ഓസ്‌ട്രേലിയ: വേഗതയുടെ രാജാവിന് ട്രാക്കിൽ മാത്രമല്ല ഫുട്‌ബോൾ മൈതാനത്തും വിസ്മയം സൃഷ്ടിക്കാൻ സാധിക്കുമെന്നതിന്റെ തെളിവായിരുന്നു ഉസൈൻ ബോൾട്ടിന്റെ ആദ്യ ഫുട്‌ബോൾ മത്സരം. പ്രഫഷണൽ ഫുട്‌ബോളിൽ മിന്നും പ്രകടനം കാഴ്‌ച്ച വെച്ച ബോൾട്ടിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും ചർച്ചയാകുന്നത്. മകാർതുർ സൗത്ത് വെസ്റ്റ് യുണൈറ്റഡിന് എതിരെ നടന്ന എ ലീഗ് സൗഹൃദ മത്സരത്തിലാണ് വേഗത നിറച്ച കാലുകളിൽ നിന്നും ശരവേഗത്തിവുള്ള ഗോളുകൾ എതിരാളിയുടെ വലയിലേക്ക് ബോൾട്ട് അടിച്ചു വിട്ടത്.

ഇതോടെ വേഗതയുടെ രാജാവെന്ന് അറിയപ്പെടുന്ന ജമൈക്കൻ താരം ഉസൈൻ ബോൾട്ടിന് പ്രഫഷണൽ ഫുട്‌ബോളിൽ സ്വപ്‌ന തുല്യമായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയൻ ക്ലബ്ബായ സെൻട്രൽ കോസ്റ്റ് മറീനേഴ്‌സിന്റെ ജഴ്‌സിയിൽ വെള്ളിയാഴ്ച ആദ്യ പ്രഫഷനൽ മത്സരത്തിന് ഇറങ്ങിയ ബോൾട്ട് ഇരട്ട ഗോൾ നേടിയാണ് കാൽപ്പന്ത് കളിയിൽ മിന്നും തുടക്കം കുറിച്ചത്.

മകാർതുർ സൗത്ത് വെസ്റ്റ് യുണൈറ്റഡിന് എതിരെ നടന്ന എ ലീഗ് സൗഹൃദ മത്സരത്തിലാണ് ബോൾട്ടിന്റെ ബൂട്ടിൽ നിന്ന് പറന്ന പന്ത് എതിരാളിയുടെ വല തുളച്ചത്. 57 ാം മിനിറ്റിലായിരുന്നു ബോൾട്ടിന്റെ ആദ്യ ഗോൾ. ബോക്‌സിന്റെ ഭാഗത്തു നിന്ന് കിട്ടിയ പന്തുമായി പ്രതിരോധ നിരയെ കബളിപ്പിച്ച് ഗോൾകീപ്പറെയും തോൽപ്പിച്ച് ബോൾട്ട് തൊടുത്ത പന്ത് മകാർതുറിന്റെ വലയിലേക്ക് പാഞ്ഞുകയറി.

ഒരു പ്രഫഷണൽ ഫുട്‌ബോളറുടെ മുഴുവൻ ചന്തത്തോടെയും ഇടതുകാല് കൊണ്ട് തൊടുത്ത പന്ത് വലയിലേക്ക് തുളഞ്ഞുകയറുകയായിരുന്നു. 68 ാം മിനിറ്റിൽ ബോൾട്ട് വീണ്ടും കരുത്ത് തെളിയിച്ചു. പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത ബോൾട്ട് പന്ത് അനായാസം വലയിലേക്ക് തട്ടിയിട്ടു. ക്ലോസ് റേഞ്ചിൽ നിന്നായിരുന്നു ബോൾട്ടിന്റെ രണ്ടാം ഗോൾ.