പി ടി ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സ് ഗുജറാത്തിൽ പരിശീലന കേന്ദ്രം ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേകക്ഷണ പ്രകാരമാണ് പി ടി ഉഷ ഗുജറാത്തി ൽ പരിശീലന കേന്ദ്രം തുടങ്ങുന്നത്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പരിശീലന കേന്ദ്രം തുടങ്ങാൻ ഉഷയെ ക്ഷണിച്ചത്.

ക്ഷണം സ്വീകരിച്ചെങ്കിലും കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് എന്നിവയുടെ തിരക്കിനാൽ ഗുജറാത്തിൽ പരിശീലന കേന്ദ്രം തുടാനുള്ള പദ്ധതി വൈകുകയായിരുന്നു. ഏഷ്യൻ ഗെയിംസ് കഴിഞ്ഞതോടെ പരിശീലന കേന്ദ്രം തുടങ്ങാനുള്ള സമ്മതം ഉഷ ഗുജറാത്ത് സർക്കാറിനെ അറിയിക്കുകയായിരുന്നു.

ഇപ്പോൾ കിനാലൂരിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിന്റെ മാതൃകയിൽ ഉള്ള കേന്ദ്രമാണ് ഗുജറാത്തിലും തുടങ്ങുക. പരിശീലനത്തിന് ഉഷ തന്നെ നേതൃത്വം നൽകും. കായികതാരങ്ങളെ തെരെഞ്ഞെടുക്കുന്നതും ഉഷ അടങ്ങുന്ന സെലക്ഷൻ കമ്മിറ്റിയാവും. ഇതിനെല്ലാം ഗുജറാത്ത് സർക്കാറിന്റെ പൂർണ്ണമായ സഹായവും സഹകരണവും പി ടി ഉഷക്ക് ലഭിക്കും.

ഗുജറാത്ത് കേന്ദ്രത്തിന്റെ ഉദ്ഘാടനം അടുത്തമാസം ഒൻപതിനും പതിനാലിനും ഇടയിൽ നടക്കും. കേന്ദ്രത്തിലേക്കുള്ള കായികതാരങ്ങളുടെ സെലക്ഷൻ അടുത്തമാസം ഒൻപത് മുത ൽ 14 വരെയുള്ള ദിവസങ്ങളിൽ ഗുജറാത്തിൽ നടത്തും. ആവശ്യമായ എല്ലാ സൗകര്യങ്ങളും ഗുജറാത്ത് സർക്കാർ ഉഷക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ രാജ്യത്തെ മികച്ച അത് ലറ്റുകളെ ഗുജറാത്തിലെ കേന്ദ്രത്തിൽ നിന്ന് വാർത്തെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഉഷയും ഗുജറാത്ത് സർക്കാറും.