തിരുവനന്തപുരം: സമൂഹത്തിലെ വനിതകളുടെ സംഭാവനകളെ അംഗീകരിക്കുന്നതിനായി ഇൻഫർമേഷൻ ടെക്‌നളജി ആൻഡ് സർവ്വീസ്സ് കമ്പനിയായ യു.എസ്.ടി ഗ്ലോബൽ അന്താരാഷ്ട്ര വനിതാ ദിനം തിരുവനന്തപുരത്ത് ആചരിച്ചു. 'എംപവറിങ് വിമൺ-എംപവറിങ് ഹ്യുമാനിറ്റി: പിക്ചർ ഇറ്റ്' എന്ന ആശയവുമായാണ് ഇത്തവണത്തെ വനിതാ ദിനം യു.എസ്.ടി ഗ്ലോബൽ ആഘോഷിച്ചത്. 

നഗരത്തിലെ സ്ത്രീകളുടെ സുരക്ഷയും ആരോഗ്യവും എന്നതിനായിരുന്നു പരിപാടിയിൽ ഊന്നൽ നൽകിയിരുന്നത്. യു.എസ്.ടി ഗ്ലോബലിലെ നൗയു (നെറ്റ് വർക്ക് ഓഫ് വിമൺ അസോസിയേറ്റ്‌സ്) ആണ് പരിപാടി സംഘടിപ്പിച്ചത്. യു.എസ്.ടി ഗ്ലോബലിലെ നൗയു ടീം സംഘടിപ്പിച്ച ടാലന്റ് ആൻഡ് ആർട്ട് എക്‌സിബിഷനോടു കൂടിയാണ ടെക്‌നോപാർക്കിൽ വനിതാ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. പ്രൊഫഷണൽ ആർട്ടിസ്റ്റും മ്യൂറൽ പെയിന്റിങ് വിദഗ്ദ്ധനുമായ ഗോപകുമാറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർക്കായി തയ്യാറാക്കിയിരുന്ന 28 സ്റ്റാളുകളാണ് എക്‌സിബിഷനിൽ ഉണ്ടായിരുന്നത്.

ആഘോഷ പരിപാടികളുടെ ഭാഗമായി ഐ.എം.എ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ)യുമായി ചേർന്ന് ടെക്‌നോപാർക്കിൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. കൂടാതെ യു.എസ്.ടി ഗ്ലോബലിന്റെ വെൽ വിമൺ ക്ലിനിക് പ്രോഗ്രാമിന്റെ നേതൃത്വത്തിൽ ഗൈനക്കോളജിസ്റ്റ്, കോസ്മിറ്റോളജിസ്റ്റ്, ജനറൽ മെഡിസിൻ വിഭാഗങ്ങളിലെ ഡോക്ടർമാരുമായി സൗജന്യമായി ആശയ വിനിമയം നടത്തുവാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

'ഓരോ വർഷവും സ്ത്രീകളുടെ സംഭാവനകളെ അംഗീകരിക്കുന്നതിന് പ്രാമുഖ്യം നൽകി വളരെ ആവേശകരമായ രീതിയിലാണ് യു.എസ്.ടി ഗ്ലോബൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്. സ്ത്രീ സുരക്ഷയ്ക്കായി തിരുവനന്തപുരം സിറ്റി പൊലീസുമായി ചേർന്ന്  തയ്യാറാക്കിയ ഐ-സെയ്ഫ് എന്ന മൊബൈൽ ആപ് അവതരിപ്പിച്ചത് വഴി ഇത്തവണ വളരെ വ്യത്യസ്തമാർന്ന ഒരു വനിതാ ദിനമാണ് ആഘോഷിച്ചതെന്ന് സംഘാടകർ വെളിപ്പെടുത്തി. ഈ ആപ് സിറ്റി പൊലീസിന്റെ വെബ്‌സൈറ്റിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമാണ്. ഇത്തരമൊരു നവീനമായ മൊബൈൽ ആപ് പുറത്തിറക്കാൻ കഴിഞ്ഞതിൽ വളരെ അഭിമാനമുണ്ടെന്ന്,' യു.എസ്.ടി ഗ്ലോബൽ ഇന്ത്യ ഹെഡ് അലക്‌സാണ്ടർ വർഗ്ഗീസ് അഭിപ്രായപ്പെട്ടു.

നമ്മുടെ സമൂഹത്തിലെ സ്ത്രീകളെ യു.എസ്.ടി ഗ്ലോബൽ എല്ലാക്കാലത്തും ആദരിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷയ്ക്കായി തിരുവനന്തപുരം സിറ്റി പൊലീസുമായി ചേർന്ന് തയ്യാറാക്കി അവതരിപ്പിച്ച ഐ-സെയ്ഫ് മൊബൈൽ ആപ് ആഘോഷങ്ങളുടെ മാറ്റ് കൂട്ടിയിരിക്കുകയാണ്. സമൂഹത്തിൽ തങ്ങളുടേതായ സംഭാവനകൾ നൽകിക്കൊണ്ട്  ജീവിതം പരിഷ്‌കരിക്കുന്നതിന് പ്രയത്‌നിക്കുന്ന യു.എസ്.ടി ഗ്ലോബലിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്, യു.എസ്.ടി ഗ്ലോബൽ തിരുവനന്തപുരം സെന്റർ ഹെഡ് ഹേമാ മേനോൻ അഭിപ്രായപ്പെട്ടു. പരിപാടിയിൽ പങ്കെടുത്തവരിൽ നിന്ന് മികച്ച പ്രതികരണമാണ് യു.എസ്.ടി ഗ്ലോബലിന് ലഭിച്ചത്.