തിരുവനന്തപുരം: ഇന്ത്യ, മലേഷ്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഏഷ്യ പസഫിക് (അപക്) മേഖലയിലെ ഏറ്റവും മികച്ച തൊഴിൽ ദാതാവിനുള്ള പുരസ്‌കാരം യു എസ് ടി ഗ്ലോബലിന്. വ്യവസായ ലോകത്ത് വലിയ തോതിൽ വിലമതിക്കപ്പെടുന്ന വിഖ്യാതമായ ഈ പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത് ടോപ് എംപ്ലോയേർസ് ഇൻസ്റ്റിറ്റ്യൂട്ട് ആണ്.

ജീവനക്കാർക്ക് മികച്ച തൊഴിൽ അന്തരീക്ഷം ഒരുക്കുക, അവരുടെ വളർച്ചയ്ക്കും വികാസത്തിനും തുടർച്ചയായി അവസരങ്ങൾ സൃഷ്ടിക്കുക, അവരിൽ നേതൃഗുണങ്ങൾ വികസിപ്പിക്കുക തുടങ്ങി ഒട്ടേറെ വ്യാവസായിക മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാ യിരുന്നു അവാർഡ് നിർണയം. ഇന്ത്യ, മലേഷ്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന അപക് മേഖലയിലെ മുൻനിര കമ്പനികളിൽ നിന്നാണ് യു എസ് ടി ഗ്ലോബൽ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ലോകത്തെ മുൻനിര ഓഡിറ്റിങ്, ടാക്‌സ്, അഡൈ്വസറി കമ്പനിയായ ഗ്രാൻഡ് തോൺടൺ അംഗീകൃത പുരസ്‌കാരമാണ് ഇതെന്നുള്ളതാണ് അവാർഡിന്റെ മറ്റൊരു പ്രത്യേകത. ജീവനക്കാരാണ് തങ്ങളുടെ ബ്രാൻഡ് അംബാസഡർമാരെന്നും അവരുടെ ഉന്നമനം ലക്ഷ്യമിട്ട് കമ്പനി നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് കമ്പനിയെ തേടിവന്നിരിക്കുന്നതെന്നും യു എസ് ടി ഗ്ലോബൽ ചീഫ് പീപ്പിൾ ഓഫീസർ മനു ഗോപിനാഥ് അഭിപ്രായപ്പെട്ടു.

കൂടുതൽ മെച്ചപ്പെട്ട തൊഴിൽദാതാവായി മാറാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. യു എസിലെ മികച്ച തൊഴിൽ ദാതാവിനുള്ള 2018 ലെ പുരസ്‌കാരം നേടിയതിനു തൊട്ടു പിറകെയാണ് ഏഷ്യ പസഫിക് മേഖലാ അംഗീകാരം കൂടി കമ്പനിയെ തേടി വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.