- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജില്ലാ പ്രസിഡന്റുമാരിൽ 10 പേരും പിള്ളയുടെ മകൾക്കൊപ്പം; കേരളാ കോൺഗ്രസ് ബിയിൽ ഉഷാ മോഹൻദാസിന് മേൽകൈ; പാർട്ടി അധ്യക്ഷയായി ബാലകൃഷ്ണ പിള്ളയുടെ മകൾ; അനുജൻ 'വെറും' എംഎൽഎ മാത്രമായി തുടരുമെന്ന് ചേച്ചി; നിർണ്ണായകമാകുക പിണറായിയുടെ മനസ്സ്; ഉഷയും കൂട്ടരും യുഡിഎഫിൽ എത്താൻ സാധ്യത
കൊച്ചി: ആർ ബാലകൃഷ്ണപിള്ളയുടെ കേരള കോൺഗ്രസ് ബി പിളർന്നു. കെ.ബി. ഗണേശ് കുമാർ എംഎൽഎയുടെ സഹോദരി ഉഷ മോഹൻദാസിനെ പിളർന്ന വിഭാഗത്തിന്റെ പുതിയ അധ്യക്ഷയായി തെരഞ്ഞെടുത്തു. കൊച്ചിയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. നിലവിൽ ഇടതുപക്ഷത്താണ് പിള്ളയുടെ കേരളാ കോൺഗ്രസ് ബി. മുഖ്യമന്ത്രി പിണറായി വിജയൻ എടുക്കുന്ന തീരുമാനമാണ് ഇനി നിർണ്ണായകം. ഇടതുപക്ഷം ഈ പിളർപ്പിനെ അംഗീകരിച്ചില്ലെങ്കിൽ ഉഷാ മോഹൻദാസും കൂട്ടരും യുഡിഎഫിനൊപ്പം ചേരും.
ഏകാധിപതിയെ പോലെയാണ് ഗണേശ് കുമാർ പ്രവർത്തിക്കുന്നതെന്ന് ഉഷ മോഹൻദാസ് മാധ്യമങ്ങളോട് പറഞ്ഞു. കഴിവുള്ള എംഎൽഎയാണ് ഗണേശ്. എന്നാൽ, ചെയ്യേണ്ട കടമകൾ ഗണേശ് ചെയ്യുന്നുണ്ടോ എന്ന് സംശയമുണ്ട്. ഒരു ജനകീയനാകുമ്പോൾ സ്വന്തം ഇഷ്ടപ്രകാരം മുന്നോട്ടു പോകാൻ സാധിക്കില്ല. ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും സഹകരിച്ചാണ് മുന്നോട്ടു പോകേണ്ടത്. ഭൂരിപക്ഷം സംസ്ഥാന കമ്മിറ്റിയംഗങ്ങളും ജില്ല പ്രസിഡന്റുമാരും തങ്ങളോടൊപ്പമാണെന്നും ഉഷ മോഹൻദാസ് വ്യക്തമാക്കി.
ഗണേശ് കുമാർ പാർട്ടിയുടെ എംഎൽഎയായി തുടരും. അദ്ദേഹത്തെ പാർട്ടിയിൽ തിരികെ എത്തിക്കാനുള്ള നടപടി സ്വീകരിക്കും. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാൽ പുറത്താക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും വർക്കിങ് ചെയർമാനും മുൻ എംഎൽഎയുമായ എം.കെ. മണി വ്യക്തമാക്കി. 14 ജില്ല പ്രസിഡന്റുമാരിൽ 10 പേർ യോഗത്തിൽ പങ്കെടുത്തു. രണ്ട് പേർ നേരത്തെ മരിച്ചിരുന്നു. രണ്ടു പേർ യോഗത്തിൽ എത്തിയില്ലെന്നും പിളർന്ന വിഭാഗം വ്യക്തമാക്കുന്നു. പത്തനാപുരം സീറ്റിൽ മത്സരിക്കുകയാണ് ഉഷാ മോഹൻദാസിന്റെ തീരുമാനം. ഇതിന് മുന്നോടിയായാണ് പാർട്ടിയിൽ സജീവമാകുന്നത്.
