- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടറായ ഐഎഎസുകാരി; കോഴിക്കോട്ടെ ജനകീയ കലക്ടറായും തിളങ്ങി; ബ്രിക്സ് ഡവലപ്മെന്റ് ബാങ്കിന്റെ രൂപീകരണ ചർച്ചയിലും നിർണായക പങ്കു വഹിച്ച നയതന്ത്രജ്ഞ; ആരോഗ്യവകുപ്പിന്റെ മുഖച്ഛായ മാറ്റിയ പദ്ധതികളുടെ അണിയറക്കാരി; ഉന്നത വിദ്യാഭ്യാസ വകുപ്പിലും നിർണായക റോളുകൾ; ഡോ. ഉഷ ടൈറ്റസ് സർവീസിൽ നിന്നു വിരമിച്ചത് മികച്ച നേട്ടങ്ങൾ സ്വന്തമാക്കി
തിരുവനന്തപുരം: എപ്പോഴും പ്രസരിപ്പോടെ പെരുമാറുന്ന ഉദ്യോഗസ്ഥ. ഡോ. ഉഷ ടൈറ്റസ് ഐഎഎസിനെ കുറിച്ച് കൂടെ ജോലി ചെയ്തവർ പറയുന്ന വാക്കുകൾ ഇങ്ങനെയാണ്. എനർജിയോടെ അവർ പെരുമാറുമ്പോൾ കൂടെ ജോലി ചെയ്യുന്നവരിലേക്കും ഉർജ്ജം പകരുന്ന വ്യക്തിത്വത്തിന് ഉടമ. ദ്വീർഘകാലത്തെ സർവീസിന് ശേഷം ഓർത്തുവെക്കാൻ നിരവധി നേട്ടങ്ങൽ ബാക്കിയാക്കിയാണ് ഡോ. ഉഷ ടൈറ്റസ് സർക്കാർ സർവീസിൽ നിന്നും വിരമിച്ചത്.
വിരമിക്കുമ്പോൾ ഐഎഎസ് ഉദ്യോഗസ്ഥയും ഉന്നതവിദ്യാഭ്യാസ, പരിസ്ഥിതി പ്രിൻസിപ്പൽ സെക്രട്ടറിമായിരുന്നു അവർ. 1993 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് ഉഷ. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ നിരവധി പദ്ധതികളുടെ ചുക്കാൻ പിടിക്കാൻ സാധിച്ചു എന്നതാണ് ഉഷ ടൈറ്റസിന്റെ പ്രത്യേകത. തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുമ്പോഴും രാഷ്ട്രീയനേതാക്കളുമായി കലഹിച്ചു പോകാതിരുന്ന വ്യക്തി കൂടിയായിരുന്നു അവർ.
കേന്ദ്രസർവീസിൽ ഇരിക്കവേ കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിൽ ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സ് ഡയറക്ടറായിരിക്കെ ജി20യിലും ബ്രിക്സ് ഡവലപ്മെന്റ് ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ് ബാങ്കിന്റെയും രൂപീകരണ ചർച്ചയിലും നിർണായക പങ്കു വഹിച്ചു.ഇക്കാരണം കൊണ്ടു തന്നെ കേന്ദ്രത്തിലെ ഭരണാധികാരികൾ ഓർത്തുവെക്കുന്ന വ്യക്തി കൂടിയാണ് ഉഷാ ടൈറ്റസ്.
കോഴിക്കോട് ജില്ലയിലെ ജനകീയ കലക്ടറായും പേരെടുത്ത വ്യക്തിയായിരുന്നു ഉഷ. കോഴിക്കോടിന് പുറമേ പാലക്കാട് ജില്ലയിലും കലക്ടർ പദവി അലങ്കരിച്ചു. സംസ്ഥാന ആരോഗ്യ സെക്രട്ടറി, ഐഐടി മദ്രാസ് രജിസ്റ്റ്രാർ പദവികളും വഹിച്ചു. മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടിസ് അവസാനിപ്പിച്ചത്, പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം തുടങ്ങിയ ഉത്തരവുകൾ നൽകിയത് ഡോ. ഉഷ ടൈറ്റസിന്റെ കാലത്താണ്.
ആരോഗ്യ വകുപ്പിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികൾക്ക് തുടക്കമിട്ടപ്പോൾ കുപ്പ് സെക്രട്ടറി സ്ഥാനത്ത് ഉഷാ ടൈറ്റസ് ഉണ്ടായിരുന്നു. ആരോഗ്യ മേഖലയിൽ വിവിധ പരിഷ്കരണങ്ങൾ നടപ്പാക്കിയതോടൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിൽ അടക്കം നിർണായക പങ്കുവഹിച്ചത് ഉഷ ടൈറ്റസായിരുന്നു. വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്, എം.ഡി ബിരുദം നേടിയ ശേഷമാണ് ഉഷ ടൈറ്റസ് സിവിൽ സർവീസിലേക്ക് പരിശ്രമിച്ചത.
1993 ഐ.എ.എസ് ബാച്ചുകാരിയായി സർവീസിൽ എത്തി. തിരൂരിലെ മലയാളം സർവ്വകലാശാലയുടെ വൈസ് ചാൻസലറായും ഉഷ ടൈറ്റസ് പ്രവർത്തിച്ചു. മലയാളസർവകലാശാലയുടെ അക്കാദമിക നിലവാരം ഉയർ ത്തുന്നതിന് ഏറ്റവും മുന്തിയ പരിഗണന നൽകിയവരുടെ കൂട്ടത്തിലാണ് അവർ. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്ന നിലയിൽ സ്വകാര്യ സർവ്വകലാശാലകളുടെ കടന്നുവരവിൽ വിദ്യാർത്ഥികൾ വഞ്ചിതരാകാതിരിക്കാനും മുന്നറിയിപ്പുമായും ഉഷ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു.
ജെയിൻ യൂണിവേഴ്സിറ്റി അടക്കമുള്ള വൻകിട യൂണിവേഴ്സിറ്റികളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ അവർ മുഖം നോക്കാതെ നടപടി സ്വീകരിക്കുകയുണ്ടായി. ഏറ്റവും ഒടുവിൽ ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ പ്രവർത്തനത്തിന് തുടക്കമിട്ട ശേഷമാണ് ഉഷ ടൈറ്റസ് സർവീസിൽ നിന്നും വിരമിച്ചത്. ദ്വീർഘകാലം കേരളത്തിൽ പ്രവർത്തിച്ച സംസ്ഥാനത്തിന്റെ സ്പന്ദനം അറിയുന്ന ഒരു ഉദ്യോഗസ്ഥ കൂടിയാണ് സെക്രട്ടറിയേറ്റിൽ നിന്നും പടിയിറങ്ങിയത്.
റെയിൽവേ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ടൈറ്റസ് പി. കോശിയാണു ഭർത്താവ്. ഗോവ കസ്റ്റംസിലെ ജോയിന്റ് കമ്മിഷണർ അമൃത ടൈറ്റസ് മകളാണ്. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ആഷ തോമസ് സഹോദരിയാണ്.
മറുനാടന് മലയാളി ബ്യൂറോ