- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു പേരിൽ ജീവന് തുടിപ്പേകി ഉഷാ ബോബൻ യാത്രയായി; മൃതസഞ്ജീവനി വഴിയുള്ള ഈ വർഷത്തെ 12-ാമത്തെ അവയവദാനം ഉഷാ ബോബനിലൂടെ; വാഹനപകടത്തിൽ മരിച്ച ഉഷയുടെ കരളും വൃക്കകളും നേത്രപടലങ്ങളും ഇനി അഞ്ച് പേരിലൂടെ ജീവിക്കും
തിരുവനന്തപുരം: അഞ്ച് പേർക്ക് ജീവൻതുടിപ്പേകി ഉഷ ബോബൻ യാത്രയായി. മൃതസഞ്ജീവനി വഴിയുള്ള ഈ വർഷത്തെ 12-ാമത്തെ അവയവദാനമാണ് ഓച്ചിറ സ്വദേശിനി ഉഷാ ബോബന്റേത്. ഓച്ചിറ ചങ്ങൻകുളങ്ങര ഉഷസിൽ ഉഷാബോബന്റെ കരളും വൃക്കകളും നേത്രപടലങ്ങളും അഞ്ചു രോഗികൾക്കാണ് ദാനം ചെയ്യുന്നത്. നവംബർ മൂന്നിന് ഭർത്താവ് ബോബനോടൊപ്പം യാത്ര ചെയ്തിരുന്ന സ്കൂട്ടറിൽ കന്നേറ്റിപ്പാലത്തിന് സമീപം വച്ച് ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ ഉഷാ ബോബൻ കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ബന്ധുക്കൾ അവയവദാനമെന്ന മഹത് ദാനത്തിന് തയ്യാറാകുകയായിരുന്നു.
തുടർന്ന് സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ പ്രസക്തി ഉഷാ ബോബന്റെ ബന്ധുക്കൾക്ക് ആ തീരുമാനം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതിന് പ്രചോദനമേകി. അവയവദാനത്തിന് ഉഷാ ബോബന്റെ ബന്ധുക്കൾ തയ്യാറായതറിഞ്ഞ് ആരോഗ്യ മന്ത്രി വീണാ ജോർജ് ആദരമറിയിക്കുകയും തുടർനടപടികൾ എത്രയും വേഗം പൂർത്തീകരിക്കുന്നതിന് നിർദ്ദേശം നൽകുകയും ചെയ്തു.
കിംസിലെ സീനിയർ ട്രാൻസ്പ്ലാന്റ് കോ ഓർഡിനേറ്റർ ഡോ പ്രവീൺ മുരളീധരൻ, ട്രാൻസ്പ്ലാന്റ് പ്രൊക്യുവർമെന്റ് മാനേജർ ഡോ മുരളീകൃഷ്ണൻ, ട്രാൻസ്പ്ലാന്റ് കോ ഓർഡിനേറ്റർ ഷബീർ എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തീകരിച്ച് ഞായർ വൈകിട്ടോടെ ശസ്ത്രക്രിയ ആരംഭിച്ചു. ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും ഒരു വൃക്ക മെഡിക്കൽ കോളജ് ആശുപത്രിയിലും നേത്രപടലങ്ങൾ ഗവ. കണ്ണാശുപത്രിയിലും ചികിത്സയിലുള്ള രോഗികൾക്കാണ് നൽകിയത്.
മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്ക് യൂറോളജി വിഭാഗം മേധാവി ഡോ വാസുദേവൻ, ഡോ ഉഷ (അനസ്തേഷ്യ) എന്നിവരുടെ നേതൃത്വത്തിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. മൃതസഞ്ജീവനിയുടെ അമരക്കാരായ ഡി എം ഇ ഡോ റംലാബീവി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ്, ഡോ നോബിൾ ഗ്രേഷ്യസ്, കോ- ഓർഡിനേറ്റർമാർ എന്നിവരുടെ ഏകോപനത്തിലൂടെ രാത്രി വൈകി അവയവദാന പ്രക്രിയ പൂർത്തീകരിച്ചു.
ഉഷാ ബോബന്റെ മകൾ: ഷിബി ബോബൻ. മരുമകൻ: സുജിത് (ആർമി). സംസ്കാരം തിങ്കളാഴ്ച ഉച്ചയോടെ വീട്ടുവളപ്പിൽ
മറുനാടന് ഡെസ്ക്