- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിള്ളയിലെ പിളർപ്പിനെ സിപിഎം അംഗീകരിക്കില്ല; പത്തനാപുരത്തെ ജനകീയൻ ഗണേശിനെ പിണറായിയും കൈവിടില്ല; ചേച്ചിക്കും കൂട്ടർക്കും യുഡിഎഫിലേക്ക് പോകേണ്ടി വരും; ഇടതു യോഗത്തിലും ഗണേശിനെ തന്നെ വിളിക്കും; ഇനി രാഷ്ട്രീയ മുഖ്യധാരയിൽ എട്ട് കേരളാ കോൺഗ്രസുകൾ; പ്രതികരിക്കാതെ ഗണേശും
തിരുവനന്തപുരം: ഗണേശ് കുമാറിന്റെ കേരളാ കോൺഗ്രസ് ബിയെ മാത്രമേ ഇടതു മുന്നണി അംഗീകരിക്കൂ. കേരള കോൺഗ്രസ് (ബി) പിളർന്നിരുന്നു. ആർ.ബാലകൃഷ്ണപിള്ളയുടെ മകൾ ഉഷാ മോഹൻദാസിനെ ചെയർപഴ്‌സനാക്കി പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു. പോൾ ജോസഫ് (വൈസ് ചെയർമാൻ), എം വിമാണി (വർക്കിങ് ചെയർമാൻ) എന്നിവരെയും നിയമിച്ചു. എൽഡിഎഫ് യോഗങ്ങളിലേക്ക് ഇനി മുതൽ ഉഷാ മോഹൻദാസിനെയും എം വിമാണിയേയുമാണു വിളിക്കേണ്ടതെന്ന് ആവശ്യപ്പെട്ട് ഇടതു മുന്നണി നേതൃത്വത്തിനു കത്തു നൽകുമെന്ന് പുതിയ നേതൃത്വം പറഞ്ഞു. എന്നാൽ ഇത് സിപിഎം അംഗീകരിക്കില്ല. ഗണേശിനൊപ്പമാകും സിപിഎം.
പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ അനുമതിയില്ലാതെ ബോർഡ് ചെയർമാൻ സ്ഥാനത്ത് എത്തിയവരെ നീക്കാനും ആവശ്യപ്പെടുമെന്ന് ഉഷ മോഹൻദാസ് വിശദീകരിച്ചിരുന്നു.. പാർട്ടി സംസ്ഥാന കമ്മിറ്റിക്കു കീഴിലാണു ബാലകൃഷ്ണപിള്ള ട്രസ്റ്റെന്ന് ഭാരവാഹികൾ വിശദീകരിച്ചു. കൊല്ലം ജില്ലാ പ്രസിഡന്റ് ഒഴികെ മറ്റു ജില്ലകളിൽ നിന്നുള്ള ഭാരവാഹികളെല്ലാം യോഗത്തിൽ പങ്കെടുത്തതായി അവർ അറിയിച്ചിരുന്നു. എന്നാൽ കൊല്ലത്ത് മാത്രമാണ് കേരളാ കോൺഗ്രസ് ബിക്ക് കരുത്തുള്ളത്. പത്തനംതിട്ടയിലും ഉണ്ട്. ഈ സാഹചര്യത്തിൽ ഗണേശിനെ അംഗീകരിച്ചാൽ മതിയെന്നതാണ് സിപിഎം നിലപാട്.
കേരള കോൺഗ്രസിലെ (ബി) പിളർപ്പ് കൂടിയായതോടെ സംസ്ഥാന രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ തന്നെ 8 കേരള കോൺഗ്രസുകളായി. കൂടുതൽ കേരളാ കോൺഗ്രസുകൾ ഇപ്പോൾ ഇടതുപക്ഷത്തോടൊപ്പമാണെന്നതും കൗതുകമാണ്. കെ.എം.മാണിയുടെ പൈതൃകം പേറുന്ന കേരള കോൺഗ്രസ് (എം) ഇപ്പോൾ ഇടതുമുന്നണിയിൽ. ഒപ്പം ആർ.ബാലകൃഷ്ണപിള്ള സ്ഥാപിച്ച കേരള കോൺഗ്രസ്(ബി), ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (സ്‌കറിയ തോമസ്) എന്നിവ മുന്നണിയിലെ ഘടകകക്ഷികളാണ്. ഗണേശ്‌കുമാർ നയിക്കുന്ന കേരള കോൺഗ്രസ് (ബി) ആണ് രണ്ടായിരിക്കുന്നത്. ഇതോടെ എൽഡിഎഫുമായി ബന്ധപ്പെട്ടു നിൽക്കുന്ന കേരള കോൺഗ്രസുകൾ തന്നെ അഞ്ചായി. ഇതിൽ സ്‌കറിയ തോമസ് വിഭാഗം 2 ചേരികളായാണു നിൽക്കുന്നത്.
