തിരുവനന്തപുരം: ആഗോളതലത്തിൽ പ്രമുഖ കമ്പസേവനങ്ങൾ പ്രദാനം ചെയ്യുന്ന സ്ഥാപനമായ യു എസ് ടി ഗ്ലോബൽ, തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങുമായി ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. യു എസ് ടി ഗ്ലോബലിന്റെ ഇന്നോവേഷൻ സെന്ററായ ഇൻഫിനിറ്റി ലാബ്സും തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് (സി ഇ ടി) വിദ്യാർത്ഥികളും മുൻനിര സേവനങ്ങളായ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ സഹകരിച്ചു പ്രവർത്തിക്കുന്നതിന് ഉതകുന്നതാണ് കരാർ.

പഠനവും വ്യവസായ മേഖലയും ഒന്നിക്കുന്നത് വഴി ഉപഭോക്താക്കളുടെ വാണിജ്യപരമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് യു എസ് ടി ഗ്ലോബൽ പ്രതീക്ഷിക്കുന്നത്. യു എസ് ടി ഗ്ലോബലിന്റെ ഇന്നൊവേഷൻ മേഖലയിൽ പ്രവർത്തിക്കുന്നതിലൂടെ ആധുനിക സാങ്കേതികതകളെക്കുറിച്ച് അറിയുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാനും ലക്ഷ്യമിടുന്നതാണ് ഇത്തരത്തിലൊരു കരാർ. 3 മുതൽ 6 മാസം വരെ ദൈർഘ്യമുള്ള ഈ പരിശീലന കാലഘട്ടത്തിൽ (ഇന്റേൺഷിപ്പ്) വിദ്യാർത്ഥികൾ യു എസ് ടി ഗ്ലോബലിന്റെ തിരുവനന്തപുരം ക്യാമ്പസ്സിലായിരിക്കും പ്രവർത്തിക്കുക.

1939ലാണ് ആദ്യ എഞ്ചിനിയറിങ്ങ് കോളേജ് സ്ഥാപിതമായത്. എഞ്ചിനീയറിങ് വിഭാഗത്തിൽ കേന്ദ്ര മാനവശേഷി വിഭവ മന്ത്രാലയത്തിന്റെ എം എൻ ഐ ആർ എഫ് 2018ൽ എഴുപത്തഞ്ചാം സ്ഥാനം നേടിയ സ്ഥാപനം സി ഇ ടി, എ പി ജെ അബ്ദുൽ കലാം സർവകലാശാലയുടെ കീഴിൽ 8 ബിരുദ പ്രോഗ്രാമുകളും , 27 ബിരുദാനന്തര ബിരുദ ഡോക്ടറൽ പ്രോഗ്രാമുകളും പ്രദാനം ചെയ്യുന്നു. നാലായിരത്തോളം വിദ്യാർത്ഥികളാണ് സ്ഥാപനത്തിലുള്ളത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിങ്, റോബോട്ടിക്‌സ് പ്രോസസ്സ് ഓട്ടോമേഷൻ, യു ഐ / യു എക്‌സ്, സോഷ്യൽ, മൊബൈൽ, ഓഗ്മെന്റഡ് റിയാലിറ്റി, ഇന്റർനെറ്റ് ഓഫ് തിങ്ങ്‌സ്, ബ്ലോക്ക് ചെയിൻ, സൈബർ സുരക്ഷ, ഡിസൈൻ തിങ്കിങ് ആൻഡ് എന്റർപ്രൈസ് കമ്പ്യൂട്ടിങ് എന്നീ മേഖലകളിൽ ഡിജിറ്റൽ ഇന്നൊവേഷൻ മികവുകൾ സൃഷ്ടിക്കുകയാണ് യു എസ് ടി ഗ്ലോബൽ ഇൻഫിനിറ്റി ലാബ്‌സ്. യു എസ് ടി ഗ്ലോബൽ മുന്നോട്ട് വയ്ക്കുന്ന നൂതന സേവനങ്ങളിലെ മുഖ്യ ഘടകമാണ് ഇൻഫിനിറ്റി ലാബ്‌സ്. സാങ്കേതിക സംവിധാനങ്ങൾ, മനുഷ്യ കേന്ദ്രീകൃത മാതൃകകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പങ്കാളികൾ, മുൻനിര ആർ & ഡി സേവനങ്ങൾ എന്നിവയുടെ സംഗമമാണ് ഇതിലൂടെ സാധ്യമാകുന്നത്. യു എസ് ടി ഗ്ലോബൽ ജീവനക്കാർക്ക് മുൻനിര സാങ്കേതിക വിദ്യകൾക്ക് പുറമെ, ലോക നിലവാരമുള്ള ആർ & ഡി സ്ഥാപനങ്ങളിലേക്കും നവയുഗ സ്റ്റാർട്ടപ്പുകളിലേക്കുമുള്ള ലഭ്യതയ്ക്കും ഇൻഫിനിറ്റി ലാബ്‌സ് അവസരമൊരുക്കുന്നു.