മുന്നോക്ക സമുദായ വികസന കോർപ്പറേഷനിൽ ചെയർമാനായി കെജി പ്രേംജിത്തിനെ നിയമിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ മൂലകാരണം. കെബി ഗണേശ് കുമാർ ഏകപക്ഷീയമായി നടത്തിയ നീക്കമാണ് ഇതെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾ പോലും പറയുന്നു. ഈ സാഹചര്യത്തെ മുതലെടുത്ത് കേരളാ കോൺഗ്രസ് ബിയിൽ ഗണേശിന്റെ സഹോദരിയായ ഉഷാ മോഹൻദാസ് ഇടപെടുകയായിരുന്നു. ഇടതുപക്ഷം ഗണേശിനൊപ്പം നിൽക്കും. ഈ സാഹചര്യത്തിൽ കേരളാ കോൺഗ്രസ് ബി പിളർന്നാൽ ഉഷാ മോഹൻദാസും സംഘവും യുഡിഎഫിൽ എത്താനാണ് സാധ്യത.
പത്തനാപുരത്ത് മത്സരിക്കാനാണ് ഉഷാ മോഹൻദാസ് തയ്യാറെടുക്കുന്നത്. അതിനിടെ മറ്റൊരു രസകരമായ സംഭവവും കേരളാ കോൺഗ്രസ് ബി പ്രവർത്തകരെ ചിന്തിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ അത്ര കണ്ട് സജീവമല്ല ഗണേശ്. ഇതിനിടെ കുറച്ചു ദിവസം മുമ്പ് ഗണേശ് കുമാറിന്റെ പേരിൽ ഒരു പേജ് ഫെയ്സ് ബുക്കിലുണ്ടായി. ഇതിനോട് പ്രവർത്തകർ നന്നായി പ്രതികരിച്ചു. നിരവധി ലൈക്കുകളും കിട്ടി. അങ്ങനെ ഈ പേജിന്റെ പ്രചാരം പെട്ടെന്ന് കൂടുകയും ചെയ്തു. എന്നാൽ ഒരു ദിവസം ഈ പേജിൽ നിന്ന് കെബി ഗണേശ് കുമാർ എന്ന പേര് അപ്രത്യക്ഷമായി. പകരം എത്തിയത് ബാലകൃഷ്ണ പിള്ളയുടെ ചിത്രത്തിനൊപ്പം ഉഷാ മോഹൻദാസ് എന്ന പേരും. ആരോ ഗണേശ് കുമാറിന്റെ പേരുപയോഗിച്ച് മറ്റൊരാൾക്ക് വേണ്ടി ഉണ്ടാക്കിയതായിരുന്നു ആ പേജെന്ന് പിന്നീടാണ് പത്തനാപുരത്തുകാരും കേരളാ കോൺഗ്രസിലെ ഗണേശ് അനുകൂലികളും പോലും മനസ്സിലാക്കിയത്. ഈ സോഷ്യൽ മീഡിയാ ചതിയിൽ ഗണേശ് പൊലീസിൽ പരാതി നൽകുമെന്നും സൂചനയുണ്ട്. ഈ പേജ് ഇപ്പോൾ ലഭ്യവുമല്ല. ആരാണ് ഈ പേജിന് പിന്നിലെന്ന് ആർക്കും ഇനിയും അറിയില്ലെന്നതാണ് വസ്തുത.
