കൊച്ചി: ഇൻഫർമേഷൻ ടെക്നോളജി സൊല്യൂഷൻസ് ആൻഡ് സർവ്വീസസ് കമ്പനിയായ യു.എസ്.ടി ഗ്ലോബലിന്റെ കൊച്ചി ഇൻഫോപാർക്ക് സെന്റർ ഓരോ വർഷവും നടത്തി വരുന്ന ഇന്റർ-കോർപറേറ്റ് ഫുട്ബോൾ ടൂർണമെന്റായ ഗോളിന് ഞായാറാഴ്‌ച്ച, തുടക്കമാകും.

ഗോൾ അഞ്ചാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം എട്ടിന് കാക്കനാട് മുനിസിപ്പൽ ഗ്രൗണ്ടിൽ എറണാകുളം ജില്ലാ കളക്ടർ കെ. മുഹമ്മദ്. വൈ. സഫിറുള്ള നിർവ്വഹിക്കും. വനിതാവിഭാഗം ഷൂട്ടൗട്ട് മത്സരങ്ങളുടെ ഉദ്ഘാടനം തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ നീനു കെ.കെ നിർവ്വഹിക്കും. ഉദ്ഘാടനത്തലേന്ന് പ്രിലിംസ് മത്സരങ്ങൾ നടക്കും.

ഇൻഫോപാർക്കിലെ കമ്പനികളെ പങ്കെടുപ്പിച്ചു കൊണ്ട് യു.എസ്.ടി ഗ്ലോബൽ നടത്തി വരുന്ന ഇന്റർകമ്പനി സെവൻസ് ഫുട്ബോൾ ടൂർണമെന്റാണ് ഗോൾ. ഇതിനോടകം ഇൻഫോപാർക്കിലെ വിവിധ കമ്പനികളിൽ നിന്ന് മത്സരത്തിനായി 40-ലധികം രജിസ്‌ട്രേഷനുകൾ ലഭിച്ചു കഴിഞ്ഞു. അന്തിമഘട്ടത്തിൽ നാല് ടീമുകൾ വിതമുള്ള എട്ട് ഗ്രൂപ്പുകളാകും മത്സരിക്കുക.

രജിസ്റ്റർ ചെയ്ത 40 ടീമുകളിൽ നിന്നും അന്തിമ വിജയിയാകാൻ വേണ്ടി ഓരോ ഗ്രൂപ്പിൽ നിന്നും രണ്ടു ടീമുകൾ വീതം നോക്ക് ഔട്ട് സ്റ്റേജിൽ മത്സരിക്കും. മത്സരത്തിന്റെ ഫൈനൽ ഫെബ്രുവരി 19-ന് നടക്കും .