗിക്കുക.