മുന്നോക്ക സമുദായ വികസന കോർപ്പറേഷൻ ചെയർമാനായി പ്രേംജിത്തിനെ ഗണേശ് ഏകപക്ഷീയമായി നിശ്ചയിച്ചുവെന്നാണ് പരാതി. എന്നാൽ ബാലകൃഷ്ണ പിള്ള ജീവിച്ചിരുന്നപ്പോൾ തന്നെ പ്രേംജിത്തിനെ ഈ സ്ഥാനത്ത് തന്റെ പിൻഗാമിയായി നിർദ്ദേശിച്ചിരുന്നുവെന്ന് ഗണേശ് പറയുന്നു. പിള്ളയുടെ അടുത്ത ബന്ധൂ കൂടിയാണ് പ്രേംജിത്ത്. പ്രേംജിത്തിനോട് പിള്ളയ്ക്കുണ്ടായിരുന്ന വാൽസല്യവും സ്നേഹവും പാർട്ടിക്കാർക്കും അറിയാം. അതുകൊണ്ട് തന്നെ മുന്നോക്ക കോർപ്പറേഷനിലെ തീരുമാനം അച്ഛന്റേതാണെന്നാണ് ഗണേശ് വിശദീകരിക്കുന്നത്. എന്നാൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് പോലും ഇത് അംഗീകരിക്കാൻ കഴിയുന്നില്ല. ആകെ ഒരു എംഎൽഎ സീറ്റ് മാത്രമുള്ള പാർട്ടിയിൽ ഞങ്ങൾ പ്രവർത്തിക്കുന്നത് എന്തിനാണെന്ന ചോദ്യമാണ് അവർ ചോദിക്കുന്നത്. ഈ വികാരത്തെയാണ് പാർട്ടിയിലെ ഗണേശ് വിരുദ്ധർ കരുത്താക്കുന്നത്.
കേരളാ കോൺഗ്രസ് ബിയിൽ പിള്ളയ്ക്കൊപ്പം നിന്ന പല മുതിർന്ന നേതാക്കളും ഗണേശുമായി അകന്നു്. എന്നാൽ പത്തനാപുരത്തെ പാർട്ടിയിൽ ഒന്നും സംഭവിക്കുന്നുമില്ല. അവിടെ ഗണേശിന് വ്യക്തമായ പിന്തുണയും അംഗീകാരവും ഉണ്ട്. അതുകൊണ്ട് തന്നെ മറ്റ് വിഷയങ്ങളൊന്നും തന്നെ ബാധിക്കില്ലെന്ന നിലപാടിലാണ് ഗണേശ്. ഇടതു മുന്നണിയും പത്തനാപുരത്തെ ജനകീയ നേതാവായ ഗണേശിനെ കൈവിടില്ല. പത്തനാപുരത്ത് കേരളാ കോൺഗ്രസ് ബിയിൽ ഗണേശ് എന്ന ഒറ്റ നേതാവ് മാത്രമേയുള്ളൂ. മുമ്പ് ഇവിടെ സജീവമായിരുന്ന ഗണേശ് കുമാറിന്റെ മറ്റൊരു അനന്തരവനായ ശരണ്യ മനോജും ഇപ്പോൾ ഗണേശിനെതിരെ പരസ്യമായി പ്രവർത്തനമൊന്നും നടത്തുന്നില്ല. കോൺഗ്രസിലാണ് ശരണ്യാ മനോജ് ഇപ്പോഴുള്ളത്. പിള്ളയുടെ കുടുംബത്തിലെ സ്വത്ത് തർക്കത്തിൽ പോലും ശരണ്യാ മനോജ് ഗണേശിനെ തള്ളി പറഞ്ഞിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
ഈ സാഹചര്യത്തിലാണ് ഗണേശ് കുമാറിനെതിരെ സഹോദരി ഉഷാ മോഹൻദാസിനെ ഇറക്കി നേതൃത്വം പിടിക്കാൻ ഒരുവിഭാഗം രംഗത്തു വന്നത്. പാർട്ടിയുടെ ഏക എംഎൽഎയാണ് കെ.ബി. ഗണേശ്കുമാർ. ചെയർമാനായിരുന്ന ആർ ബാലകൃഷ്ണപിള്ളയുടെ മരണശേഷം പുതിയ ചെയർമാനെ തെരഞ്ഞെടുക്കുന്നതിനടക്കം ഗണേശ് തയാറാകുന്നില്ലെന്നാണ് ഒരുവിഭാഗത്തിന്റെ ആക്ഷേപം. സംസ്ഥാനസമിതി വിളിച്ചുചേർക്കാൻ പല തവണ ആവശ്യപ്പെട്ടിട്ടും ഗണേശ് ഗൗനിക്കുന്നില്ലെന്നാണ് പരാതി. ഈ സാഹചര്യത്തിലാണ് വിമതവിഭാഗം സ്വന്തം നിലയ്ക്ക് യോഗം വിളിച്ചു ചേർത്തത്. പാർട്ടിയുടെ ഏക എംഎൽഎ ഗണേശ് കുമാർ ആണെന്നിരിക്കെ, വിമതനീക്കങ്ങളോട് സിപിഎം എടുക്കുന്ന തീരുമാനം നിർണ്ണായകമാകും. പാർട്ടി പിളർന്നാൽ രണ്ടാം പാദത്തിൽ ഗണേശിന് മന്ത്രിസ്ഥാനം കിട്ടാനും സാധ്യതയില്ല. ഗണേശിന് മന്ത്രിസ്ഥാനം കിട്ടാതിരിക്കാനാണ് ഇപ്പോഴത്തെ വിമത നീക്കമെന്നും സൂചനയുണ്ട്.
