ന്യൂയോർക്ക്: യുഎസ് ഓപ്പൺ വനിതാ സിംഗിൾസിൽ നിന്നും നിലവിലെ ചാമ്പ്യനും ലോക മൂന്നാം നമ്പർ താരവുമായ ജപ്പാന്റെ നയോമി ഒസാക്ക പുറത്ത്. മൂന്നാം റൗണ്ടിൽ കനേഡിയൻ താരം ലെയ്‌ല ആനീ ഫെർണാണ്ടസാണ് ഒസാക്കയെ അട്ടിമറിച്ചത്.

 

കനേഡിയൻ താരം 5-7, 7-6, 6-4 എന്ന സ്‌കോറിനാണ് ഒസാക്കയെ പരാജയപ്പെടുത്തിയത്. തോൽവിക്ക് പിന്നാലെ ടെന്നീസിൽനിന്ന് ഒരു ഇടവേളയെടുക്കുകയാണെന്ന് നവോമി ഒസാക്ക പ്രഖ്യാപിച്ചു.

 

ശനിയാഴ്ച യു.എസ് ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ കാനഡയുടെ 18-കാരി ലെയ്ല ഫെർണാണ്ടസിനോട് തോറ്റ് പുറത്തായതിനു പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിലാണ് ഒസാക്ക ഇക്കാര്യം അറിയിച്ചത്.

മാനസികാരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഈ വർഷത്തെ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറിയ ശേഷമുള്ള ഒസാക്കയുടെ ആദ്യ ഗ്രാൻഡ്സ്ലാം ടൂർണമെന്റായിരുന്നു ഇത്.

മാധ്യമപ്രവർത്തകർക്കു മുന്നിൽ താരം പൊട്ടിക്കരഞ്ഞു. ടൂർണമെന്റിൽ നിന്നുള്ള പുറത്താകൽ തന്നെ അസ്വസ്ഥയാക്കുന്നുവെന്നും താരം പറഞ്ഞു.

''എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് മനസിലാകുന്നില്ല. സത്യസന്ധമായി പറയുകയാണ്, എന്റെ അടുത്ത ടെന്നീസ് മത്സരം ഇനി എന്നായിരിക്കുമെന്ന് എനിക്കറിയില്ല. ഞാൻ കുറച്ച് സമയം കളിയിൽ നിന്ന് ഒരു ഇടവേളയെടുക്കുകയാണ്'', ഒസാക്ക വ്യക്തമാക്കി.

 

ഗാർബിൻ മുഗുരുസ, ഏഞ്ചലിക് കെർബർ, സിമോണ ഹാലെപ്, എലിന സ്വിറ്റോലിന തുടങ്ങിയവർ മൂന്നാം റൗണ്ടിൽ ജയം നേടി. അതേസമയം, പുരുഷ വിഭാഗത്തിൽ സ്റ്റെഫാനോസ് സിറ്റ്സിപാസിന് പുറമെ റഷ്യൻ താരം ആന്ദ്രേ റുബ്ലേവും മൂന്നാം പുറത്തായി. അമേരിക്കയുടെ സീഡില്ലാ താരം ഫ്രാൻസസ് തിയോഫെയാണ് അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവിൽ അഞ്ചാം സീഡിനെ അട്ടിമറിച്ചത്. സ്‌കോർ 6-4, 3-6, 6-7, 6-4, 1-6. നേരത്തെ സിറ്റ്സിപാസിനെ സ്പാനിഷ് താരം അൽകറാസ് ഗർഫിയ അട്ടിമറിച്ചിരുന്നു. സ്‌കോർ 6-3 4-6 7-6 0-6 7-6.

മിക്സ്ഡ് ഡബിൾസിൽ സാനിയ മിർസ- രാജീവ് റാം (അമേരിക്ക) സഖ്യവും പുറത്തായി. നേരത്തെ വനിതാ ഡബിൾസിലും സാനിയ ആദ്യ റൗണ്ടിൽ മടങ്ങിയിരുന്നു. ഓസ്ട്രേലിയയുടെ മാക്‌സ് പുർസൽ- യുക്രെയ്നിന്റെ ഡയാന യസ്ട്രംസ്‌ക കൂട്ടുകെട്ടിനോടാണ് സാനിയ- രാജീവ് സഖ്യം പരാജയപ്പെട്ടത്. ആദ്യ സെറ്റ് 6-3ന് ഇന്തോ- അമേരിക്കൻ സഖ്യം നേടിയിരുന്നു. പിന്നാലെ രണ്ടാം സെറ്റ് ഇതേ സ്‌കോറിന് കൈവിട്ടു. പിന്നാലെ സൂപ്പർ ടൈബ്രേക്കിൽ 10-7ന് തോറ്റതോടെ മത്സരം നഷ്ടമായി.

പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ- ഇവാൻ ഡോഡിങ് (ക്രൊയേഷ്യ) സഖ്യം രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ഓസ്‌ട്രേലിയൻ സഖ്യമായ ജെയിംസ് ഡക്ക് വർത്ത്- ജോർദൻ തോംസൺ സഖ്യത്തെയാണ് ബൊപ്പണ്ണയും ഡോഡിംഗും തോൽപ്പിച്ചത്. ആദ്യ സെറ്റ് 6-3 നു നഷ്ടമായ ശേഷം രണ്ടാം സെറ്റ് ബോപ്പണ്ണ സഖ്യം 6-3 നു നേടി മത്സരത്തിൽ തിരിച്ചു വന്നു. മൂന്നാം സെറ്റ് ടൈബ്രേക്കിലൂടെയാണ് ഇന്തോ- ക്രോട്ട് ജോഡി പിടിച്ചെടുത്തത്.