തിരുവനന്തപുരം, സെപ്റ്റംബർ 16, 2021: ആഗോള തലത്തിൽ കാർബൺ ന്യൂട്രാലിറ്റിക്കായി പ്രവർത്തിക്കുന്ന കാർബൺ ന്യൂട്രൽ പ്രോട്ടോക്കോൾ പ്രകാരമുള്ള 'കാർബൺ ന്യൂട്രൽ കമ്പനി സർട്ടിഫിക്കേഷൻ' പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി യ്ക്ക് ലഭിച്ചു. ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാനും തങ്ങളുടെ ബിസ്‌നസ് പ്രവർത്തനങ്ങൾ പരിസ്ഥിതിയിൽ ആഘാതം സൃഷ്ടിക്കാതെ ശ്രദ്ധിക്കാനുമുള്ള കമ്പനിയുടെ ദീർഘകാല പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ സർട്ടിഫിക്കേഷൻ.

2002ലാണ് കാർബൺ ന്യൂട്രാലിറ്റി നേടുന്നതിനുള്ള വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളുടെ ആദ്യ പടിയായ കാർബൺ ന്യൂട്രൽ പ്രോട്ടോക്കോളിന് നാച്ചുറൽ ക്യാപിറ്റൽ പാർട്‌ണേഴ്‌സ് എന്ന സംഘടന രൂപം നൽകിയത്. ഇതേത്തുടർന്ന്, വിദഗ്ദ്ധരടങ്ങുന്ന ഉപദേശക സമിതിയുടെ നിർദേശങ്ങൾകൂടി ഉൾപ്പെടുത്തി പ്രോട്ടോക്കോൾ നിരന്തരം പുതുക്കി വരികയാണ്.
ആമസോണിന്റെ നേതൃത്വത്തിലുള്ള കാലാവസ്ഥാ പ്രതിജ്ഞയോട് ചേർന്ന് നിൽക്കുന്നത് ഉൾപ്പെടെ, യുഎസ്‌ടിയുടെ നിലവിലുള്ള പാരിസ്ഥിതിക, സാമൂഹിക, ഭരണപരമായ സംരംഭങ്ങൾ, സി എസ് ആർ പ്രവർത്തനങ്ങൾ എന്നിവയ്ക്കു ലഭിക്കുന്ന ഏറ്റവും പുതിയ അംഗീകാരമാണ് കാർബൺ ന്യൂട്രൽ കമ്പനി സർട്ടിഫിക്കേഷൻ.

വിതരണ ശൃംഖലയിലെ കാര്യക്ഷമത, സുസ്ഥിര ഗതാഗതം, പരിസ്ഥിതി അനുകൂല ഊർജ്ജ ഉപയോഗം തുടങ്ങിയ മേഖലകളിൽ പുതുമ സൃഷ്ടിച്ച് കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനായുള്ള ശാസ്ത്ര-അധിഷ്ഠിത പ്രവർത്തനങ്ങളാണ് യു എസ് ടി സ്വീകരിച്ചു വരുന്നത്.
1999 ലെ തുടക്കകാലം മുതൽക്കു തന്നെ യുഎസ്‌ടി തങ്ങളുടെ കോർപ്പറേറ്റ് സുസ്ഥിരതയിലൂടെയും സാമൂഹിക പ്രതിബദ്ധതയോടെയുള്ള നീക്കങ്ങളിലൂടെയും സാമൂഹിക ഉന്നമനത്തിനായുള്ള പ്രവർത്തങ്ങളിൽ ശ്രദ്ധ നൽകിയിട്ടുണ്ട്. നിലവിലുള്ളതും വരാനിരിക്കുന്നതുമായ ചില സംരംഭങ്ങളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:
• യു എസ് ടി തിരുവനന്തപുരം കാമ്പസിൽ 1.2 മെഗാവാട്ട് ഓൺ-ഗ്രിഡ് സോളാർ പവർ സിസ്റ്റം സ്ഥാപിക്കാനുള്ള പദ്ധതി, കാമ്പസിനുള്ള പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളെ ആശ്രയിക്കേണ്ടതിന്റെ ആവശ്യകത 35 ശതമാനം കുറയ്ക്കും.

174,240 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള, മഴ വെള്ളം ശേഖരിക്കുന്ന ഒരു വലിയ ജലാശയം. കമ്പനിയുടെ ജല ഉപഭോഗത്തിന്റെ 80 ശതമാനം ഈ ജലാശയത്തിൽ നിന്നാണ്. ഇത് നഗര ജലവിതരണ സംവിധാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാൻ കമ്പനിയെ സഹായിച്ചിട്ടുണ്ട്.
കാമ്പസിലുടനീളം സഞ്ചരിക്കുന്നതിനായി ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നു. ഇത് കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സഹായിച്ചു.
എമിഷനുകൾ കുറവുള്ള വാഹനങ്ങൾ കൂടുതൽ വാങ്ങുന്നതിനായി നിർമ്മാതാക്കളോടു സംസാരിച്ചു വരുന്നു.
ഗ്രീൻ ഹൗസ് വാതക ബഹിർഗമനം പതിവായി അളക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു.
2025 ആകുമ്പോഴേക്കും വൈദ്യുതി ആവശ്യങ്ങളുടെ 25%, 2030 ഓടെ 50% എന്നിവയ്ക്കായി പുനരുപയോഗിക്കാവുന്ന ഊർജ്ജത്തിലേക്ക് മാറുന്നു.
ഇടതൂർന്ന വനങ്ങളുടെ മാതൃകയിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് നിരവധി വനവൽക്കരണ പദ്ധതികൾ ഏറ്റെടുക്കുന്നു.

