റിയോ: നാളെ ഉസൈൻ ബോൾട്ട് എന്ന ഇതിഹാസ താരത്തിന് പിറന്നാളാണ്. മുപ്പതാം പിറന്നാൾ. ഇതിനിടയിൽ തന്നെ സ്പ്രിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച അത്‌ലറ്റായി ഈ ജമൈക്കക്കാരൻ മാറുന്നു. ആഗ്രഹിച്ചതെല്ലാം നേടി ഒളിമ്പിക്‌സിനോട് വിടപറയുകയാണ് ഇതിഹാസം. മൂന്ന് ഒളിമ്പിക്‌സിൽ നിന്ന് ഒൻപത് മെഡൽ. നൂറു മീറ്ററിലും ഇരുന്നൂറ് മീറ്ററിലും അജയ്യനായി സ്വർണം നേടിയ ബോൾട്ട് റിലേയിൽ ജമൈക്കയെ ഒന്നാമത് എത്തിച്ച് റിയോയിൽ ട്രിപ്പിൾ സ്വർണം നേടി.

നേരത്തെ നൂറ് മീറ്ററിൽ സ്വർണം നേടിയ ബോൾട്ട് ഇന്നലെ 200 മീറ്ററിലും വ്യക്തമായ ലീഡോടെ പൊന്നണിഞ്ഞു. എതിരാളികളെ ഏറെ പിന്നിലാക്കി 19.78 സെക്കൻഡിലായിരുന്നു 200 മീറ്ററിൽ ബോൾട്ട് ഫിനിഷ് ലൈൻ കടന്നത്. ഇതോടെ തുടർച്ചയായ മൂന്ന് ഒളിമ്പിക്‌സുകളിൽ സ്പ്രിന്റ് ഡബിൾ നേടുന്ന ആദ്യതാരമെന്ന ബഹുമതിയും ബോൾട്ടിന് കൈവന്നിരുന്നു. ഇതിനെ റിലേ നേട്ടത്തിലൂടെ മൂന്ന് തുടർച്ചയായ ട്രിപ്പിൾ എന്നാക്കുകയാണ് ഉസൈൻ ബോൾട്ട്. അങ്ങനെ റിയോയിലും ബോൾട്ട് താരമാകുന്നു. ഇനി വിരമിക്കലും. അതിന്റെ വേദനയിലാണ് വേഗ രാജാവിന്റെ ആരാധകർ. റിക്കോർഡുകൾ ഒന്നും തകർക്കാതെയാണ് പറക്കും മനുഷ്യൻ ഇത്തവണ ഒളിമ്പിക്‌സിൽ നിന്ന് മടങ്ങുന്നത്.

1977നു ശേഷം 100 മീറ്ററിലേയും 200 മീറ്ററിലേയും ലോകറെക്കോർഡുകൾക്ക് ഉടമയായ ആദ്യ കായികതാരമാണ് ബോൾട്ട്. 4ഃ100 മീറ്റർ റിലേയിലും അദ്ദേഹം ടീമംഗങ്ങളോടൊപ്പം റെക്കോർഡ് സൃഷ്ടിച്ചു. സ്പ്രിന്റിൽ 9 ഒളിംപിക് സ്വർണ മെഡലുകളും 11 ലോക ചാമ്പ്യൻ കിരീടങ്ങളും നേടുന്ന ആദ്യ കായികതാരമാണ് ബോൾട്ട്. തുടർച്ചയായ മൂന്ന് ഒളിമ്പിക്‌സ് മത്സരങ്ങളിൽ 100 മീറ്ററിലും 200 മീറ്ററിലും റിലേയിലും സ്വർണം നേടിയ ആദ്യ താരവും ബോൾട്ട് തന്നെ. 2013 ജൂലൈ മാസത്തിൽ റഷ്യയിലെ മോസ്‌കോയിൽ വച്ച് നടന്ന ലോകചാമ്പ്യൻഷിപ്പിൽ മൂന്നു സ്വർണമെഡലുകൾ നേടിയതോടെ ലോകചാമ്പ്യൻഷിപ്പുകളിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ താരം എന്ന പദവി അദ്ദേഹത്തിന് സ്വന്തമായിരുന്നു.

2015 ഓഗസ്റ്റ് 29ന് ബൈജിംഗിൽ നടന്ന ലോക അത്‌ലറ്റിക്ക് ചാംപ്യൻഷിപ്പിൽ ട്രിപ്പിൾ സ്വർണം ലഭിച്ചു. 100 മീറ്ററിലും 200 മീറ്ററിലും സ്വർണം നേടിയ ബോൾട്ട് ,4ഃ100 മീറ്റർ റിലേയിലും സ്വർണം നേടി. മൂന്നു ലോകചാമ്പ്യൻഷിപ്പിൽ മത്സരങ്ങളിൽ 100 മീറ്ററിലും 200 മീറ്ററിലും സ്വർണം നേടിയ ബോൾട്ട് ട്രിപ്പിൾ ഡബിളും , 4 - 100 മീറ്റർ റിലേയിലും സ്വർണം നേടി ട്രിപ്പിൾ ട്രിപ്പിൾ എന്ന നേട്ടവും കൈവരിച്ചു. 2009 ലേയും 2013 ലേയും 2015 ലേയും ലോകചാമ്പ്യൻഷിപ്പുകളിലാ യിരുന്നു ഈ നേട്ടങ്ങൾ. ഇത് റിയോയിലൂടെ ഒളിമ്പിക്‌സിലും ആവർത്തിക്കുകയായിരുന്നു ബോൾട്ട്.