കൊല്ലം: ബാലകൃഷ്ണ പിള്ള രാഷ്ട്രീയ പിൻഗാമിയായി കണ്ടിരുന്നത് കെബി ഗണേശ് കുമാറിനെ തന്നെ. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ പാർട്ടി സ്ഥാനാർത്ഥിയായി തന്റെ പേര് ഐകകണ്ഠ്യേന നിർദ്ദേശിക്കപ്പെട്ടെന്നും കെ.ബി.ഗണേശ്‌കുമാറിന്റെ പ്രതിഷേധം മൂലം ഒഴിവാകുകയായിരുന്നെന്നും കേരള കോൺഗ്രസ് (ഉഷ മോഹൻദാസ്) വിഭാഗം ചെയർപഴ്സൻ ഉഷ മോഹൻദാസ് വെളിപ്പെടുത്തുമ്പോൾ തെളിയുന്നത് ഇതാണ്.

'ഞാൻ രംഗത്തു വന്നാൽ തനിക്കു പിടിച്ചുനിൽക്കാൻ കഴിയില്ലെന്നു കണ്ടാണു ഗണേശ്‌കുമാർ എതിർത്തത്' ഫേസ്‌ബുക് പോസ്റ്റിൽ ഉഷ പറയുന്നു. കൊട്ടാരക്കരയിൽ സ്ഥാനാർത്ഥിയാകാൻ നാമനിർദ്ദേശപത്രിക തയാറാക്കിയതാണെന്നും പാർട്ടി വിടുമെന്നുള്ള ഗണേശ്‌കുമാറിന്റെ ഭീഷണിയെത്തുടർന്നു പിന്മാറുകയായിരുന്നെന്നും പിന്നീട് ഉഷ മോഹൻദാസ് പ്രതികരിച്ചു. എല്ലാ കാര്യങ്ങളും ഉമ്മൻ ചാണ്ടിക്ക് അറിയാമെന്നും പറഞ്ഞു. ഇതിൽ നിന്ന് തന്നെ ബാലകൃഷ്ണ പിള്ള ജീവിച്ചിരുന്നപ്പോഴും രാഷ്ട്രീയകാര്യങ്ങളിൽ ഗണേശിന് പ്രാധാന്യം കൊടുത്തിരുന്നുവെന്നാണ് വ്യക്തമാകുന്നത്. അതിനിടെ ഉഷാ മോഹൻദാസിന്റെ വിഭാഗത്തെ ഇടതു മുന്നണി അംഗീകരിക്കില്ല. ഗണേശിനൊപ്പമാണ് സിപിഎം.

യുഡിഎഫിലേക്ക് ഉഷ പോകുമെന്നാണ് സൂചനകൾ. കൊട്ടാരക്കരയിൽ 2011ൽ അയോഗ്യത മൂലം പിള്ളയ്ക്ക് മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല. അഴിമതി കേസിലെ വിധിയായിരുന്നു ഇതിന് കാരണം. ഇതോടെയാണ് മറ്റ് സ്ഥാനാർത്ഥികളിലേക്ക് ചർച്ച എത്തിയത്. അന്ന് താനും മത്സരിക്കാൻ സന്നദ്ധയായിരുന്നുവെന്നാണ് ഉഷ പറയുന്നത്. എന്നാൽ ഗണേശിന്റെ എതിർപ്പ് മുഖവിലയ്ക്ക് എടുത്ത് പിള്ള അതിന് തടസ്സം നിന്നു എന്നു വേണം കരുതാൻ. ആ സമയത്ത് പാർട്ടിയിലെ ഏക അനിഷേധ്യ നേതാവായിരുന്നു പിള്ള. ഗണേശിനെ തന്റെ രാഷ്ട്രീയ പിൻഗാമിയായി അന്ന് തന്നെ പിള്ള കണ്ടിരുന്നു. ഇതിന് തെളിവാണ് ഉഷയുടെ വെളിപ്പെടുത്തലും.