2040 ആകുമ്പോഴേക്കും നെറ്റ്-സീറോ വാർഷിക കാർബൺ എമിഷൻ സാധ്യമാക്കുന്നതിന് ശാശ്വതവും സാമൂഹികവുമായ പ്രയോജനങ്ങൾ ഉണ്ടാക്കുന്ന നടപടികൾ സ്വീകരിക്കുന്നു.
'കാർബൺ ന്യൂട്രൽ കമ്പനിയായി അംഗീകരിക്കപ്പെട്ടതിൽ ഞങ്ങൾ അങ്ങേയറ്റം അഭിമാനിക്കുന്നു. കാർബൺ കാൽപ്പാടുകൾ കുറയ്ക്കാനും കൂടുതൽ കാർബൺ കുറയ്ക്കൽ പദ്ധതികൾ ഏറ്റെടുത്തു നടത്താനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,' യു എസ് ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര പറഞ്ഞു. 'ഒരു നല്ല സ്വാധീനം ചെലുത്താനുള്ള ഞങ്ങളുടെ ടീമിന്റെ തീവ്രമായ പരിശ്രമങ്ങളിൽ ഞാൻ അത്യധികം അഭിമാനിക്കുന്നു. കൂടാതെ, ഈ പ്രവർത്തങ്ങൾക്ക് ആക്കം കൂട്ടുക വഴി മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കാനും ഞങ്ങൾ യത്‌നിക്കും,' അദ്ദേഹം പറഞ്ഞു.

'യു എസ് ടി തങ്ങളുടെ സി എസ് ആർ സംരംഭങ്ങളിലൂടെ ലോകത്തെ ഗുണപരമായി സ്വാധീനിക്കുന്നതിനുള്ള പ്രതിബദ്ധത തുടരുന്നതിനാൽ അവരുമായി പ്രവർത്തിക്കാൻ ഞങ്ങൾക്ക് സന്തോഷമുണ്ട്. കാലാവസ്ഥാ അനുകൂല പ്രവർത്തനങ്ങളുടെ ഈ നിർണായക ദശകത്തിൽ, നമുക്ക് ആവശ്യമായ മാറ്റം സാധ്യമാക്കാൻ ലഭ്യമായ എല്ലാ പരിഹാരങ്ങളും ഉപയോഗിക്കേണ്ടതുണ്ട്. യുഎസ്‌ടിയുടെ കാർബൺ ന്യൂട്രൽ കമ്പനി സർട്ടിഫിക്കേഷനും പാരിസ്ഥിതിക കാര്യനിർവ്വഹണത്തോടുള്ള പ്രതിബദ്ധതയും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ബിസ്‌നസിന് എങ്ങനെ അർത്ഥവത്തായ പ്രവർത്തനം നടത്താൻ കഴിയുമെന്നതിന്റെ ഉദാഹരണമാണ്,' നാച്ചുറൽ ക്യാപിറ്റൽ പാർട്‌ണേഴ്‌സ് ഗ്ലോബൽ ക്ലയന്റ് സൊല്യൂഷൻസ് മാനേജിങ് ഡയറക്ടർ സാസ്‌കിയ ഫീസ്റ്റ് പറഞ്ഞു.

'കാർബൺ ന്യൂട്രൽ സർട്ടിഫിക്കേഷൻ ലഭിച്ചതിലൂടെ ഭൂമിയെ പരിരക്ഷിക്കുന്നതിനും, ഞങ്ങൾ എല്ലാ ദിവസവും സ്വാധീനിക്കുന്ന സമൂഹങ്ങളെ പരിവർത്തനം ചെയ്യുന്നതിനും, കൂടുതൽ പ്രതിജ്ഞാബദ്ധരാകുകയാണ്,' യു എസ് ടി ഓപ്പറേഷൻസ് ജനറൽ മാനേജർ നന്ദഗോപാൽ രാമചന്ദ്രൻ കൂട്ടിച്ചേർത്തു. 'ഒപ്പം, 2040 ഓടെ നെറ്റ് സീറോ ലക്ഷ്യമിട്ട് കൂടുതൽ കാർബൺ ഉദ്വമനം കുറയ്ക്കാൻ ഞങ്ങൾ പരിശ്രമിക്കും. സുസ്ഥിരത എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ഓരോരുത്തരുടേയും പ്രവർത്തനങ്ങൾ ചെറുതാണെങ്കിലും, അവ ഭൂമിയിലെ ജീവിതത്തിന് വലിയ പ്രഭാവം നൽകും,'' അദ്ദേഹം പറഞ്ഞു.