പി.ജെ.ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസ്, ടി.എം.ജേക്കബ് സ്ഥാപിച്ച കേരള കോൺഗ്രസ് (ജേക്കബ്) എന്നിവയാണ് ഇപ്പോൾ യുഡിഎഫിലുള്ളത്. 'കേരള കോൺഗ്രസ്' എന്ന പേരിനു വേണ്ടി നടന്ന നിയമയുദ്ധങ്ങൾക്ക് ഒടുവിൽ അതു ലഭിച്ചത് പി.സി.തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിനായിരുന്നു. ആ വിഭാഗവും പി.ജെ.ജോസഫ് വിഭാഗവും കൂടി ലയിച്ചതോടെ ബ്രാക്കറ്റ് വേണ്ടാത്ത കേരള കോൺഗ്രസ് അദ്ദേഹത്തിന്റേതാണ്. എൻഡിഎയിലും ഉണ്ട് ഒരു കേരള കോൺഗ്രസ്. കുരുവിള മാത്യൂസ് ചെയർമാനായ നാഷനലിസ്റ്റ് കേരള കോൺഗ്രസ്. ഉഷാ മോഹൻദാസിന്റെ പാർട്ടിയെ സിപിഎം അംഗീകരിക്കില്ല. അതുകൊണ്ട് തന്നെ അവരും ഭാവിയിൽ യുഡിഎഫിലേക്ക് പോകും.
കെ.ബി.ഗണേശ് കുമാർ പാർട്ടി വൈസ് ചെയർമാൻ, പാർലമെന്ററി പാർട്ടി ലീഡർ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിക്കുമെന്നാണ് പുതിയ നേതൃത്വം അറിയിച്ചത്. കേരള കോൺഗ്രസ് (ബി) ചെയർമാനായിരുന്ന ആർ.ബാലകൃഷ്ണപിള്ളയുടെ മരണ ശേഷം മകൻ കെ.ബി.ഗണേശ്‌കുമാറായിരുന്നു ചെയർമാൻ. അദ്ദേഹം ചെയർമാൻ സ്ഥാനത്ത് സ്വയം അവരോധിച്ചതാണെന്ന് പുതിയ ഭാരവാഹികൾ പറഞ്ഞു. ഇതു സിപിഎം അംഗീകരിച്ചിട്ടില്ല. അതേസമയം, പിളർപ്പിന്റെ കാര്യത്തിൽ സിപിഎം പ്രതികരിച്ചിട്ടില്ല. കൊട്ടാരക്കരയിലോ പത്തനാപുരത്തോ മത്സരിക്കാനുള്ള ഉഷയുടെ മോഹമാണ് പുതിയ പിളർപ്പിന് കാരണമെന്ന് സിപിഎം വിലയിരുത്തുന്നുണ്ട്.
ചെറുകക്ഷികൾക്ക് ഊഴം വച്ചു മന്ത്രി സ്ഥാനം നൽകാൻ തീരുമാനിച്ചപ്പോൾ ആദ്യ ഊഴം ഇത്തവണ തീരുമാനിച്ചിരുന്നത് കെ.ബി.ഗണേശ് കുമാറിനാണ്. എന്നാൽ ബാലകൃഷ്ണപിള്ളയുടെ വിൽപത്രത്തിൽ ഗണേശ് കുമാർ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് സത്യപ്രതിജ്ഞയുടെ തലേദിവസം ഉഷ മോഹൻദാസ് മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കണ്ടതോടെയാണ് മന്ത്രിപദം ഗണേശിനു കിട്ടാതെ പോയത്. പാർട്ടിയുടെ ഏക എംഎൽഎ താനാണ് എന്നതാണ് ഗണേശിന് അനുകൂലമായ ഘടകം. ഇതിനൊപ്പം പത്തനാപുരത്തെ ജനകീയതയും ഗണേശിനെ തുണയാണ്. അതുകൊണ്ട് തന്നെ സിപിഎം ഗണേശിനെ കൈവിടില്ല.
മറുനാടന് മലയാളി ബ്യൂറോ