പത്തനാപുരത്ത് മത്സരിക്കാനാണ് ഉഷാ മോഹൻദാസ് തയ്യാറെടുക്കുന്നത്. അതിനിടെ മറ്റൊരു രസകരമായ സംഭവവും കേരളാ കോൺഗ്രസ് ബി പ്രവർത്തകരെ ചിന്തിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ അത്ര കണ്ട് സജീവമല്ല ഗണേശ്. ഇതിനിടെ കുറച്ചു ദിവസം മുമ്പ് ഗണേശ് കുമാറിന്റെ പേരിൽ ഒരു പേജ് ഫെയ്‌സ് ബുക്കിലുണ്ടായി. ഇതിനോട് പ്രവർത്തകർ നന്നായി പ്രതികരിച്ചു. നിരവധി ലൈക്കുകളും കിട്ടി. അങ്ങനെ ഈ പേജിന്റെ പ്രചാരം പെട്ടെന്ന് കൂടുകയും ചെയ്തു. എന്നാൽ ഒരു ദിവസം ഈ പേജിൽ നിന്ന് കെബി ഗണേശ് കുമാർ എന്ന പേര് അപ്രത്യക്ഷമായി. പകരം എത്തിയത് ബാലകൃഷ്ണ പിള്ളയുടെ ചിത്രത്തിനൊപ്പം ഉഷാ മോഹൻദാസ് എന്ന പേരും. ആരോ ഗണേശ് കുമാറിന്റെ പേരുപയോഗിച്ച് മറ്റൊരാൾക്ക് വേണ്ടി ഉണ്ടാക്കിയതായിരുന്നു ആ പേജെന്ന് പിന്നീടാണ് പത്തനാപുരത്തുകാരും കേരളാ കോൺഗ്രസിലെ ഗണേശ് അനുകൂലികളും പോലും മനസ്സിലാക്കിയത്.

ഇതിനൊപ്പമാണ് കേരളാ കോൺഗ്രസ് ബിയിലെ ഒരു വിഭാഗം കലാപവുമായി വന്നത്. മുന്നോക്ക സമുദായ വികസന കോർപ്പറേഷൻ ചെയർമാനായി പ്രേംജിത്തിനെ ഗണേശ് ഏകപക്ഷീയമായി നിശ്ചയിച്ചുവെന്നാണ് പരാതി. എന്നാൽ ബാലകൃഷ്ണ പിള്ള ജീവിച്ചിരുന്നപ്പോൾ തന്നെ പ്രേംജിത്തിനെ ഈ സ്ഥാനത്ത് തന്റെ പിൻഗാമിയായി നിർദ്ദേശിച്ചിരുന്നുവെന്ന് ഗണേശ് പറയുന്നു. പിള്ളയുടെ അടുത്ത ബന്ധൂ കൂടിയാണ് പ്രേംജിത്ത്. പ്രേംജിത്തിനോട് പിള്ളയ്ക്കുണ്ടായിരുന്ന വാൽസല്യവും സ്‌നേഹവും പാർട്ടിക്കാർക്കും അറിയാം. അതുകൊണ്ട് തന്നെ മുന്നോക്ക കോർപ്പറേഷനിലെ തീരുമാനം അച്ഛന്റേതാണെന്നാണ് ഗണേശ് വിശദീകരിക്കുന്നത്. എന്നാൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് പോലും ഇത് അംഗീകരിക്കാൻ കഴിയുന്നില്ല. ആകെ ഒരു എംഎൽഎ സീറ്റ് മാത്രമുള്ള പാർട്ടിയിൽ ഞങ്ങൾ പ്രവർത്തിക്കുന്നത് എന്തിനാണെന്ന ചോദ്യമാണ് അവർ ചോദിക്കുന്നത്. ഈ വികാരത്തെയാണ് പാർട്ടിയിലെ ഗണേശ് വിരുദ്ധർ കരുത്താക്കുന്നത്.