ആർ ബാലകൃഷ്ണ പിള്ളയുടെ വീട്ടിലെ സ്വത്ത് തർക്കത്തിന് കാരണം നേതാവ് രണ്ടാമത് എഴുതിയ വിൽപത്രമാണ്. വളരെ മുമ്പു തന്നെ പിള്ള തന്റെ സ്വത്തുക്കൾ മൂന്ന് മക്കൾക്കുമായി വിഭജിച്ച് വിൽപത്രം എഴുതിയിരുന്നു. ഇത് റദ്ദാക്കി വീണ്ടും വിൽപത്രം എഴുതിയതാണ് കുടുംബ പ്രശ്നത്തിന് കാരണമായത്. രണ്ടാമത് എഴുതിയ വിൽപത്രത്തിൽ കടുംബ വീടുൾപ്പെടെ ഗണേശ് കുമാറിനായി. ഈ സാഹചര്യത്തിലാണ് ബാലകൃഷ്ണ പിള്ളയുടെ മൂത്തമകൾ ഉഷാ മോഹൻദാസ് പരാതിയുമായി എത്തി. ഈ സാഹചര്യം മുതലെടുക്കുകയാണ് പാർട്ടി വിമതരും.
ഗണേശ് കുമാറിന്റെ ആദ്യ വിവാഹ മോചനവുമായി ബന്ധപ്പെട്ട് അച്ഛനും മകനും തമ്മിൽ ചില്ലറ പ്രശ്നമുണ്ടായിരുന്നു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിന്ന് ഗണേശിന് പുറത്തു പോകേണ്ടിയും വന്നു. അച്ഛനും മകനും തമ്മിലെ ഭിന്നത അന്ന് കേരള രാഷ്ട്രീയവും ഏറെ ചർച്ച ചെയ്തു. വിവാഹ മോചനത്തിന് വേണ്ടി ചില കരാറുകൾ പിള്ളയും അംഗീകരിച്ചു. അച്ഛനും മകനും രണ്ടു വഴിക്കായി യാത്ര. അന്നെല്ലാം അനന്തരവനായിരുന്ന ശരണ്യാ മനോജായിരുന്നു പിള്ളയ്ക്കൊപ്പം. പിന്നീട് മനോജും പിള്ളയും അകന്നു. മനോജ് കോൺഗ്രസിൽ പോലും ചേർന്നു. ഇതോടെ വീണ്ടും അച്ഛനും മകനും അടുക്കുകയായിരുന്നു. മകനുമായി പിണക്കമുണ്ടായിരുന്നപ്പോഴായിരുന്നു ആദ്യ വിൽപത്രം എഴുതിയത്.