'മുൻനിര ഡിജിറ്റൽ സാങ്കേതിക സ്ഥാപനമായ യു എസ് ടി ഗ്ലോബലുമായുള്ള തങ്ങളുടെ സഹകരണം പഠനവും വ്യവസായവും തമ്മിലുള്ള ബന്ധം ദൃഢീകരിക്കുന്നതിന് സഹായകമാകുമെന്ന്,' സി ഇ ടി പ്രിൻസിപ്പൽ ഡോ.ജെ ഡേവിഡ് അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾക്ക് നൂതനമായ ലാബുകളിൽ പ്രവർത്തിക്കുന്നതിന് അവസരം ലഭിക്കുന്നതിന് പുറമെ ആധുനിക സാങ്കേതികതകളെക്കുറിച്ച് അറിയാൻ സാധിക്കുന്നത് തങ്ങളുടെ കരിയർ രൂപപ്പെടുത്തുന്നതിൽ അവർക്ക് സാധ്യകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'വിപണി നേരിടുന്ന പ്രശ്‌നങ്ങൾക്ക് മികച്ച പരിഹാരങ്ങൾ കണ്ടെത്താൻ അവരെ പ്രാപ്തരാക്കുക്കുകയും ചെയ്യും. യു എസ് ടി ഗ്ലോബലിന്റെ ഇൻഫിനിറ്റി ലാബ്സുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ വിദ്യാർത്ഥികൾ താത്പര്യം പ്രകടിപ്പിക്കുന്നതിലും ഡാറ്റ അനലിറ്റിക്‌സ്, ബ്ലോക്ക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്,ഐ ഒ ടി, ഫിനാൻഷ്യൽ എഞ്ചിനീയറിങ് എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രൊജെക്ടുകൾ തിരഞ്ഞെടുത്തതിലും തങ്ങൾ സന്തുഷ്ടരാണെന്നും,' അദ്ദേഹം വ്യക്തമാക്കി.

ആദ്യ പടിയായി ഇൻഫിനിറ്റി ലാബ്‌സ്, യു എസ് ടി, സി ഇ ടി- സെന്റർ ഫോർ ഇന്റർഡിസിപ്ലിനറി റിസർച്ച് എന്നിവർ ചേർന്ന യു എസ് ടി ക്കു വേണ്ടി നോവൽ സോഷ്യൽ റോബോട്ട് വികസിപ്പിക്കുവാനൊരുങ്ങുന്നു. എന്നാൽ ഈ സഹകരണ പദ്ധതിക്ക് നൂതന സാങ്കേതികതകളായ റോബോട്ടിക് ഓട്ടോമേഷൻ, ഐ ഒ ടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലെ മികവുറ്റവരുടെ സഹായം അനിവാര്യമാണെന്നും ഭാവിയിലെ മുൻനിര സാങ്കേതികതകളെക്കുറിച്ച് വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും കൃത്യമായ വിവരങ്ങൾ നൽകാൻ ഇതിനാൽ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

പുത്തൻ സാങ്കേതിക സംവിധാനങ്ങളിൽ പ്രവർത്തിക്കുവാൻ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനായി തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങുമായി സഹകരിക്കുന്നതിൽ തങ്ങൾ അത്യധികം ആഹ്‌ളാദിക്കുന്നുവെന്ന്, യു എസ് ടി ഗ്ലോബൽ ഇൻഫിനിറ്റി ലാബ്‌സ് മേധാവിയും ഡിജിറ്റൽ ഇന്നൊവേഷൻസ് സീനിയർ ഡയറക്ടറുമായ സജിത്ത് സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു. ആഗോള തലത്തിൽ തങ്ങളുടെ ഫോർച്യൂൺ 500 / ഗ്ലോബൽ 1000 ഉപഭോക്താക്കളുടെ വാണിജ്യപരമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നൂതന ആശയങ്ങളും നിർദേശങ്ങളുമായി തങ്ങളെ സഹായിക്കുവാൻ ഇവർക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും, അവരുടെ കരിയർ പണിതുയർത്തുന്നതിനു കൃത്യമായ അടിത്തറ പാകുവാൻ ഇതോടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.