കേരളാ കോൺഗ്രസ് ബിയിൽ പിള്ളയ്‌ക്കൊപ്പം നിന്ന പല മുതിർന്ന നേതാക്കളും ഗണേശുമായി അകന്നിട്ടുണ്ട്. എന്നാൽ പത്തനാപുരത്തെ പാർട്ടിയിൽ ഒന്നും സംഭവിക്കുന്നുമില്ല. അവിടെ ഗണേശിന് വ്യക്തമായ പിന്തുണയും അംഗീകാരവും ഉണ്ട്. അതുകൊണ്ട് തന്നെ മറ്റ് വിഷയങ്ങളൊന്നും തന്നെ ബാധിക്കില്ലെന്ന നിലപാടിലാണ് ഗണേശ്. ഇടതു മുന്നണിയും പത്തനാപുരത്തെ ജനകീയ നേതാവായ ഗണേശിനെ കൈവിടില്ല. പത്തനാപുരത്ത് കേരളാ കോൺഗ്രസ് ബിയിൽ ഗണേശ് എന്ന ഒറ്റ നേതാവ് മാത്രമേയുള്ളൂ. മുമ്പ് ഇവിടെ സജീവമായിരുന്ന ഗണേശ് കുമാറിന്റെ മറ്റൊരു അനന്തരവനായ ശരണ്യ മനോജും ഇപ്പോൾ ഗണേശിനെതിരെ പരസ്യമായി പ്രവർത്തനമൊന്നും നടത്തുന്നില്ല. കോൺഗ്രസിലാണ് ശരണ്യാ മനോജ് ഇപ്പോഴുള്ളത്. പിള്ളയുടെ കുടുംബത്തിലെ സ്വത്ത് തർക്കത്തിൽ പോലും ശരണ്യാ മനോജ് ഗണേശിനെ തള്ളി പറഞ്ഞിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

ഈ സാഹചര്യത്തിലാണ് ഗണേശ് കുമാറിനെതിരെ സഹോദരി ഉഷാ മോഹൻദാസിനെ ഇറക്കി നേതൃത്വം വിമതർ പിടിച്ചത്. പാർട്ടിയുടെ ഏക എംഎൽഎയാണ് കെ.ബി. ഗണേശ്കുമാർ. ചെയർമാനായിരുന്ന ആർ ബാലകൃഷ്ണപിള്ളയുടെ മരണശേഷം പുതിയ ചെയർമാനെ തെരഞ്ഞെടുക്കുന്നതിനടക്കം ഗണേശ് തയാറാകുന്നില്ലെന്നാണ് ഒരുവിഭാഗത്തിന്റെ ആക്ഷേപം. ബാലകൃഷ്ണപിള്ളയുടെ മരണത്തെ തുടർന്ന് ഗണേശ്കുമാറിനാണ് താൽക്കാലിക ചെയർമാൻ ചുമതല. പിള്ള അന്തരിച്ചപ്പോൾ പാർട്ടി ചെയർമാൻ പദവി താത്കാലികമായി ഗണേശിന് കൈമാറിയെങ്കിലും അദ്ദേഹം പാർട്ടി നേതൃയോഗം വിളിക്കുന്നതടക്കം ഒന്നിനും തയ്യാറാകുന്നില്ലെന്ന ആക്ഷേപമുയർത്തുകയാണ് വിമതർ. പിന്നാലെ ഉഷ വിമതരുടെ നേതാവായി.

ആർ ബാലകൃഷ്ണ പിള്ളയുടെ വീട്ടിലെ സ്വത്ത് തർക്കത്തിന് കാരണം നേതാവ് രണ്ടാമത് എഴുതിയ വിൽപത്രമാണ്. വളരെ മുമ്പു തന്നെ പിള്ള തന്റെ സ്വത്തുക്കൾ മൂന്ന് മക്കൾക്കുമായി വിഭജിച്ച് വിൽപത്രം എഴുതിയിരുന്നു. ഇത് റദ്ദാക്കി വീണ്ടും വിൽപത്രം എഴുതിയതാണ് കുടുംബ പ്രശ്‌നത്തിന് കാരണമായത്. രണ്ടാമത് എഴുതിയ വിൽപത്രത്തിൽ കടുംബ വീടുൾപ്പെടെ ഗണേശ് കുമാറിനായി. ഈ സാഹചര്യത്തിലാണ് ബാലകൃഷ്ണ പിള്ളയുടെ മൂത്തമകൾ ഉഷാ മോഹൻദാസ് പരാതിയുമായി എത്തി. ഈ സാഹചര്യം മുതലെടുക്കുകയാണ് പാർട്ടി വിമതരും.