പിള്ളയുടെ ഭാര്യ മരിച്ചതോടെ വാളകത്തെ വീട്ടിൽ സ്ഥിരമായി തന്നെ ഗണേശ് താമസിക്കുകയും ചെയ്തു. അച്ഛന്റെ കാര്യങ്ങളെല്ലാം നോക്കുകയും ചെയ്തു. ഇതോടെ മകനോട് അച്ഛന് കൂടുതൽ താൽപ്പര്യം വന്നു. അങ്ങനെ ആദ്യ വിൽപത്രം റദ്ദാക്കി പുതിയത് എഴുതുകയും ചെയ്തു. ഇക്കാര്യം മറ്റ് മക്കളൊന്നും അറിഞ്ഞതുമില്ല. വാളകത്തെ വീടടക്കം ഗണേശിന് പിള്ള നൽകിയെന്നാണ് സൂചന. പിള്ളയുടെ മരണ ശേഷം പുതിയ വിൽപത്രം ചർച്ചയായി. ഇതോടെയാണ് മൂത്തമകളായ തനിക്കുണ്ടായ നഷ്ടം ഉഷാ മോഹൻദാസ് തിരിച്ചറിയുന്നത്. പിള്ളയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന സ്‌കൂൾ അടക്കം പുതിയ വിൽപത്രത്തിൽ ഗണേശിന് നൽകി. ഇതിൽ നിന്ന് തന്റെ രാഷ്ട്രീയ പിൻഗാമി ആരെന്ന് പിള്ള വ്യക്തമാക്കിയതാണ്. പക്ഷേ വിട്ടു കൊടുക്കാൻ മൂത്ത മകൾ തയ്യാറുമല്ല.
കേന്ദ്ര ഷിപ്പിങ് സെക്രട്ടറി പദം വരെ വഹിച്ച വിരമിച്ച ഐഎഎസുകാരനായ മോഹൻദാസാണ് ഉഷയുടെ ഭർത്താവ്. പിള്ളയ്ക്ക് ഉഷയും ഗണേശും അടക്കം മൂന്നു മക്കളാണുള്ളത്. അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ടി ബാലകൃഷ്ണന്റെ ഭാര്യ ബിന്ദുവാണ് പിള്ളയുടെ രണ്ടാം മകൾ. ഗണേശ് ഇളവനും. മുമ്പ് പലപ്പോഴും കുടുംബ പരമായ കാര്യങ്ങൾ കാരണമായിരുന്നു ഗണേശിന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നത്. അച്ഛൻ ബാലകൃഷ്ണപിള്ളയ്ക്ക് എതിരായ കോടതി ഇടപെടലിനെ തുടർന്നാണ് യുഡിഎഫ് കാലത്ത് ഗണേശ് മന്ത്രിയാകുന്നത്. അച്ഛൻ കുറ്റവിമുക്തനായതോടെ മന്ത്രിസ്ഥാനം ഒഴിഞ്ഞു. ഉമ്മൻ ചാണ്ടി അധികാരത്തിൽ എത്തിയപ്പോഴും മന്ത്രിയായി. എന്നാൽ അച്ഛനും മുൻ ഭാര്യയായിരുന്ന യാമിനിയുടെ പരാതികളും വിനയായി. ഇതോടെ മന്ത്രിസ്ഥാനം നഷ്ടമാവുകയും ചെയ്തു. പിന്നീട് ഇടതു പക്ഷത്തെത്തി. പിണറായിയുടെ ആദ്യ മന്ത്രിസഭയിൽ അംഗത്വം കിട്ടിയില്ല.
എന്നാൽ രണ്ടാം മന്ത്രിസഭയിൽ മുഴുവൻ ടേമും ഗണേശിന് കൊടുക്കണമെന്ന് പിണറായിക്ക് താൽപ്പര്യമുണ്ടായിരുന്നു. ഇതിനിടെയാണ് സഹോദരിയുടെ പരാതി എത്തിയത്. മന്ത്രിസഭയെ തുടക്കത്തിൽ തന്നെ വിവാദത്തിലാക്കാൻ പിണറായി ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാണ് ഗണേശിനെ ആദ്യ പാദത്തിൽ മാറ്റി നിർത്തിയത്. രണ്ടരക്കൊല്ലത്തിന് ശേഷം മന്ത്രിയാക്കാമെന്ന് ഉറപ്പും നൽകി. ഇത് അട്ടിമറിക്കാനാണ് ഇപ്പോൾ പാർട്ടിയിലെ വിമതരുടെ ശ്രമം.
മറുനാടന് മലയാളി ബ്യൂറോ