തിരുവനന്തപുരം: ആഗോളതലത്തിൽ വിവിധ കമ്പനികൾക്ക് ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന പ്രമുഖ കമ്പനിയായ യു.എസ്.ടി ഗ്ലോബൽ തങ്ങളുടെ ബാംഗ്ലൂർ കേന്ദ്രത്തിലെ ജീവനക്കാരുടെ എണ്ണം 3000 ത്തിലധികമായി വർധിപ്പിച്ചു. കമ്പനിയുടെ ഏറ്റവും വലിയ രണ്ടാമത്തെ പ്രവർത്തന കേന്ദ്രമാണ് ബാംഗ്ലൂരിലേത്. ആഗോളതലത്തിൽ കമ്പനിയിൽ പ്രവർത്തിക്കുന്ന 17000 ത്തോളം ജീവനക്കാരിൽ , 10,000 പേർ ജോലി ചെയ്യുന്നത് ഇന്ത്യയിലാണ്.
'ഡിജിറ്റൽ സാങ്കേതിക സേവന മേഖലയിൽ അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന കമ്പനികളിൽ ഒന്നാണ് ഞങ്ങളുടേത്. യു എസ് ടി ഗ്ലോബലിന്റെ വളർച്ചയിൽ ബാംഗ്‌ളൂർ കേന്ദ്രം സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്,' എന്ന് യു.എസ് .ടി ഗ്ലോബലിന്റെ ചീഫ് പീപ്പിൾ ഓഫീസറായ മനു ഗോപിനാഥ് അഭിപ്രായപ്പെട്ടു.

'സെമികണ്ടക്ടർ, വി.എൽ.എസ്.ഐ, ക്ളൗഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മൊബിലിറ്റി, ഇന്റർനെറ്റ് ഓഫ് തിങ്ങ്‌സ് തുടങ്ങിയ മേഖലകളിൽ യു എസ് ടി ഗ്ലോബൽ വമ്പൻ വളർച്ചയാണ് നേടിയിട്ടുള്ളത്. ഉപഭോക്താക്കളുടെ ആവശ്യാനുസരണമുള്ള സേവനങ്ങൾ ഉറപ്പു വരുത്താനായി ഞങ്ങൾ നിരന്തരം പുതിയ പ്രതിഭകളെ നിയമിക്കുന്നത് തുടരുകയാണ്. കമ്പനിയുടെ പ്രധാന ശ്രദ്ധാ കേന്ദ്രങ്ങളിൽ ഒന്നാണ് ബാംഗ്ലൂർ. 2017 അവസാനത്തോടെ ബാംഗ്‌ളൂർ കേന്ദ്രത്തിൽ 500 ജീവനക്കാരെ പുതുതായി നിയമിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്,' എന്ന് യു.എസ് .ടി ഗ്ലോബൽ, ജനറൽ മാനേജറും, ബാംഗ്ലൂർ കേന്ദ്രം മേധാവിയുമായ സുധാൻഷു പാണിഗ്രാഹി കൂട്ടിച്ചേർത്തു.