തിരുവനന്തപുരം: ആഗോളതലത്തിൽ പ്രമുഖ കമ്പനികൾക്ക് മുൻനിര സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന യു എസ് ടി ഗ്ലോബലിന് ടോപ് എംപ്ലോയേഴ്‌സ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക 2018 അംഗീകാരം. ടോപ് എംപ്ലോയേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് 2017 ഫെബ്രുവരി 8നാണ് തങ്ങളുടെ ഗവേഷണ ഫലം ഒരു വലിയ വിഭാഗം തൊഴിൽ ദാതാക്കളോടും ജീവനക്കാരോടും വെളിപ്പെടുത്തിയത്.

ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട 51 സ്ഥാപനങ്ങളിൽ നിന്നുമാണ് യു എസ് ടി ഗ്ലോബലിനെ 2018ലെ ടോപ് എംപ്ലോയർ സർട്ടിഫിക്കേഷനായി തിരഞ്ഞെടുത്തത്. നൈപുണ്യ വികസന നയം, നേതൃത്വ വികസനം, തൊഴിൽ ശക്തി ആസൂത്രണം, നഷ്ടപരിഹാരവും ആനുകൂല്യങ്ങളും, സാംസ്‌കാരിക പ്രകടന വികസനം എന്നീ മേഖലകളിൽ ജീവനക്കാർക്ക് നൽകുന്ന സേവനങ്ങളുടെ അടിസ്ഥാനത്തിലാണ് ടോപ് എംപ്ലോയേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് യു എസ് ടി ഗ്ലോബലിന് ഈ അംഗീകാരം നൽകിയത്.

ജീവനക്കാർക്ക് മികച്ച സൗകര്യങ്ങൾ നൽകിവരുന്ന ആഗോള തലത്തിലെ അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന തൊഴിൽ ദാതാക്കളെ കണ്ടെത്തുന്ന സ്വതന്ത്ര സംഘടനയാണ് ടോപ് എംപ്ലോയേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട്. 1991 മുതൽ 114 രാജ്യങ്ങളിലായി 1386 സ്ഥാപനങ്ങളെൾക്കാണ് ഇതിനോടകം ഇവർ അംഗീകാരം നൽകിയിട്ടുള്ളത്. 5.3 ദശലക്ഷം ജീവനക്കാരിലാണ് ഇത് സ്വാധീനം ചെലുത്തിയത്.

യു എസ് ടി ഗ്ലോബൽ യു എസ് എ എല്ലാ തലത്തിലും ജീവനക്കാർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുക്കുകയും എല്ലാ തലങ്ങളിലും അവരുടെ മികവ് പരിപോഷിപ്പിക്കുകയും, അതുവഴി മാനവശേഷി വിഭാഗത്തിൽ തങ്ങളുടെ നേതൃപദവി പ്രകടമാക്കുന്നുവെന്നും ടോപ് എംപ്ലോയേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് സി ഇ ഒ ഡേവിഡ് പ്ലിങ്ക് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ കുറെ വർഷങ്ങളിലുടനീളം തങ്ങൾ നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് ഈ അംഗീകാരമെന്ന് മനു ഗോപിനാഥ്, ചീഫ് പീപ്പിൾ ഓഫീസർ, യു എസ് ടി ഗ്ലോബൽ, അഭിപ്രായപ്പെട്ടു. ജീവനക്കാരോടൊപ്പം ചേർന്ന് ശുഭ പ്രതീക്ഷയോടെ വികസനത്തിനായി പ്രവർത്തിക്കുന്നതിന് തങ്ങളെ പ്രതിജ്ഞാബദ്ധരാക്കുന്നതാണ് ഈ അംഗീകാരമെന്ന്, പറഞ്ഞ അദ്ദേഹം, യു എസ് മേഖലയിലെ നാല് ഐ ടി വ്യവസായ സ്ഥാപനങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടതിലും അംഗീകരിക്കപ്പെട്ടതിലും തങ്ങൾ സന്തുഷ്ടരാണെന്നും വ്യക്തമാക്കി.